സർഫാസി ആക്ട്: അഡ്‌ഹോക് കമ്മിറ്റി നിയമസഭയിൽ റിപ്പോർട്ട് സമർപ്പിച്ചു

സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും സഹകരണബാങ്കുകളെ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തു.

0

തിരുവനതപുരം :സർഫാസി ആക്ട് പ്രകാരമുള്ള നടപടികൾ മൂലം സംസ്ഥാനത്തുളവായ അവസ്ഥാവിശേഷത്തെക്കുറിച്ച് അഡ്‌ഹോക് കമ്മിറ്റി പഠിച്ച് നിർദേശങ്ങൾ നിയമസഭയിൽ സമർപ്പിച്ചു.സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും സഹകരണബാങ്കുകളെ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് കമ്മിറ്റി ശിപാർശ ചെയ്തു.
ഒരു വർഷത്തെ കാലയളവിനു ശേഷവും തിരിച്ചടവ് നടത്താതെ കുടിശ്ശിക വരുത്തുന്ന വായ്പക്കാർക്ക് എതിരെ മാത്രമേ സർഫാസി നിയമപ്രകാരമുളള നടപടി ആരംഭിക്കാവൂ എന്ന രീതിയിൽ നിയമഭേദഗതി വരുത്താനും ഒരുലക്ഷം രൂപയ്ക്ക് മുകളിലുളള എന്നതുമാറ്റി പത്തുലക്ഷം രൂപയ്ക്കുമുകളിലുളള വായ്പയ്ക്ക് മാത്രമേ നിയമം ബാധകമാവുകയുളളൂ എന്ന് നിയമത്തിൽ ഭേദഗതി വരുത്തുന്നതിന് കേന്ദ്ര സർക്കാരിനോട് സംസ്ഥാന സർക്കാർ ആവശ്യപ്പെടണം.
കർഷകർ എടുക്കുന്ന എല്ലാത്തരം കടങ്ങളും കാർഷിക കടമായി കണ്ട് സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണം. വിദ്യാഭ്യാസ വായ്പയെടുത്ത ശേഷം നിശ്ചിത കാലയളവിനുള്ളിൽ ജോലി ലഭിക്കാത്തതിനാൽ തിരിച്ചടവ് മുടങ്ങിയവരെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാനോ തിരിച്ചടവിനു കാലാവധി നീട്ടി നൽകാനോ ഉതകുന്ന നിയമഭേദഗതി കൊണ്ടുവരണമെന്നും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണമെന്ന് ശിപാർശ ചെയ്തു.
കേരളത്തിന്റെ പ്രത്യേക സാഹചര്യത്തിൽ തോട്ടവിളകൾ ഉൾപ്പെടെയുളള എല്ലാത്തരം കൃഷിയും ചെയ്യുന്ന ഭൂമി കൃഷിഭൂമിയായിത്തന്നെ കണക്കാക്കി വായ്പ നൽകാൻ ബാങ്കുകൾക്ക് നിർദേശം നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം.
ധനകാര്യസ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുത്തവർ തിരിച്ചടവിൽ മൂന്നിൽ രണ്ട് ഗഡുക്കൾ അടച്ചിട്ടുണ്ടെങ്കിൽ ബാക്കി തുകയെ സർഫാസി നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കുന്നതിനും ഇതുമായി ബന്ധപ്പെട്ടുവരുന്ന പരാതികളിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാൻ പ്രത്യേകമായ പരിഗണന നൽകുന്നതിനും ഉതകുന്ന തരത്തിൽ നടപടികൾ സ്വീകരിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം.
ബാങ്കുകൾ/ ധനകാര്യസ്ഥാപനങ്ങൾ വായ്പ നൽകുമ്പോൾ വായ്പയെടുക്കുന്നതിനുളള അപേക്ഷാഫോറത്തിൽ മലയാളം ഉൾപ്പെടെയുളള തദ്ദേശീയ ഭാഷകൾ കൂടി ഉൾപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കണം.
മുഴുവൻ കടക്കാരുടെയും വായ്പാ കുടിശ്ശിക സംബന്ധിച്ച് പത്രപ്പരസ്യം നൽകുന്നതിന് ഓരോ വായ്പാക്കാരിൽ നിന്നും ഭീമമായ തുക ഈടാക്കുന്ന പ്രവണത ഇല്ലാതാക്കണം. അപ്രകാരമുളള പരസ്യങ്ങൾക്ക് ബാങ്കുകൾ മിതമായ നിരക്ക് മാത്രമേ ഈടാക്കാവൂ എന്ന് നിർദ്ദേശം നൽകാൻ നടപടി സ്വീകരിക്കണമെന്നും ശിപാർശ ചെയ്തു.
വായ്പയെടുത്ത് തിരിച്ചടവിൽ വീഴ്ച വരുത്തിയവരെ സർഫാസി നിയമത്തിന്റെ മറവിൽ മാനസികമായും ശാരീരികമായും ഉപദ്രവിക്കാൻ ഗുണ്ടാസംഘങ്ങളെ നിയോഗിക്കുന്നതുൾപ്പെടെ സർഫാസി ആക്ടിൽ പ്രതിപാദിച്ചിട്ടില്ലാത്ത നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ബാങ്കിംഗ് മേഖലയ്ക്ക് മാത്രമല്ല, പണമിടപാട് നടത്തുന്നവർക്കെല്ലാം ബാധകമാക്കുന്ന വിധത്തിൽ സമഗ്ര നിയമനിർമ്മാണത്തിന് അടിയന്തര നടപടി സ്വീകരിക്കണം.
സർഫാസി കടക്കെണിയിൽപ്പെട്ടവർക്ക് സൗജന്യമായി നിയമസഹായം നൽകുന്നതിന് കഴിവും താൽപര്യവും ഉളള സീനിയർ അഭിഭാഷകർ ഉൾപ്പെടെയുളളവരുടെ പ്രത്യേക പാനൽ തയ്യാറാക്കി തുടർനടപടി കൈക്കൊള്ളണം. ലീഗൽ സർവീസസ് അതോറിറ്റിയോട് ആവശ്യപ്പെട്ട് ഇക്കാര്യത്തിൽ സത്വര നടപടി കൈക്കൊള്ളണം.
ചെറിയ തുക വായ്പയെടുത്ത പട്ടികവിഭാഗങ്ങളിലുളള പലരും ഇടനിലക്കാരുടെ ഇടപെടലുകൾ മൂലം വായ്പയെക്കുറിച്ചും തിരിച്ചടവിനെക്കുറിച്ചും കൃത്യമായ അറിയിപ്പുകൾ ശ്രദ്ധയിൽപ്പെടാതെ ചതിക്കുഴിയിൽപ്പെടാതിരിക്കാൻ വായ്പയെടുക്കുന്നതിന് മുമ്പ് അവർക്ക് ഉപദേശം നൽകാൻ സംസ്ഥാന സർക്കാർ ക്രെഡിറ്റ് കൗൺസിലിംഗ് സെന്ററുകൾ ആരംഭിക്കണം.
ഒരു നിശ്ചിത തുക വായ്പയെടുത്തതും സർഫാസി നിയമത്തിന്റെ വ്യവസ്ഥപ്രകാരം ഭൂമി നഷ്ടപ്പെടുമെന്ന ഭീഷണിയിലായതുമായ അർഹരായ പാവപ്പെട്ട പട്ടികവിഭാഗങ്ങളിലുളളവരുടെ കടം സർക്കാർ തന്നെ തിരിച്ചടച്ച് ജപ്തി നടപടികൾ ഒഴിവാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനും ക്രമവിരുദ്ധ പ്രവർത്തനങ്ങളിലുടെ തട്ടിയെടുത്ത ആധാരങ്ങൾ അവർക്ക് തിരികെ ലഭിക്കാനുമുളള ബൃഹദ്പദ്ധതി സംസ്ഥാന സർക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി തയ്യാറാക്കി നടപ്പാക്കണം.
വായ്പാ കുടിശ്ശിക വരുത്തുന്നവർക്കെതിരെയുളള നടപടിയുടെ ഭാഗമായി ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും വായ്പക്കാരുടേയും അവരുടെ കുടുംബാംഗങ്ങളുടെയും ഫോട്ടോ/ മേൽവിലാസം സഹിതം പരസ്യങ്ങൾ നൽകുന്നതും ബോർഡുകൾ വയ്ക്കുന്നതും വ്യക്തിയുടെ സ്വകാര്യതയുടെ ലംഘനമായി കണ്ട് അപ്രകാരം ചെയ്യുന്ന ബാങ്കുകൾ/ ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ നിയമ വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കണം.
ഈ ശിപാർശകളിൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനുളളത് അടിയന്തര പ്രാധാന്യത്തോടെ സംസ്ഥാന സർക്കാർ ചെയ്യുമെന്നും സർഫാസി നിയമത്തിന്റെ മറവിൽ നടക്കുന്ന ജനദ്രോഹനടപടികൾക്കെതിരെ ശക്തവും സമഗ്രവുമായ നിയമനിർമ്മാണം നടത്തുന്നതിന് സർക്കാർ മുൻകൈയെടുക്കുമെന്നും കമ്മിറ്റി പ്രത്യാശിക്കുന്നതായി ചെയർമാൻ എസ്.ശർമ എം.എൽ.എ പറഞ്ഞു.

You might also like

-