ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ ബലവാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസ്സെടുത്തു

ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി,വിദ്യാഭ്യാസ ഉപ ഡയറക്ടർ എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു

0

തിരുവനന്തപുരം :വയനാട് പുത്തൻകുന്ന് സർവജന സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനി ഷെഹല ഷെറിന്‍ (10) ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കലക്ടർ, ജില്ലാ പൊലീസ് മേധാവി,വിദ്യാഭ്യാസ ഉപ ഡയറക്ടർ എന്നിവർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

ലോക് താന്ത്രിക് യുവ ജനതാദൾ വയനാട് ജില്ലാ പ്രസിഡന്റ് യു.എ അജ്മൽ സാജിദ്, മനുഷ്യാവകാശ പ്രവർത്തകനായ വീരേന്ദ്രകുമാർ എന്നിവർ സമർപ്പിച്ച പരാതികളിലാണ് മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നടപടി എടുത്തത്. കുട്ടിയുടെ മരണത്തിന് ഉത്തരവാദി സ്കൂൾ അധികൃതരാണെന്ന് പരാതിക്കാർ ആരോപിച്ചു. സ്കൂൾ ഇഴ ജന്തുക്കളുടെ സുരക്ഷിത താവളമാണ്. ഇതിനെതിരെ കുട്ടികൾ പരാതിപ്പെട്ടിട്ടും അധ്യാപകർ നടപടിയെടുത്തില്ലെന്ന് പരാതിക്കാർ ആരോപിച്ചു
ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയര്‍പേഴ്സണ്‍ പി. സുരേഷ് സ്വമേധയായാണ് കേസെടുത്തത്. സംസ്ഥാന പൊലീസ് മേധാവി, ജില്ല കലക്ടര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍, ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നിവരോട് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.കുട്ടികളുടെ സുരക്ഷ പരിഗണിച്ച് അദ്ധ്യയന വര്‍ഷാരംഭത്തിന് മുമ്പ് സ്കൂള്‍ പരിസരത്തുള്ള അപകടകരമായ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് കമ്മീഷന്‍ നിഷ്കര്‍ഷിച്ചതാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന സ്കൂള്‍ പരിസരം സുരക്ഷിതമാക്കുന്നതിലും അപകടമുണ്ടായപ്പോള്‍ യഥാസമയം കുട്ടിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിലും സ്കൂള്‍ അധികൃതര്‍ വീഴ്ച്ച വരുത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് പി. സുരേഷ് വ്യക്തമാക്കി.

You might also like

-