ഇടുക്കിയിലെ കൈയ്യേറ്റങ്ങളുടെ കണക്കെടുക്കും; പ്രത്യേക ഭൂനയത്തിന് മന്ത്രിസഭയുടെ അംഗീകാരം

ഇടുക്കിയിലെ മൊത്തം ജനങ്ങളെയും കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അവരെ അരക്ഷിതാവസ്ഥയിലായി

0

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ ഭൂമി പ്രശ്‌നം പരിഹരിക്കാന്‍ പ്രത്യേക പദ്ധതിക്ക് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഇടുക്കിയിലെ ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രിസഭാ യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടുക്കിയിലെ മൊത്തം ജനങ്ങളെയും കൈയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ അവരെ അരക്ഷിതാവസ്ഥയിലായി. നിയമവിരുദ്ധമെന്ന് ആരോപിക്കുന്ന കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തുന്ന സമീപനം ചില സര്‍ക്കാരുകള്‍ക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാകണം നാം സ്വീകരിക്കേണ്ടതെന്ന പാഠമാണ് പ്രളയം നല്‍കിയിത്. ഇടുക്കിയുടെ വികസനത്തിന് സാധ്യമാകുന്ന ചട്ടക്കൂട് ഉണ്ടാക്കിയെടുക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോടതിയില്‍ വന്ന ഒരു കേസിന്റെ അടിസ്ഥാനത്തില്‍ ഇടുക്കിയിലെ കൈയേറ്റങ്ങള്‍ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കേണ്ട സാഹചര്യമുണ്ടായിരുന്നു. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഇടുക്കിയില്‍ പുതിയൊരു ഭൂനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഇവയാണ്

1 സര്‍ക്കാര്‍ എത്രത്തോളം ഭൂമി കൈയേറിയിട്ടുണ്ട് എന്ന് കണ്ടെത്തുക
2 വീടിനും കൃഷിക്കുമായി അനുവദിച്ചതും 12 വര്‍ഷത്തേക്കുമായി കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമായ തുണ്ടു ഭൂമികള്‍ ഒരുമിച്ച് വാങ്ങി ഒന്നാക്കിയത് കണ്ടെത്തുക.
3. പതിച്ചു നല്‍കിയ ആവശ്യത്തിന് അല്ലാതെ ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക
4. ഭൂവിനിയോഗ ബില്ലിന് വിരുദ്ധമായി ഉപയോഗിക്കുന്ന ഭൂമി കണ്ടെത്തുക
5. പട്ടയത്തിന്റെ നിബന്ധകള്‍ ലംഘിക്കപ്പെടുകയോ 21-1-2010 ലെ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് നിര്‍മാണ അനുമതി ഇല്ലാത്ത ഭൂമിയും കെട്ടിട്ടങ്ങളും തരംതിരിക്കുക.

മേല്‍പ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തില്‍ വരുന്നതെല്ലാം കൈയേറ്റ ഭൂമിയായി കണക്കാക്കി സര്‍ക്കാര്‍ അവ തിരിച്ചു പിടിക്കാനുള്ള തുടര്‍നടപടി സ്വീകരിക്കും. വാഗമണ്‍ ഉള്‍പ്പെടെ ഇടുക്കി ജില്ലയിലെ മൊത്തം കൈയേറ്റങ്ങള്‍ മേല്‍പ്പറഞ്ഞ നയങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തി വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

1964-ലെ ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം പതിച്ചു നല്‍കിയ 15 സെന്റിന് താഴെയുള്ള പട്ടയഭൂമികളില്‍ ഉടമയുടെ ഉപജീവനത്തിന് വേണ്ടി മാത്രം ഉപയോഗിക്കുന്ന തരത്തില്‍ 1500 ചതുരശ്രഅടിയ്ക്ക് താഴെ തറവിസ്തൃതി മാത്രമുള്ള കെട്ടിട്ടമാണ് ഉള്ളതെങ്കില്‍, ഭൂമി കൈവശം വച്ചയാള്‍ക്കും അയാളുടെ അടുത്ത ബന്ധുകള്‍ക്കും വേറെ എവിടെയും ഭൂമിയില്ലെന്ന് ആര്‍.ഡി.ഒ സാക്ഷ്യപ്പെടുത്തിയാല്‍ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പുറപ്പെടുവിക്കുന്ന തീയതി വരെ അവ ക്രമീകരിക്കുന്നതിന് 1964-ലെ ഭൂചട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തും.

1964-ലെ ഭൂമിപതിവ് ചട്ടം പ്രകാരം പതിച്ചു നല്‍കിയ 15 സെന്റ് വരെയുള്ള പട്ടയഭൂമിയില്‍ 1500 ചതുരശ്ര അടിവരെ വിസ്തൃതി വരെയുള്ള കെട്ടിട്ടങ്ങള്‍ ഉള്ളവര്‍ അതവരുടെ ഏക വരുമാനം മാര്‍ഗ്ഗമാണെന്ന് തെളിയിക്കണം. അവ ജില്ലാ കളക്ടര്‍ പ്രത്യേകം റിപ്പോര്‍ട്ടായി സമര്‍പ്പിക്കണം. റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ പിന്നീട് തീരുമാനമെടുക്കും.

ഇതില്‍ പറയാത്ത പട്ടയഭൂമിയിലുള്ള വാണിജ്യനിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്ന ഭൂമിയുടെ പട്ടയം റദ്ദാക്കി ഭൂമിയും വസ്തുകളും സര്‍ക്കാര്‍ വീണ്ടെടുക്കും. ഈ ഭൂമി പുതിയ നയം അനുസരിച്ച് പാട്ടത്തിന് നല്‍കും. ഈ പറയുന്ന വിഭാഗത്തില്‍ വരാത്തതും സര്‍ക്കാര്‍ ഭൂമി കൈയേറി നടത്തിയ പട്ടയമില്ലാത്ത ഭൂമിയും അതിലെ നിര്‍മ്മാണവും ഏറ്റെടുത്ത് പൊതു ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തും.

അനധികൃതമായി നല്‍കിയ പട്ടയങ്ങള്‍ എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ അനുവദിച്ചതായ പട്ടയങ്ങളെ പരിശോധിക്കുന്നതിനായി അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ പട്ടയങ്ങള്‍ സംബന്ധിച്ച് സമിതി നല്‍കിയ റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ മൂന്ന് മാസത്തിനകം സ്വീകരിക്കും. മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനം നേരത്തെ സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. അവിടുത്തെ കേസുകള്‍ എവിടെ നിന്നാണോ വന്നത് ആ കോടതികളിലേക്ക് തന്നെ തിരിച്ചു ട്രാന്‍സ്ഫര്‍ ചെയ്യും. ഇതിനായുള്ള വിജ്ഞാപനം പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും.

ഭൂമിപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം അനുവദിച്ച ഭൂമിയില്‍ പട്ടയവ്യവസ്ഥ ലംഘിച്ച് വാണിജ്യനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഭാവിയില്‍ നടത്തരുത്. ഇതിനായി ബന്ധപ്പെട്ട കെട്ടിട്ട നിര്‍മ്മാണചടങ്ങളില്‍ ഏത് ആവശ്യത്തിനാണോ പ്രസ്തുത പട്ടയം അനുവദിച്ചത് എന്ന് വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടി വരും. ആ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ബില്‍ഡിംഗ് പെര്‍മിറ്റ് അനുവദിക്കാവൂ.

മൂന്നാര്‍ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടങ്ങളില്‍ സോളാര്‍ പാനലും മഴവെള്ളസംഭരണിയും മാലിന്യസംസ്‌കരണത്തിനുള്ള സംവിധാനവും ഉണ്ടാവണം. വട്ടവട, ചിന്നക്കന്നാല്‍ പ്രദേശങ്ങളിലും ഈ നയത്തിന് അനുസരിച്ചുള്ള ടൗണ്‍ പ്ലാനിംഗ് കൊണ്ടു വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

You might also like

-