സംസ്ഥാനത്ത് ശക്തമായ മഴ: മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി അടിയന്തിര യോഗം വിളിച്ചു.

അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്.

0

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തിര യോഗം വിളിച്ചു. പത്ത് മണിക്കാണ് ചേരുന്നത് യോഗം ചേരുക. റവന്യൂ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.

ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തിപ്പെട്ടു. വടക്കൻ കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് അമ്പായത്തോട് 32 കുടുംബങ്ങളിലെ 132 പേരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പലയിടത്തും മരം വീണ് ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ അതിതീവ്ര മഴയുണ്ടാക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു.

പാലക്കാട്: സംസ്ഥാനത്ത് ശക്തമായ മഴയിൽ ഒരു മരണം. അട്ടപ്പാടിയിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്.

വീടിനുള്ള ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അട്ടപ്പാടിയിൽ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഷോളയൂർ ഉൾപ്പെടെ ഉള്ള മേഖലയിൽ രാത്രി മുഴുവൻ കനത്ത മഴയാണ് അനുഭവപ്പെട്ടത്. കനത്തമഴയിൽ ജില്ലയിൽ വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകൾ ഉൾപ്പെടെ തകർന്നതിനെതുടർന്ന് പലയിടത്തും വൈദ്യുതി തകരാറിലായിട്ടുണ്ട്.

മഴ ശക്തമായതിനാൽ അട്ടപ്പാടിയിലെ അഗളി, ഷോളയൂർ, പുതൂർ പഞ്ചായത്തുകളിലെ അംഗൻവാടി മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതായി പാലക്കാട് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജില്ലാ കളക്ടര്‍ ഇവിടെ അവധി പ്രഖ്യാപിക്കുന്നത്.

കണ്ണൂർ ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു.

കണ്ണൂർ ജില്ലയിൽ കനത്ത മഴയും കാറ്റും തുടരുന്നു. കൊട്ടിയൂരിൽ കണിച്ചാറിൽ ചുഴലിക്കാറ്റിൽ സ്കൂളിന്റെ മേൽക്കൂര തകർന്നു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്.ഇരിട്ടി നഗരം വെള്ളത്തിലാണ്. പുഴയോരത്തെ 15 വീടുകൾ പൂർണ്ണമായും മുങ്ങി. അഞ്ഞൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ പ്രളയത്തിൽ മുങ്ങാത്ത വീടുകളിൽ പോലും ഇത്തവണ വെള്ളം കയറി. ജില്ലയിൽ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായി.

കഴിഞ്ഞ തവണ ഉരുൾപൊട്ടലുണ്ടായ കൊട്ടിയൂർ നെല്ലിയോടിയിൽ തന്നെയാണ് ഇത്തവണയും ഉരുൾപൊട്ടിയത്. ആളപായമുണ്ടായില്ലെങ്കിലും മൂന്നേക്കറോളം കൃഷി നശിച്ചു. വനമേഖലയിൽ ഉൽഭവിച്ച് മലയോര മേഖലയിലൂടെ കടന്ന് പോകുന്ന പുഴകളിൽ ഉരുൾപൊട്ടലിനെ തുട‌‌ർന്ന് പൊടുന്നനെ ജലനിരപ്പുയരുന്നത് ആശങ്കയുയർത്തുന്നുണ്ട്.

ഇരിട്ടി നഗരത്തിൽ പല കടകളിലും വെളളം കയറി. ഇരിട്ടി പുഴയിൽ വലിയ തോതിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ശക്തമായ ഒഴുക്കാണ് പുഴയിലിപ്പോൾ. പുഴയോരത്ത് താമസിക്കുന്നവർക്ക് നേരത്തെ ജാഗ്രതാ നിർദ്ദേശം നൽകിയില്ലെന്നും പരാതിയുയരുന്നുണ്ട്. ബ്രഹ്മഗിരി മലനിരകളിലുണ്ടായ ഉരുൾപൊട്ടൽ മൂലമാണ് ഇരിട്ടി പുഴയിൽ വെളളം ഉയർന്നത്.

ഇരിക്കൂറിൽ ഒരു പ്രദേശത്തെ 15 ഓളം വീടുകൾ മുങ്ങിയ അവസ്ഥയിലാണ്. ഇരിട്ടിയിൽ 30 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. കൂടുതൽ പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടി വരുമെന്നാണ് സൂചന.

അടക്കാതോട്, ബ്രഹ്മഗിരി എന്നിവിടങ്ങളിലാണ് ഇന്നലെ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. മണിക്കടവില്‍ മൂന്ന് പാലങ്ങള്‍ വെള്ളത്തിനടിയിലായി. മണിക്കടവ്, പീടികക്കുന്ന് പ്രദേശങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. ശ്രീകണ്ഠാപുരത്തും നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.

You might also like

-