കേരള കോണ്‍ഗ്രസ് പിളർപ്പിലേക്ക് ?; നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ അനുവദിച്ച സമയം നാളെ അവസാനിക്കും

ജൂണ്‍ ഒന്‍പതിനകം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ കണ്ടെത്തി അറിയിക്കണമെന്നായിരുന്നു സ്പീക്കറുടെ നിര്‍ദ്ദേശം. സംസ്ഥാന കമ്മറ്റി ചേരാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചാല്‍ പങ്കെടുക്കേണ്ടെന്ന് ജോസ് കെ മാണി പക്ഷം തീരുമാനമെടുത്തിരുന്നു.

0

തൊടുപുഴ :ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തിനിടെ നിയമസഭാ കക്ഷി നേതാവിനെ തെരഞ്ഞെടുക്കാന്‍ സ്പീക്കര്‍ അനുവദിച്ച സമയം നാളെ അവസാനിക്കും. നേതാക്കള്‍ പരസ്യ ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ സമവായ സാധ്യതകള്‍ ഇല്ലാതായി. പിളര്‍പ്പ് ഒഴിവാക്കാനാണ് ശ്രമമെന്ന് അവകാശപ്പെടുമ്പോഴും ഇരുപക്ഷവും പാര്‍ട്ടിയില്‍ ശക്തി തെളിയിക്കാനുള്ള നീക്കത്തിലാണ്.

ജൂണ്‍ ഒന്‍പതിനകം പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ കണ്ടെത്തി അറിയിക്കണമെന്നായിരുന്നു സ്പീക്കറുടെ നിര്‍ദ്ദേശം. സംസ്ഥാന കമ്മറ്റി ചേരാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചാല്‍ പങ്കെടുക്കേണ്ടെന്ന് ജോസ് കെ മാണി പക്ഷം തീരുമാനമെടുത്തിരുന്നു. സമവായം ഉണ്ടാകാതെ യോഗം വിളിക്കില്ലെന്ന് താല്‍കാലിക ചെയര്‍മാന്‍ പിജെ ജോസഫും ആവര്‍ത്തിച്ചു. ഈ സാഹചര്യത്തില്‍ ജോസഫ് വിഭാഗം സ്പീക്കര്‍ക്ക് നല്‍കുന്ന മറുപടി എന്തെന്നറിയാനാണ് മാണി ഗ്രൂപ്പ് കാത്തിരിക്കുന്നത്.

ഏകപക്ഷീയമായി ലീഡറെ തെരഞ്ഞെടുത്തതായി പ്രഖ്യാപിച്ചാല്‍ പൊട്ടിത്തെറികളുണ്ടാകും. അതിനിടെ ലീഡറെ കണ്ടെത്താന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് സ്പീക്കറെ സമീപിക്കാനും ജോസ് കെ മാണി വിഭാഗത്തിന് പദ്ധതിയുണ്ട്. ഗ്രൂപ്പ് യോഗം ചേര്‍ന്ന മാണി വിഭാഗം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യവും ജോസഫ് പക്ഷത്ത് സജീവമായി. പിളര്‍പ്പ് ഒഴിവാക്കാനാണ് നീക്കമെന്ന് പറയുമ്പോഴും ശക്തി വര്‍ധിപ്പിക്കാന്‍ ഇരു വിഭാഗങ്ങളും പരിശ്രമത്തിലാണ്

You might also like

-