മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി റോഹിങ്ക്യൻ അഭയാർത്ഥികൾ അടക്കം 500 പേർ മരിച്ചതായി ഐക്യരാഷ്ട്രസഭാ

80 പേരുമായി പിന്നാലെ പുറപ്പെട്ട രണ്ടാമത്തെ ബോട്ട് ജൂലൈ 8-ന് മ്യാൻമറിലെ ഇരാവഡി തീരത്തിന് സമീപം മുങ്ങിയതായി കരുതുന്നതായും യുഎൻ ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്.

യാങ്കൂൺ| മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി റോഹിങ്ക്യൻ അഭയാർത്ഥികൾ അടക്കം 500 പേർ മരിച്ചതായി ഐക്യരാഷ്ട്രസഭാ ഏജൻസികൾ. അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും യുഎൻ അഭയാർഥി ഏജൻസിയായ യുഎൻഎച്ച്സിആറും സംയുക്ത പ്രസ്താവനയിലാണ് അപകട വിവരം പുറത്ത് വിട്ടിരിക്കുന്നത്. റഖൈൻ സംസ്ഥാനത്ത് നിന്ന് ജൂൺ അവസാനത്തോടെ പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തിൽ പെട്ടത്. ബോട്ടുകളിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വിഭാ​ഗത്തിൽ നിന്നുള്ളവരായിരുന്നു. ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ നിന്ന് എത്തിയവരും യാത്രക്കാരിൽ ഉണ്ടായിരുന്നുവെന്നാണ് യു എൻ ഏജൻസികൾ വ്യക്തമാക്കുന്നത്.ഏകദേശം 250 പേരുമായി പുറപ്പെട്ട ആദ്യ ബോട്ടുമായുള്ള ബന്ധം യാത്ര ആരംഭിച്ചതിന് പിന്നാലെ തന്നെ നഷ്ടമായെന്നാണ് യുഎൻ ഏജൻസികൾ പറയുന്നത്. 80 പേരുമായി പിന്നാലെ പുറപ്പെട്ട രണ്ടാമത്തെ ബോട്ട് ജൂലൈ 8-ന് മ്യാൻമറിലെ ഇരാവഡി തീരത്തിന് സമീപം മുങ്ങിയതായി കരുതുന്നതായും യുഎൻ ഏജൻസികൾ വ്യക്തമാക്കുന്നുണ്ട്. സാധാരണ കടൽയാത്രാ സീസണിലല്ല ഈ യാത്രകൾ നടന്നത്. ഈ സമയത്ത് കടൽസാഹചര്യങ്ങൾ കൂടുതൽ അപകടകരമായിരിക്കും എന്നും യുഎൻ സംഘടനകൾ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.

സംഭവവും മരണസംഖ്യയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഇത്രയും വലിയ മനുഷ്യജീവനാശം ഉണ്ടായിരിക്കാമെന്ന സാധ്യത ഞങ്ങളെ അതീവ ആശങ്കപ്പെടുത്തുന്നുവെന്നാണ് യുഎൻഎച്ച്സിആറും ഐഒഎമ്മും സംയുക്ത പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.സ്വദേശത്ത് തുടരുന്ന അക്രമങ്ങളും ബംഗ്ലാദേശിലെ തിരക്കേറിയ അഭയാർഥി ക്യാമ്പുകളിലെ ദയനീയമായ ജീവിതസാഹചര്യങ്ങളും കാരണം ചെറിയ ബോട്ടുകൾ വഴി പലായാനം ചെയ്യുന്ന റോഹിങ്ക്യൻ അഭയാർത്ഥികളുടെ ദുരന്തം നേരത്തെയും ചർച്ചയായിട്ടുള്ളതാണ്. മലേഷ്യ, ഇൻഡോനേഷ്യ, തായ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ സുരക്ഷിതമായ ജീവിതവും ഉപജീവനമാർഗവും കണ്ടെത്താനാണ് കടൽവഴിയുള്ള ഇവ‍ർ ജീവൻ പണയംവെച്ച് പലായനം ചെയ്യുന്നത്. കഴിഞ്ഞ വർഷം ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും മാത്രം ഏകദേശം 900 റോഹിങ്ക്യ അഭയാർഥികൾ മരിക്കുകയോ കാണാതാകുകയോ ചെയ്തതായാണ് യുഎൻ റിപ്പോർട്ട്. കഴിഞ്ഞ നവംബറിൽ തായ്‌ലൻഡ്–മലേഷ്യ അതിർത്തിക്കു സമീപമുള്ള ലങ്കാവി തീരത്ത് റോഹിങ്ക്യൻ വംശജരെ കയറ്റിയ ബോട്ട് മുങ്ങിയിരുന്നു. ആ അപകടത്തിൽ ഏതാനും പേർ മാത്രമാണ് ജീവനോടെ രക്ഷപ്പെട്ടത്.

2017-ൽ മ്യാൻമർ സൈന്യം റഖൈൻ സംസ്ഥാനത്ത് നടത്തിയ സൈനിക നടപടിയെ തുടർന്ന് കുറഞ്ഞത് 7.3 ലക്ഷം റോഹിങ്ക്യനുകൾ അയൽരാജ്യമായ ബംഗ്ലാദേശിലേക്ക് അഭയം തേടി പലായനം ചെയ്തിരുന്നതായാണ് കണക്ക്. റോഹിങ്ക്യൻ വംശജർക്കെതിരായ അതിക്രമങ്ങൾ നടത്തിയെന്ന ആരോപണം മ്യാൻമർ നിഷേധിക്കുന്നുണ്ടെങ്കിലും അവരെ രാജ്യത്തെ പൗരന്മാരായി അംഗീകരിക്കാൻ സർക്കാർ ഇന്നും തയ്യാറായിട്ടില്ല. റോഹിങ്ക്യകൾ അനധികൃത കുടിയേറ്റക്കാരാണെന്നാണ് മ്യാൻമറിന്റെ നിലപാട്. 2021-ലെ സൈനിക അട്ടിമറിക്ക് ശേഷം മ്യാൻമറിൽ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര യുദ്ധം റോഹിങ്ക്യൻ വംശജരുടെ ദുരിതം കൂടുതൽ രൂക്ഷമാക്കി. റഖൈൻ സംസ്ഥാനത്തും സർക്കാർ സൈന്യവും വിമതരായ അരാക്കാൻ ആർമിയും തമ്മിലുള്ള ഏറ്റുമുട്ടലുകൾ തുടരുന്നതിനിടെ റോഹിങ്ക്യൻ സമൂഹം ഇരുവിഭാഗങ്ങൾക്കിടയിലും കുടുങ്ങിയിരിക്കുകയാണ്

You might also like

-