വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ 13 മരണം. 13 പേരാണ് ചികിത്സയിൽ

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനമുണ്ടായ വെടിക്കെട്ട് പുരയില്‍ തുടരെത്തുടരെ സ്‌ഫോടനം.

https://www.facebook.com/share/r/1GULE5Q1oV/

തൃശൂര്‍| തൃശൂരിലെ വെടിക്കെട്ട് പുരയിലെ സ്‌ഫോടനത്തില്‍ 13 മരണം. 13 പേരാണ് ചികിത്സയിലുള്ളത്. അതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്.സംഭവ സ്ഥലത്ത് കൂടുതല്‍ പൊലീസിനെ വിന്യസിക്കുമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖര്‍. തിരച്ചിലിന് ഡ്രോണ്‍ സംവിധാനം ഉപയോഗിക്കും. ഡിഐജിക്കാണ് രക്ഷാപ്രവര്‍ത്തന മേല്‍നോട്ട ചുമതല. കമ്മീഷണര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.അപകടം സംബന്ധിച്ച് മജിസ്റ്റീരിയല്‍ തല അന്വേഷണത്തിന് ജില്ലാ കളക്ടര്‍ ശിഖ സുരേന്ദ്രന്‍ ഉത്തരവിട്ടു. അപകട കാരണവും അനന്തരഫലങ്ങളും വിശദമായി അന്വേഷിക്കുന്നതിന് സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തി

തൃശൂര്‍ മുണ്ടത്തിക്കോട് സ്‌ഫോടനമുണ്ടായ വെടിക്കെട്ട് പുരയില്‍ തുടരെത്തുടരെ സ്‌ഫോടനം. തുടര്‍ച്ചയായി സ്‌ഫോടനങ്ങളുണ്ടാകുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തേക്ക് എത്തിച്ചേരാനാകാത്ത സാഹചര്യമാണുളളത്. വലിയ സ്‌ഫോടന ശബ്ദങ്ങള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറവും കേട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പ്രദേശത്ത് ശരീരഭാഗങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. സമീപത്തെ പാടങ്ങളില്‍ പടക്കങ്ങള്‍ തെറിച്ചുവീണ് പൊട്ടുന്ന സാഹചര്യവുമുണ്ട്. തിരുവനമ്പാടി ഭാഗത്തിന്റെ വെടിക്കെട്ട് ലൈസന്‍സ് മുണ്ടത്തിക്കോട് സതീശിന്റെ പേരിലാണ്. ഇയാളും അപകടത്തിൽ പരിക്കേറ്റവരുടെ കൂട്ടത്തിലുണ്ടെന്നാണ് വിവരം.

ആവശ്യത്തിനുള്ള ഫയര്‍ ഫോഴ്‌സ് സംവിധാനങ്ങളും ആംബുലന്‍സുകളും സജ്ജമാണ്. ഡ്രോണ്‍ സംവിധാനം നിലവില്‍ തന്നെയുണ്ട്. റോബോട്ടിക് സംവിധാനം ഏര്‍പ്പെടുത്തും. ലൈസന്‍സ് അടക്കമുള്ള സംവിധാങ്ങളെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റായ തൃശൂര്‍ ആര്‍ഡിഒയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അപകട സമയത്ത് മുപ്പതിനും നാല്‍പതിനും ഇടയില്‍ ആളുകള്‍ ഇവിടെയുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എല്ലാ ആളുകളെയും പുറത്തെടുക്കുക എന്നതിനാണ് പ്രാഥമിക നിഗമനം – കളക്ടര്‍ പറഞ്ഞു.

തൃശൂര്‍ മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലായിരുന്നു സ്‌ഫോടനം നടന്നത്. ഇന്ന് ഉച്ച തിരിഞ്ഞ് 2.30 ഓടെയാണ് ആദ്യ സ്‌ഫോടന ശബ്ദം കേട്ടത്. തുടര്‍ന്ന് തുടര്‍ച്ചയായി സ്‌ഫോടനമുണ്ടാകുകയായിരുന്നു. സ്ഫോടനത്തിന്റെ ആഘാതത്തില്‍ സമീപത്തെ വീടുകളുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.സാമ്പിള്‍ വെടിക്കെട്ടിനും പ്രധാന വെടിക്കെട്ടിനും വേണ്ടിയുളള ഒരുക്കങ്ങള്‍ നടന്ന തിരുവനമ്പാടിയുടെ വെടിക്കെട്ട് പുരയിലാണ് സ്ഫോടനമുണ്ടായത്. രണ്ട് വെടിക്കെട്ടിനും വേണ്ടി കരുതിവെച്ചിരുന്ന കരിമരുന്ന് വെടിക്കെട്ട് പുരയിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ലൈസന്‍സിയായ മുണ്ടത്തിക്കോട് സതീശ് ഉള്‍പ്പെടെയുളളവര്‍ ഉണ്ടെന്നാണ് വിവരം. ആറ് സ്റ്റേഷനുകളില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പാലക്കാട്, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ ഉദ്യോഗസ്ഥരോടും രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ നിര്‍ദേശം നല്‍കി.

സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും ചികിത്സയ്ക്ക് ആവശ്യമായ ക്രമീകരണങ്ങളൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്തിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികള്‍ സജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും മാസ് കാഷ്വാലിറ്റി സജ്ജമാക്കി. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും സ്ഥിതിഗതികള്‍ വിലയിരുത്തി. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഡിജിപി ആശയവിനിമയം നടത്തി. സംഭവ സ്ഥലത്തേക്ക് ഉടന്‍ എത്തിച്ചേരാന്‍ തൃശൂര്‍ ഡിഐജിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്

You might also like

-