വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചു ,അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നു ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ

അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി.

തൃശൂർ | മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ, കുമരനെല്ലൂർ മടിപ്പുറത്തു വീട്ടിൽ കോർമൻ മകൻ വാസുദേവൻ (54), കുണ്ടന്നൂർ പുതുക്കാട്ടിൽ വീട്ടിൽ വിജയൻ മകൻ സുവിൻ (39) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. സുദർശൻ്റെയും വാസുദേവൻ്റെയും സുവിന്റെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
ബാക്കി ആറ് പേരെ തിരിച്ചറിഞ്ഞിട്ടില്ല. 13 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. സതീഷ് (46), പ്രവീൺ (45) എന്നിവർ വെൻ്റിലേറ്ററിലാണ്. ബാബു (56), രാജേഷ് (40), ഹരി (40), അനിത (50), അഖിൽ (30), ഉദയകുമാർ (48), ബാബു (57), ഭവാനി(65), വിഷ്ണു (30) എന്നിവർ മെഡിക്കൽ കോളജിലും സാജൻ (38), വിൽസൺ (60) എന്നിവർ എലൈറ്റ് ഹോസ്പിറ്റലിലുമാണ് ചികിത്സയിലുള്ളത്. ആശുപത്രിയിൽ നിന്നും സുഭദ്ര(68), സുന്ദരൻ(46), എന്നിവരെ ഡിസ്ചാർജ് ചെയ്തു. തിരിച്ചറിയാനാവാത്ത വിധത്തിലുള്ള ശരീര ഭാഗങ്ങൾ ലഭിച്ചിട്ടുണ്ട്. ഇവ തിരിച്ചറിയാൻ ശാസ്ത്രീയ പരിശോധനകൾ അവശ്യമാണ്.

അപകട സ്ഥലത്ത് 32 പേർ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചതായി പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ വ്യക്തമാക്കി. പ്രത്യേക സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം കൂടുതൽ പേർ ഉണ്ടാകാനുളള സാധ്യതയും തള്ളിക്കളയുന്നില്ല. സിറ്റി കമ്മീഷണർ നിർമ്മാണ പ്രവർത്തനം നടക്കുന്ന സ്ഥലത്ത് പരിശോധനകൾ നടത്തിയിരുന്നു. എന്തെങ്കിലും വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. അപകട കാരണത്തെ കുറിച്ച് വൈകുന്നേരത്തോടെ വ്യക്തവരുമെന്നും റവാഡ ചന്ദ്രശേഖർ പറഞ്ഞു.

അതേസമയം തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്. നിലവില്‍ 5 മൃതദേഹങ്ങളും 11 ശരീര ഭാഗങ്ങളും പോസ്റ്റ് മോർട്ടം ചെയ്തു എന്നാണ് മന്ത്രി കെ രാജൻ വ്യക്തമാക്കുന്നത്. 15 ശരീര ഭാഗങ്ങളാണ് ഇനി പോസ്റ്റ് മോർട്ടം ചെയ്യാനുള്ളത്. തുടർന്ന് ഡിഎൻഎ ടെസ്റ്റ് വേഗത്തിൽ നടത്തും. കോട്ടയം, കോഴിക്കോട്, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നുള്ള മെഡിക്കൽ കോളജ് സംവിധാനം കേന്ദ്രീകരിച്ചിട്ടുണ്ടെന്നും 4 സ്ഥലത്ത് കൺഡ്രോൾ റൂം ആരംഭിച്ചു, അപകടത്തിൽപെട്ടവർക്കുള്ള ധനസഹായം കാബിനറ്റ് ഇന്ന് തീരുമാനിക്കും. ലൈസൻസി സതീശന്‍റെ നില അതീവ ഗുരുതരമായി തുടരുകയാണ്. പരിക്കേറ്റ ഒരാളെ ഇപ്പോൾ സർജറിക്കു വിധേയമാക്കും. തിരിച്ചറിയാനാകാത്ത ശരീര ഭാഗങ്ങൾ ഡിഎൻഎ പരിശോധന നടത്തി തിരിച്ചറിയുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഇതിനായി രാജീവ് ഗാന്ധി ബയോ ടെക്നോളജിയിൽ നിന്നുള്ള സംഘം തൃശ്ശൂരിൽ എത്തി എന്നും കെ രാജൻ വ്യക്തമാക്കി.

You might also like

-