ആദിവാസി ഊരുവികസനം നടപ്പാക്കും: അഡ്വ.ജോയ്‌സ് ജോര്‍ജ്

0
ആദിവാസികളുടെ സഞ്ചാര സ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും തടയുന്നതല്ല നിലവിലുള്ള ഒരു നിയമവുമെന്നും നിയമത്തെക്കുറിച്ചുള്ള ആദിവാസികളുടെയും ചില ഉദ്യോഗസ്ഥരുടെയും അജ്ഞതയാണ് വികസനത്തിന് തടസ്സമെന്നും അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എം.പി പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ആദിവാസി ഊരുകളില്‍ നടപ്പാക്കുന്നത് നേരിട്ട് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സംഘം പരിശോധിച്ച് വിലയിരുത്തുന്നതിനായി കട്ടപ്പന കണ്ണമ്പടി കോളനിയിലും പുളിയന്‍മല കോളനിയിലും സംഘടിപ്പിച്ച ഗോത്രക്ഷേമ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ ആദിവാസി ഊരുകളിലേക്കുള്ള റോഡ് വികസനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന് എം.പി പറഞ്ഞു. കണ്ണമ്പടി റോഡ് നിര്‍മ്മാണത്തിനുള്ള തടസ്സം നീക്കും.  മേല്‍മാരിയിലേക്കുള്ള റോഡ് കേന്ദ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കും.  വനാവകാശ രേഖ കൈവശമുള്ളവര്‍ക്കെല്ലാം പട്ടയം നല്‍കും. ആദിവാസി ഊരുവികസനം ജില്ലയുടെ സമഗ്ര വിജസനത്തിന് അനിവാര്യമാണെന്ന് ഇ.എസ് ബിജിമോള്‍ എം.എല്‍.എ പറഞ്ഞു. ഊരുമൂപ്പന്‍മാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഗോത്രക്ഷേമ സദസ്സില്‍ അംഗങ്ങള്‍ വിവിധ വിഷയങ്ങള്‍ ഉന്നയിച്ചു.
ബസ് സര്‍വ്വീസ് മെച്ചപ്പെടുത്തണം, റോഡ് സൗകര്യം വര്‍ദ്ധിപ്പിക്കണം, വന്യമൃഗങ്ങളുടെ ഉപദ്രവത്തില്‍ നിന്നും സംരക്ഷണം, മൊബൈല്‍ ടവറിന്റെ ശക്തി വര്‍ദ്ധിപ്പിക്കണം, റേഷനരി വിതരണത്തിന്റെ ക്രമക്കേട് തുടങ്ങിയ പ്രശ്‌നങ്ങള്‍ ഗോത്രക്ഷേമ സദസ്സില്‍ ചര്‍ച്ച ചെയ്യുകയും പരിഹാരത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നിയോഗിക്കുകയും ചെയ്തു.  റേഷനരി വിതരണത്തിന്റെ ക്രമക്കേട് സപ്ലൈ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തി അടിയന്തരമായി പരിഹരിക്കാന്‍ ട്രൈബല്‍ ഓഫീസറെ ചുമതലപ്പെടുത്തി. ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റ് നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയ ബോര്‍ഡ് ഊരുകളില്‍ സ്ഥാപിക്കാന്‍ യോഗം തീരുമാനിച്ചു. വിവിധയിനം സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം ലഭിക്കാത്തതുകൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും അടിയന്തര നടപടി സ്വീകരിക്കും.
മേമാരിയില്‍ അംഗന്‍വാടി കെട്ടിടം പണിയാനുള്ള നടപടികള്‍ ജൂണില്‍ ആരംഭിക്കും.  മൊബൈല്‍ കവറേജ് വ്യക്തമായി ലഭിക്കാന്‍ ടവറുകളുടെ ശേഷി വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കും. യോഗത്തില്‍ ഇ.എസ്.ബിജിമോള്‍ എം.എല്‍.എ, ഊരുകൂട്ടം മൂപ്പന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ വകുപ്പ് തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
You might also like

-