അമ്മയുടെ നടപടി സ്ത്രീ വിരുദ്ധം , നടിമാരുടെ രാജി ധീരമെന്ന് വിഎസ്

0

തിരുവനന്തപുരം:അമ്മ എന്ന സിനിമാ സംഘടനയില്‍ നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയെന്ന് ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളത്. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക് തരിമ്പും പരിഗണന നല്‍കാത്ത ഇത്തരം സംഘടനകള്‍ സിനിമാ വ്യവസായത്തിന് ഒരുതരത്തിലും ഗുണം ചെയ്യില്ലെന്ന് വിഎസ് പറഞ്ഞു.

അമ്മയുടെ ഈ നടപടിയിലൂടെ ഇരയ്‌ക്കൊപ്പമല്ല വേട്ടക്കാര്‍ക്കൊപ്പമാണ് തങ്ങള്‍ എന്ന് അവര്‍ തെളിയിച്ചിരിക്കുന്നു. എംഎല്‍എമാരും എംപിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ നയിക്കുന്ന ഒരു സംഘടനയില്‍ നിന്നാണ് സ്ത്രീ വിരുദ്ധവും കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതുമായ ഇത്തരം നടപടികള്‍ ഉണ്ടായിട്ടുള്ളതെന്ന കാര്യം ഏറെ ഗൗരവതരവാണ്.

നേതൃത്വത്തെ ചോദ്യം ചെയ്തതിന്റെ പേരില്‍ മഹാ നടന്‍ തിലകനെ മരണം വരെ സിനിമ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്തിയ സംഘടനയാണിപ്പോള്‍ സ്ത്രീ പീഡന കേസില്‍ പ്രതിയാക്കപ്പെട്ട നടനെ തിരിച്ചെടുക്കാനും സംഘടന നേതൃത്വത്തില്‍ പ്രതിഷ്ഠിക്കാനും ശ്രമിക്കുന്നത്. സിനിമ രംഗത്തെ എല്ലാ വിധ അനാരോഗ്യ പ്രവണതകളുടെയും സംരക്ഷകരായി മാറിയ അമ്മ പിരിച്ച് വിട്ട് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്നും അമ്മയുടെ നടപടിക്കെതിരെ പരസ്യമായി പ്രതികരിച്ച വനിതാ പ്രവര്‍ത്തകര്‍ക്കും നീതിക്കുവേണ്ടി അവര്‍ നടത്തുന്ന പോരാട്ടങ്ങളോടും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും വി എസ് പറഞ്ഞു

-

You might also like

-