തിലകന്റെ മരണത്തിനുത്തരവാദികൾ അമ്മ ആ വിലക്ക് നൽകിയ മാനസിക സമ്മർദവും അലച്ചിലും അച്ഛനെ മരണത്തിലേക്കു നയിച്ചു: തിലകന്റെ മകൾ സോണിയ 

കരാർ ഒപ്പിട്ട ശേഷം നിർമാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളിൽനിന്നു തന്നെ ഒഴിവാക്കാൻ ശ്രമം നടന്നിട്ടും അമ്മ നിശബ്ദത പാലിച്ചതായി തിലകൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

0

തിരുവന്തപുരം :താരസംഘടനയായ ‘അമ്മ’ നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിനെ തിരിച്ചെടുത്തതോടെ വിവാദങ്ങളും തലപൊക്കിയിരിക്കുകയാണ്. ‘അമ്മ’ തിലകനോടും ദിലീപിനോടും രണ്ട് തരത്തിലുള്ള സമീപനമാണ് സ്വീകരിച്ചതെന്ന ആരോപണവുമായാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. ഇപ്പോൾ ‘അമ്മ’യുടെ നിലപാടുകളെ അതിരൂക്ഷമായി വിമർശിച്ചു നടൻ തിലകന്റെ മകൾ പുറത്തുവിട്ട കത്താണ് ചർച്ച ആയിരിക്കുന്നത്.

അമ്മ ജനറൽ സെക്രട്ടറിയായിരുന്ന മോഹൻലാലിനു 2010 മാർച്ച് 23ന് തിലകൻ ഏഴുതിയ കത്ത് മകൾ സോണിയ തിലകനാണ് പുറത്തുവിട്ടത്. കരാർ ഒപ്പിട്ട ശേഷം നിർമാതാക്കളെ ഭീഷണിപ്പെടുത്തി സിനിമകളിൽനിന്നു തന്നെ ഒഴിവാക്കാൻ ശ്രമം നടന്നിട്ടും അമ്മ നിശബ്ദത പാലിച്ചതായി തിലകൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

പത്തനാപുരത്തു കെ.ബി.ഗണേഷ്കുമാറിന്റെ ഗുണ്ടകൾ തന്നെ ഭീഷണിപ്പെടുത്തിയിട്ടും മൊബൈൽ ഫോണിൽ വധഭീഷണി നടത്തിയിട്ടും അമ്മ ഭാരവാഹികൾ അറിഞ്ഞ ഭാവം നടിച്ചില്ല. സൂപ്പർതാരങ്ങളെയും ഫാൻസ് അസോസിയേഷനുകളെയും വിമർശിക്കുമ്പോൾ ക്രുദ്ധരാകുന്ന അമ്മ ഭാരവാഹികൾ, അംഗങ്ങളുടെ അവ കാശങ്ങൾ ചവിട്ടിമെതിക്കപ്പെടുമ്പോഴും അവഗണിക്കപ്പെടുമ്പോഴും നിശബ്ദത പാലിക്കുന്നതു ന്യായീകരിക്കാനാവില്ല. തന്റെ പ്രസ്താവനകൾ മൂലം ആർക്കെങ്കിലും അപമാനമുണ്ടായെന്നു ബോധ്യപ്പെടുത്തിയാൽ ഖേദം പ്രകടിപ്പിക്കാൻ സന്നദ്ധനാണ്. സംഘടനയുടെ പോക്കു നേരായ ദിശയിലല്ലെന്നും ഇങ്ങനെ പോയാൽ അമ്മ കോടാലിയായി മാറുമെന്നും തിലകൻ കത്തിൽ പറയുന്നു.

ഖേദം പ്രകടിപ്പിക്കാൻ അച്ഛൻ തയാറായിട്ടും അമ്മ ഭാരവാഹികളുടെ മനസ് അലിഞ്ഞില്ലെന്നു സോണിയ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ തിരിച്ചെടുത്ത അമ്മ തിലകന്റെ കാര്യത്തിൽ ഇരട്ടത്താപ്പാണു കാണിച്ചത്. ‘ഇന്ത്യൻ റുപ്പി’ എന്ന ചിത്രത്തിൽ അച്ഛനെ ഒഴിവാക്കണമെന്നു ചിലർ‍ സംവിധായകൻ രഞ്ജിത്തിനോട് ആവശ്യപ്പെട്ടതായി അറിയാം. വിലക്കിനെ തുടർന്നുണ്ടായ മാനസിക സമ്മർദവും അലച്ചിലുമാണ് അച്ഛനെ പെട്ടെന്നു മരണത്തിലേക്കു നയിച്ചതെന്നും സോണിയ കുറ്റപ്പെടുത്തി. മോഹൻലാലിന് അയച്ച കത്തിന്റെ അഞ്ചു കോപ്പികൾ തിലകൻ ‘അമ്മ’ എന്നെഴുതിയ ഫയലിൽ സൂക്ഷിച്ചിരുന്നു. ഇതു പ്രത്യേകം സൂക്ഷിക്കണമെന്നു നിർദേശിച്ചിരുന്നു. അമ്മയുമായി ബന്ധപ്പെട്ട മറ്റു കടലാസുകളും ഈ ഫയലിലുണ്ട്. തിലകന്റെ മകൾ പറയുന്നു.

You might also like

-