“പാർട്ടി ശത്രുക്കൾക്ക് ആയുധം കൊടുക്കുന്ന നിലപാട് ആയിപ്പോയി വിഎം സുധീരന്റെ രാജി” കെ സുധാകരൻ

പാർട്ടി ശത്രുക്കൾക്ക് ആയുധം കൊടുക്കുന്ന നിലപാട് ആയിപ്പോയി ഇതെന്നും സുധാകരൻ.വിഎം സുധീരനുമായി പ്രധാനപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്.

0

തിരുവനന്തപുരം: തിരുവനന്തപുരം: വിഎം സുധീരൻ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജി വെച്ചതിൽ അമർഷം രേഖപ്പെടുത്തി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ . സുധീരന്റെ രാജി അനാവശ്യ വിവാദങ്ങളുണ്ടാക്കി എന്നാണ് സുധാകരന്റെ നിലപാട്. പ്രതിസന്ധിഘട്ടത്തിൽ പാർട്ടിക്കൊപ്പം നിൽക്കാനുള്ള ഉത്തരവാദിത്വം മുതിർന്ന നേതാവ് എന്ന നിലയിൽ സുധീരൻ കാണിച്ചില്ല. പാർട്ടി ശത്രുക്കൾക്ക് ആയുധം കൊടുക്കുന്ന നിലപാട് ആയിപ്പോയി ഇതെന്നും സുധാകരൻ.വിഎം സുധീരനുമായി പ്രധാനപ്പെട്ട വിഷയങ്ങളിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്. നേതൃത്വത്തോട് വിയോജിച്ചുകൊണ്ടുള്ള സുധീരന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ല എന്നായിരുന്നു കെപിസിസി അധ്യക്ഷന്റെ നിലപാട്
വിഎം സുധീരനെ അടിയന്തരമായി അനുനയിപ്പിക്കാൻ ആണ് കെപിസിസി നേതൃത്വത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് നൽകിയിരിക്കുന്ന നിർദ്ദേശം. തിരുവനന്തപുരത്ത് നടന്ന കൂടിക്കാഴ്ചയിൽ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഹൈക്കമാൻഡ് നിർദേശം കെപിസിസി അധ്യക്ഷന് കൈമാറി. ഇതോടെ സുധീരനുമായി താൻ ചർച്ച നടത്തില്ലെന്ന നിലപാട് സുധാകരൻ മാറ്റി.

‘സുധീരൻ മുതിർന്ന നേതാവാണ്. അദ്ദേഹവുമായി ചർച്ച നടത്തും. പറയാനുള്ളത് കേൾക്കും. പരിഹരിക്കാൻ കഴിയുന്ന വിഷയങ്ങളാണെങ്കിൽ പരിഹരിക്കും. സുധീരനെ ചേർത്തു നിർത്തി മുന്നോട്ടു പോകണമെന്ന് തന്നെയാണ് തന്റെ നിലപാടെന്നും താരിഖ് അൻവറുമായുള്ള ചർച്ചക്ക് ശേഷം കെ പി സി സി അധ്യക്ഷൻ പ്രതികരിച്ചു.

. വി എം സുധീരനെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്ന് ഉമ്മന്‍ ചാണ്ടിയും നേതൃത്വത്തോട് ആവശ്യപ്പെട്ട് കഴിഞ്ഞു.
സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണം. സുധീരൻ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. എന്നാല്‍, വി എം സുധീരന് അഭിപ്രായം പറയാന്‍ അവസരം നൽകിയെങ്കിലും അത് വിനിയോഗിച്ചില്ലെന്നുള്ള വിമര്‍ശനമാണ് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഏറ്റവുമൊടുവില്‍ ഉന്നയിച്ചത്. സുധീരന്‍റെ വീട്ടിൽ പോയി ക്ഷമ പറഞ്ഞയാളാണ് താൻ. സുധീരന് തെറ്റിദ്ധാരണയുണ്ടെങ്കിൽ തിരുത്തുമെന്നും സുധാകരന്‍ പറഞ്ഞു.

കെപിസിസി പുനസംഘടനാ ചർച്ച അന്തിമഘട്ടത്തിലെത്തി നിൽക്കെയുള്ള സുധീരന്‍റെ രാജിയില്‍ ശരിക്കും നേതൃത്വം വെട്ടിലായ അവസ്ഥയാണ്. നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരോടുള്ള കടുത്ത നിലപാട് മാറ്റി സംസ്ഥാന നേതൃത്വം അനുനയത്തിന് തയ്യാറായിട്ടും ഈ കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കാത്തതാണ് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നത്. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്ന സുധീരന്‍റെ പരാതിയിൽ സതീശൻ നേരിട്ടെത്തി ക്ഷമ ചോദിക്കുന്നത് വരെ കാര്യങ്ങള്‍ എത്തിയിട്ടും പാറപോലെ ഉറച്ച് നില്‍ക്കുകയാണ് സുധീരന്‍.

പുനസംഘടനാ ചർച്ചയിൽ നിന്നൊഴിവാക്കിയതിൽ മാത്രമല്ല സുധീരന് അതൃപ്തിയുള്ളത്. ദേശീയ നേതൃത്വം വേണ്ട പരിഗണന നൽകാത്തതിലും സുധീരന് കടുത്ത അമര്‍ഷമുണ്ട്. കെസി വേണുഗോപാൽ ഇടപെട്ട് ദേശീയ തലത്തിലെ പദവികൾ ഇല്ലാതാക്കുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ പരാതി. ഹൈക്കമാൻഡിനെ നേരിട്ട് വിമർശിക്കാതെ വേണുഗോപാലുമായി നല്ല ബന്ധം പുലർത്തുന്ന സംസ്ഥാന നേതൃത്വത്തെ സമ്മർദ്ദത്തിലാക്കുകയാണ് സുധീരന്‍.

സംസ്ഥാന നേതൃത്വത്തോട് അടുപ്പമുള്ള രാജ്മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ രാജി, കാര്യമാക്കേണ്ടെന്ന നിലപാടിലാണ്. പക്ഷേ പാർട്ടി വിട്ടവരും ഉടക്കിനിൽക്കുന്ന മുതിർന്നവരുമെല്ലാം പുതിയ നേതൃത്വത്തെ സംശയത്തിന്‍റെ നിഴലിലാക്കുന്നതിനാൽ സുധീരനെ അനുനയിപ്പിക്കാനുള്ള ശ്രമം കെപിസിസി തുടരാന്‍ തന്നെയാണ് സാധ്യതകള്‍.

You might also like

-