ഹിജാബ്  സുപ്രിം കോടതിയിലേക്ക്   വിധിക്കെതിരെ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികൾ

ഹൈക്കോടതി വിശാല ബെഞ്ച് ദിവസങ്ങളോളം വിശദമായ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. തുടർന്ന് ഇന്ന് വിധി പറഞ്ഞ കോടതി ഹിജാബ് മതപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ശരിവെച്ചു. ഹിജാബ് വിലക്കിനെതിരായ വിദ്യാർഥികളുടെ ഹരജി തള്ളി കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞത്

0

ബെംഗളൂരു | കർണാടകയിലെ കോളേജുകളിലെ ഹിജാബ് നിരോധനം ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് ഹരജിക്കാരായ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർഥികൾ. ഹൈക്കോടതി ഉത്തരവിന്റെ പൂർണ രൂപം ലഭിച്ച ശേഷം നടപടികൾ ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലാണ് ഹിജാബ് ധരിച്ചെത്തായ വിദ്യാർഥികൾക്ക് ആദ്യം പ്രവേശനം വിലക്കിയത്. ഇതിനെ തുടർന്ന് മറ്റ് കോളേജുകളിലും ഹിജാബ് നിരോധിക്കണമെന്നാവശ്യപ്പെട്ട് സംഘ് പരിവാർ അനുകൂല വിദ്യാർഥികൾ രംഗത്ത് വന്നു. ഇതോടെ സംസ്ഥാനത്തെ കാമ്പസുകളിൽ സംഘർഷ സാഹചര്യമുണ്ടായി.

ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഉഡുപ്പി ഗവ ഗേൾസ് പ്രീ യൂണിവേഴ്‌സിറ്റി കോളേജിലെ ആറു വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹൈക്കോടതി വിശാല ബെഞ്ച് ദിവസങ്ങളോളം വിശദമായ വാദം കേട്ട ശേഷം വിധി പറയാൻ മാറ്റിവെക്കുകയായിരുന്നു. തുടർന്ന് ഇന്ന് വിധി പറഞ്ഞ കോടതി ഹിജാബ് മതപരമായി നിർബന്ധമല്ലെന്ന് ചൂണ്ടിക്കാട്ടി വിലക്ക് ശരിവെച്ചു. ഹിജാബ് വിലക്കിനെതിരായ വിദ്യാർഥികളുടെ ഹരജി തള്ളി കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെഎം ഖാസി എന്നിവരടങ്ങുന്നതാണ് ബെഞ്ച്. 11 ദിവസമാണ് ഹരജിയിൽ വാദം നടന്നിരുന്നത്. മതാചാരത്തിന്റെ ഭാഗമായി ഹിജാബ് അനുവദിക്കണമെന്നായിരുന്നു ഹരജിക്കാരുടെ ആവശ്യം. എന്നാൽ ഒഴിച്ചുകൂടാനാകാത്ത മതാചാരമാണെന്ന് തെളിയിക്കാനായില്ലെന്ന് സ്ഥാപിക്കാനായില്ലെന്ന് കോടതി വിലയിരുത്തുകയായിരുന്നു. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങളുടെ കൂട്ടത്തിൽ ഹിജാബ് ഉൾപ്പെടുത്താനാകില്ലെന്ന് കർണാടക സർക്കാർ വാദിച്ചിരുന്നു.

കർണാടക കോളേജുകളിലെ വിലക്ക് ശരിവെച്ച് ഹൈക്കോടതി വിധി വരുന്ന പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ കമാൽ പന്ത് അറിയിച്ചിരുന്നു. ഇന്ന് മുതൽ 21 വരെയാണ് നിരോധനാജ്ഞ. ആഹ്ലാാദപ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, ഒത്തുചേരലുകൾ എന്നിവയ്ക്കെല്ലാം സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ ആഘോഷങ്ങൾക്കും നിരോധനം ബാധകമാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകൾക്കും കോളേജുകൾക്കും പ്രത്യേക സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ കന്നഡ ജില്ലയിലെ അംഗൻവാടികൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി നൽകിയതായി ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു.

-

You might also like

-