കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി

മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. തന്‍റെ കൈവശമുള്ള തെളിവുകളും ഇഡിക്ക് കൈമാറും എന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു.

0

കൊച്ചി| സ്വർണ്ണക്കടത്തിലെ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്‍റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഇന്നത്തെ ചോദ്യം ചെയ്യൽ അഞ്ചര മണിക്കൂർ നീണ്ടു. നാളെ വീണ്ടും ഹാജരാകണമെന്ന് സ്വപ്നയോട് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയിൽ നൽകിയ 164 മൊഴിയുടെ പകർപ്പ് ലഭിച്ചതിന് പിന്നാലെയാണ് ഇഡിയുടെ നടപടി. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്.മുഖ്യമന്ത്രിയെ പ്രതികൂട്ടിൽ ആക്കി സ്വപ്ന സുരേഷ് നൽകിയ 164 മൊഴിയിലാണ് ഇ ഡി തുടർ അന്വേഷണത്തിലേക്ക് കടക്കുന്നത്. ആദ്യപടിയായിട്ടാണ് സ്വപ്ന സുരേഷിനെ ഇന്ന് വിശദമായ ചോദ്യം ചെയ്തത്. രാവിലെ 11 മണിയോടെയാണ് സ്വപ്ന സുരേഷ് ഇഡിയുടെ മുന്നില്‍ ഹാജരായത്. അഭിഭാഷകനെ കണ്ടശേഷമാണ് സ്വപ്ന ഇഡിയുടെ ഓഫീസിലെത്തിയത്. സ്വപ്ന കോടതിയിൽ നൽകിയ 164 മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു

ഇഡിയുടെ ചോദ്യം ചെയ്യൽ. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീൽ, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവർക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്നയുടെ മൊഴിയിലുള്ളത്. തന്‍റെ കൈവശമുള്ള തെളിവുകളും ഇഡിക്ക് കൈമാറും എന്ന് സ്വപ്ന വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ വിസമ്മതിച്ച സ്വപ്ന ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം പ്രതികരിക്കാമെന്ന് അറിയിച്ചു.

ആരോഗ്യ പ്രശ്‌നങ്ങളുണ്ടായത് കൊണ്ടാണ് ഇന്ന് നേരത്തെ ചോദ്യം ചെയ്യൽ പൂർത്തിയായതെന്ന് സ്വപ്ന പറഞ്ഞു. നാളെ പതിനൊന്ന് മണിക്ക് വീണ്ടും ഹാജരാകുമെന്നും സ്വപ്‌ന അറിയിച്ചു. അതേസമയം ഡോളർ കടത്ത് കേസിൽ കഴിഞ്ഞ വർഷം സ്വപ്ന കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹർജി കോടതി പരിഗണിക്കുന്നുണ്ട്. കസ്റ്റംസിന്‍റെ വിശദീകരണം കൂടി കേട്ടതിനും ശേഷമാവും ഹർജിയിൽ തീരുമാനമാവുക. സ്വർണക്കടത്ത് കേസിൽ സ്വപന കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ഇ ഡിക്ക് കൈമാറാൻ കോടതി അനുമതി നൽകിയിരുന്നു.

You might also like