ഇന്ത്യന്‍ വംശജരായ മൂന്നുപേര്‍ ന്യൂജഴ്‌സി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ 

0

ന്യൂജഴ്‌സി: ഇന്ത്യന്‍ വംശജരായ മൂന്നുപേര്‍ ന്യൂജഴ്‌സി നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍. ഭരത് പട്ടേല്‍ (62), മരുമകള്‍ നിഷ പട്ടേല്‍ (32), എട്ടു വയസുള്ള കൊച്ചുമകള്‍ എന്നിവരാണ് മരിച്ചത്. ന്യൂജഴ്‌സി ഈസ്റ്റ് ബ്രൗണ്‍സ് വിക്കിലുള്ള വീടിനു പിന്നിലെ നാലടി താഴ്ചയുള്ള നീന്തല്‍കുളത്തിലാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ജൂണ്‍ 22-നു തിങ്കളാഴ്ചയാണ് സംഭവം.

വൈദ്യൂതാഘാതമാണോ, മുങ്ങിമരണമാണോ എന്നു വ്യക്തമല്ലെന്നു ഈസ്റ്റ് ബ്രൗണ്‍സ് വിക്ക് പോലീസ് ലഫ്റ്റനന്റ് ഡേവിഡ് ബട്ടര്‍ പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം നാലോടെ വീടിന്റെ പിന്നില്‍ നിന്നും നിലവിളി കേട്ടതായി സമീപവാസികള്‍ പറഞ്ഞു. ഇവരാണ് പോലീസില്‍ വിവരം അറിയിക്കുന്നത്. സംഭവസ്ഥലത്തെത്തിയ പോലീസ് മൂന്നുപേരേയും നീന്തല്‍കുളത്തില്‍ നിന്നും പുറത്തെടുത്ത് സിപിആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവം നടക്കുമ്പോള്‍ വീടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഈയിടെയാണ് ഇവര്‍ 45100 ഡോളര്‍ വിലയുള്ള വീട് വാങ്ങിയതും ഇവിടേക്ക് താമസം മാറ്റിയതും. സംഭവം നടക്കുന്നതിനു മുമ്പ് ഇവിടെ ഇലക്ട്രിക് കമ്പനിയുടെ ഒരു വാഹനം വന്നിരുന്നതായി അയല്‍വാസികള്‍ പറയുന്നു. മൂന്നുപേരുടേയും അപകടമരണമാണെന്നു ചൊവ്വാഴ്ച മെഡിക്കല്‍ എക്‌സാമിനേഴ്‌സ് ഓഫീസ് അറിയിച്ചു. ഇന്ത്യയിലെ ഒരേ സ്ഥലത്തുനിന്നുള്ളവരാണ് മരിച്ചവരും താനുമെന്നു അയല്‍വാസി മക്കിന്‍ പറഞ്ഞു.