15 പേരുടെ കൂടി നിപ പരിശോധനാ ഫലംകൂടി നെഗറ്റീവ്

സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു.

0

കോഴിക്കോട് :കോഴിക്കോട് :നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിലുള്ള 15 പേരുടെ കൂടി നിപ പരിശോധനാ ഫലം നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ലാബില്‍ നടത്തിയ പരിശോധനാ ഫലമാണ് പുറത്തുവന്നത്.

സമ്പര്‍ക്കപ്പട്ടികയിലുള്ള കൂടുതല്‍ പേരുടെ സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 64 പേരാണ് നിരീക്ഷണത്തിലുള്ളതെന്നും മന്ത്രി പറഞ്ഞു. പുറത്ത് വരുന്ന പരിശോധന ഫലങ്ങളെല്ലാം നെഗറ്റീവ് ആയതോടെ വലിയ ആശ്വാസത്തിലാണ് ആരോഗ്യ വകുപ്പ്. റൂട്ടുമാപ്പടക്കം പ്രസിദ്ധീകരിച്ചിട്ടും നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം വലിയ തോതില്‍ വര്‍ദ്ധിക്കാത്തത് കാര്യങ്ങള്‍ എളുപ്പമാക്കിയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. നിപ ബാധിച്ച് മരിച്ച കുട്ടിയുടെ വീടിനടുത്ത പരിസരത്ത് അസ്വാഭാവികമായി മരിച്ച ആളുകളുണ്ടോയെന്ന് പരിശോധന നടത്തിയപ്പോള്‍ ഒന്നും തന്നെ കണ്ടെത്താനായില്ല.

നിപ റിപ്പോർട്ട് ചെയ്ത ചാത്തമംഗലത്തും സമീപ പഞ്ചായത്തുകളിലും ആരോഗ്യ പ്രവർത്തകരുടെ വീട് കയറിയുള്ള സർവേയും
ഇന്ന് പൂർത്തിയാകും. സമ്പർക്കപട്ടികയിൽ ആകെയുള്ളത് 265 പേരാണ്. ഇവരിൽ 68 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. 12 പേർക്ക് പനിയും മറ്റ് ലക്ഷണങ്ങളുമുണ്ട്. സമ്പർക്ക പട്ടികയിൽ ഉള്ളവർ എല്ലാവരും നിർബന്ധമായും ക്വാറന്‍റൈന്‍ പൂർത്തിയാക്കണം.സമ്പർക്ക പട്ടികയിൽ 47 പേർ മറ്റു ജില്ലകളിൽ ഉള്ളവരാണ്. നിലവിൽ ടെസ്റ്റ് റിസൾട്ട് നെഗറ്റീവായവരെ മൂന്ന് ദിവസം കൂടി നിരീക്ഷിക്കും. ഇതിന് ശേഷം ഇവർക്ക് വീട്ടിൽ ക്വാറന്‍റൈന്‍ സൗകര്യം ഉണ്ടെങ്കിൽ മാത്രം ഐസൊലേഷൻ മാനദണ്ഡം പാലിച്ച് ക്വാറന്‍റൈന്‍ വീട്ടിൽ പൂർത്തിയാക്കാൻ അനുവദിക്കും.

You might also like

-