കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി.

ഹൈക്കോടതി ഹർജി തീർപ്പാക്കും വരെ ലോകായുക്ത ഉത്തരവിലെ തുടർ നടപടികളും പാടില്ല. ബന്ധുനിയമനമെന്ന ആരോപണം നേരത്തെ ഹൈക്കോടതിയും ഗവർണ്ണറും പരിശോധിച്ചതാണെന്നും ഹർജിയിലുണ്ട്

0

തിരുവനന്തപുരം: കെ ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയത്. വിഷയത്തിൽ മുഖ്യമന്ത്രിയാണ് തീരുമാനം എടുക്കേണ്ടത്. ജലീലിന്‍റെ ബന്ധു കെടി അദീബിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ജനറൽ മാനേജരായി നിയമിച്ച നടപടി ചട്ടവിരുദ്ധമാണെന്നും അധികാര ദുർവിനിയോഗമാണെന്നുമുളള കണ്ടെത്തലാണ് ലോകായുക്ത നടത്തിയത്. സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മന്ത്രിയെ തൽസ്ഥാനത്തുനിന്ന് മുഖ്യമന്ത്രി നീക്കണമെന്നും ഉത്തരവിലുണ്ട്.

അതേസമയം മന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന ലോകായുക്ത ഉത്തരവിനെതിരെ ജലീൽ ഹൈക്കോടതിയെ സമീപിച്ചു. തന്‍റെ ഭാഗം പരിഗണിക്കാതെയും വസ്തുതകൾ പൂർണ്ണമായി അപഗ്രഥിക്കാതെയും ലോകായുക്ത ഇറക്കിയ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി ഹർജി തീർപ്പാക്കും വരെ ലോകായുക്ത ഉത്തരവിലെ തുടർ നടപടികളും പാടില്ല. ബന്ധുനിയമനമെന്ന ആരോപണം നേരത്തെ ഹൈക്കോടതിയും ഗവർണ്ണറും പരിശോധിച്ചതാണെന്നും ഹർജിയിലുണ്ട്. ഇതൊന്നും പരിഗണിക്കാതെയുളള ഉത്തരവ് ഏകപക്ഷീയമാണെന്നാണ് വാദം. എന്നാൽ ലോകായുക്ത ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി നിയമപരപമായി നിലനിൽക്കില്ലെന്ന വാദവുമുണ്ട്.