ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി

ഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌.വി രാജു കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യേപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്.

0

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌.വി രാജു കോടതിയിൽ ഹാജരാകാത്തതിനെ തുടർന്നാണ് ജാമ്യേപേക്ഷ പരിഗണിക്കുന്നത് മാറ്റിവെച്ചത്. എസ്.വി രാജു കൊറോണ മുക്തനായില്ലെന്ന് കോടതിയെ അറിയിച്ചു. തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചയിലേക്ക് മാറ്റിവെച്ചത്.

ബിനീഷിന്റെ അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം ഏതെന്ന് വ്യക്തമാക്കാൻ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്‍റെ അഭിഭാഷകന്‍ ഇതുസംബന്ധിച്ച വിശദീകരണം സമർപ്പിച്ചതിൽ ഇഡിയുടെ മറുപടി വാദമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്. ബിനീഷിന്റെ അക്കൗണ്ടിലേക്ക് അഞ്ച് കോടി രൂപ എത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ

കോടതി ആവശ്യപ്പെട്ട രേഖകൾ എല്ലാം തന്നെ സമർപ്പിച്ചതായി ബിനീഷിന്റെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ബിനീഷിന്റെ അക്കൗണ്ടിലേക്ക് അനീഷ് മുഹമ്മദ് പണം നിക്ഷേപിച്ചിട്ടില്ല. വ്യാപാരവുമായി ബന്ധപ്പെട്ട പണമാണ് അക്കൗണ്ടിലേക്ക് വന്നതെന്നും അഭിഭാഷകൻ വ്യക്തമാക്കി.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231 ദിവസം പിന്നിട്ടു.ഇടക്കാല ജാമ്യം ആവശ്യപ്പെട്ടുള്ള ബിനീഷിൻറെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു.