ഫോറസ്റ്റുകാരെ ചോദ്യം ചെയ്ത കഞ്ഞിക്കുഴിയിലെ കർഷകർക്കെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐ ആർ റദ്ദു ചെയ്യണം:സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി ഗുണ്ടായിസം കാണിച്ച ഫോറസ്റ്റുകാർക്കെതിരെ കേസെടുക്കണം :കിഫ
കഞ്ഞിക്കുഴി പഴയരികണ്ടം മേഖലയിൽ എവിടെയോക്കെയോ EFL ഭൂമിയുണ്ടെന്നും അതിൽ ഇട്ടിരിക്കുന്ന ജണ്ടകൾ കാണാതായിട്ടുണ്ടെന്നും സമീപവാസികളായ വീട്ടുകാരിൽ നിന്നും ബലമായി എഴുതി ഒപ്പിട്ടുവാങ്ങുന്ന പ്രവർത്തിയാണ് വനം വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്.
കോഴിക്കോട് | ഇടുക്കി കഞ്ഞിക്കുഴി പഞ്ചായത്ത് പഴയരികണ്ടത്ത് വാറണ്ടോ മറ്റ് ഔദ്യോഗിക രേഖകളോ ഇല്ലാതെ വീട്ടിൽ കയറി ഗുണ്ടായിസം കാണിച്ച ഫോറസ്റ്റ്കാരെ ചോദ്യം ചെയ്ത നാട്ടുകാർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത നടപടി അടിയന്തരമായി റദ്ദ് ചെയ്യണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ പ്രസ്താവിച്ചു .പഴയരികണ്ടം പുത്തൻപുരയിൽ ടിജോ പി ജോയ് അടക്കമുള്ള ആളുകൾക്കെതിരെയാണ് നഗരം പാറ റേഞ്ച് ഓഫീസിലുള്ള ഫോറസ്റ്റുകാരുടെ പരാതിയെ തുടർന്ന് കഞ്ഞിക്കുഴി പോലീസ് കേസ് എടുത്തിരിക്കുന്നത്.
കഞ്ഞിക്കുഴി പഴയരികണ്ടം മേഖലയിൽ എവിടെയോക്കെയോ EFL ഭൂമിയുണ്ടെന്നും അതിൽ ഇട്ടിരിക്കുന്ന ജണ്ടകൾ കാണാതായിട്ടുണ്ടെന്നും സമീപവാസികളായ വീട്ടുകാരിൽ നിന്നും ബലമായി എഴുതി ഒപ്പിട്ടുവാങ്ങുന്ന പ്രവർത്തിയാണ് വനം വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്.
അതിനെ ചോദ്യം ചെയ്തവർക്കെതിരെയാണ് ഇപ്പോൾ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നു പറഞ്ഞു ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തിരിക്കുന്നത്.
സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി ഗുണ്ടായിസം കാണിച്ച ഫോറസ്റ്റുകാർക്കെതിരെ കേസെടുക്കുകയും അവരെ സർവീസിൽ നിന്ന് അടിയന്തരമായി സസ്പെൻഡ് ചെയ്തു സ്വതന്ത്രമായ അന്വേഷണം നടത്തി ഇത്തരം പുഴുക്കുത്തുകൾ ഫോറസ്റ്റ് സർവീസിൽ ജോലി ചെയ്യുന്നില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്നും കിഫ ചെയർമാൻ ആവശ്യപ്പെട്ടു