പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് തുടങ്ങും

സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ മുതല്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകള്‍ അടിച്ചു തകര്‍ത്ത സംഭവം വരെ ആയുധമായി പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. സര്‍ക്കാര്‍ എത്തരത്തിലായിരിക്കും പ്രതിരോധിക്കുക എന്നതും നിര്‍ണായകമാകും. തൃക്കാക്കരയിൽ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസം വി ഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷത്തിനുണ്ടാകും.

0

തിരുവനന്തപുരം | പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് തുടങ്ങും .നിയമസഭാ സമ്മേളനം ഇന്ന് മുതല്‍ അടുത്ത മാസം 27 വരെ 23 ദിവസമാണ് സഭ സമ്മേളിക്കുന്നത്. അതേസമയം നിലവിലെ രാഷ്ട്രീയ വിഷയങ്ങള്‍ സഭയില്‍ ഉയര്‍ത്തി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനും സഭക്ക് പുറത്ത് ശക്തമായ പ്രതിഷേധം ഉയര്‍ത്താനുമാണ് പ്രതിപക്ഷ തീരുമാനം.

സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ മുതല്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകള്‍ അടിച്ചു തകര്‍ത്ത സംഭവം വരെ ആയുധമായി പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. സര്‍ക്കാര്‍ എത്തരത്തിലായിരിക്കും പ്രതിരോധിക്കുക എന്നതും നിര്‍ണായകമാകും. തൃക്കാക്കരയിൽ നേടിയ ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസം വി ഡി സതീശന്‍ നയിക്കുന്ന പ്രതിപക്ഷത്തിനുണ്ടാകും.

പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി വ്യക്തമായ മറുപടി സഭയില്‍ പറയേണ്ടി വരും. കൂടാതെ സില്‍വര്‍ലൈന്‍ പദ്ധതി, ബഫര്‍ സോണ്‍ വിഷയം എന്നിവയിലെ സര്‍ക്കാരിന്റെ നിലപാട് എന്തായിരിക്കുമെന്നും ഉറ്റുനോക്കേണ്ട ഒന്നാണ്. ഈ സാമ്പത്തിക വര്‍ഷത്തെ ധനാഭ്യര്‍ത്ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളില്‍ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കാണ് നീക്കിവച്ചത്. നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായും ധനകാര്യബില്‍ ഉള്‍പ്പെടെയുള്ള ബില്ലുകളുടെ പരിഗണനക്കായി നാല് ദിവസവും ഉപധനാഭ്യാര്‍ത്ഥനക്കും ധനവിനിയോഗ ബില്ലുകള്‍ക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ട്.

രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം. രാവിലെ ചേരുന്ന പ്രതിപക്ഷ എംഎൽഎമാരുടെ യോഗം ചോദ്യോത്തര വേള മുതൽ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കും. സ്വർണ്ണകടത്തിലും തൃക്കാക്കര തോൽവിയിലും മുഖ്യമന്ത്രിയുടെ പ്രതികരണവും പ്രധാനമാണ്.

തൃക്കാക്കര തെരഞ്ഞെടുപ്പ് ജയം നൽകിയ വലിയ ആത്മവിശ്വാസത്തിൽ നിയമസഭയിലേക്ക് എത്തുന്ന പ്രതിപക്ഷത്തിന് വര്‍ദ്ധിത വീര്യം നൽകുന്നതാണ് രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം. എസ്എഫ്ഐയുടെ കൈവിട്ട കളിയിൽ സര്‍ക്കാരാകട്ടെ കനത്ത പ്രതിരോധത്തിലാണ്. സമരത്തെ തള്ളിപ്പറഞ്ഞതുകൊണ്ട് മാത്രം പ്രശ്നം തീരില്ലെന്ന് പ്രതിപക്ഷം ഉറപ്പിക്കുമ്പോൾ പ്രശ്നം ആദ്യ ദിവസം തന്നെ സഭാതലത്തിൽ കത്തിക്കയറുമെന്ന് ഉറപ്പാണ്.

സ്വര്‍ണ്ണക്കടത്ത് കേസിലെ ആരോപണം മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയാണ്. തൃക്കാക്കരക്ക് ശേഷം മാധ്യമങ്ങൾക്ക് മുന്നിലെത്താത്ത പിണറായി വിജയന് സ്വര്‍ണ്ണക്കടത്ത് ആക്ഷേപത്തിൽ എന്ത് പറയാനുണ്ടെന്ന് സഭാ സമ്മേളനത്തിൽ വ്യക്തമാകും. സിൽവര്‍ ലൈൻ മുതൽ ബഫര്‍ സോൺ വരെയുള്ള വിഷയങ്ങളിൽ സര്‍ക്കാര്‍ നിലപാടുകളിൽ നെല്ലും പതിരും തിരിയും വിധം ഇഴകീറിയ ചര്‍ച്ച നടക്കും. ലോക കേരളസഭാ വിവാദം , പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ട് തട്ടിപ്പ്, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന തുടങ്ങി നിരയിലേക്ക് തൊടുക്കാൻ പ്രതിപക്ഷത്തിന് ആയുധങ്ങളേറെയാണ്. പിടി തോമസിന്റെ വിയോഗ ശേഷം സഭയിലെത്തുന്ന ഉമാ തോമസും സമ്മേളനത്തിലെ ശ്രദ്ധാ കേന്ദ്രമാകും. സമ്മേളന ദൈര്‍ഘ്യം കുറയാനും സാധ്യതയേറെ.

You might also like

-