സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടണമെന്ന് കുടുംബം

" മുഖ്യമന്ത്രി ഉണ്ട്, പ്രതിപക്ഷ നേതാവ് ഉണ്ട്. അവരോട് ഒക്കെ കുറെ ആയി പറയുന്നു. അവർക്ക് ഇതിൽ എങ്കിലും ഒന്ന് ഇടപെട്ടുകൂടെ. ഒരു മനുഷ്യൻ അല്ലേ"

0

മലപ്പുറം : യു.എ.പി.എ കേസിൽ ഉത്തർപ്രദേശിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം. കോവിഡ് ബാധിതനായ സിദ്ധീഖ് കാപ്പന്റെ നില ഗുരുതരമാണെന്നും മതിയായ ചികിത്സയോ ഭക്ഷണമോ ലഭിക്കുന്നില്ലെന്നും ഭാര്യ റൈഹാന പറഞ്ഞു. അതീവ ഗുരുതരാവസ്ഥയിലായ സിദ്ധീക്ക് കാപ്പൻ യുപിയിലെ മഥുര ആശുപത്രിയിൽ ചികിൽസയിലാണെന്നും റൈഹാന പറയുന്നു.

“നാല് ദിവസമായി സിദ്ധീക്ക് കാപ്പൻ ഭക്ഷണം കഴിച്ചിട്ടില്ല. നിലത്ത് വീണു താടി പൊട്ടിയ അവസ്ഥയിലാണ്. താടിക്ക് പരിക്കുള്ളത് കൊണ്ട് ഒന്നും കഴിക്കാനും കഴിയുന്നില്ല. ശൗചാലയത്തിൽ പോകാൻ പോലും അനുവദിക്കാതെ കട്ടിലിൽ കെട്ടിയിട്ടിരിക്കുകയാണ് .” ആശുപത്രിയേക്കാൾ ഭേദം ജയിലാണെന്നും റൈഹാനത്ത് പറഞ്ഞു.“ടോയ്‌ലറ്റിൽ പോകാൻ പോലും പറ്റുന്നില്ല. ചങ്ങലയിൽ കെട്ടി ഇട്ടിരിക്കുകയാണ്. മൂത്രമൊഴിക്കാൻ ഒരു ബോട്ടിൽ ആണ് തന്നത്. ഇതിലും ഭേതം ജയിലിൽ ആണ്. എങ്ങനെയെങ്കിലും ഒന്ന് ഡിസ്ചാർജ് ചെയ്താൽ ജയിലിലേക്ക് തിരിച്ച് പോകാൻ പറ്റും. അവിടെ ഇതിനൊക്കെ എങ്കിലും സാധിക്കുമല്ലോ “ കാപ്പൻ പറഞ്ഞതായി റൈഹാനത്തിൻറെ വാക്കുകൾ
മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തിരമായി പ്രശ്നത്തിൽ ഇടപെടണം. ഒരു മലയാളി എന്ന പരിഗണന എങ്കിലും സിദ്ദീഖ് കാപ്പന് നൽകണം. ” മുഖ്യമന്ത്രി ഉണ്ട്, പ്രതിപക്ഷ നേതാവ് ഉണ്ട്. അവരോട് ഒക്കെ കുറെ ആയി പറയുന്നു. അവർക്ക് ഇതിൽ എങ്കിലും ഒന്ന് ഇടപെട്ടുകൂടെ. ഒരു മനുഷ്യൻ അല്ലേ” റൈഹാനത്ത് ആവശ്യപ്പെട്ടു.

കാപ്പന് മികച്ച ചികിത്സ ആവശ്യപ്പെട്ട് അഭിഭാഷകൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി അനുകൂല സമീപനം സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം. അതേസമയം സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, കേരള മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർക്ക് കുടുംബം കത്തയച്ചു. വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ ഫോണിൽ വിളിക്കുകയും വേണ്ടത് ചെയ്യാമെന്ന് ഉറപ്പു നൽകുകയും ചെയ്തിട്ടുണ്ടെന്ന് പി.വി അബ്ദുൽ വഹാബ് അറിയിച്ചു.

കാപ്പന് അടിയന്തിര ചികിത്സ നൽകണമെന്ന് ആവശ്യപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടി ചീഫ് ജസ്റ്റിസിന് കത്തയച്ചു. സർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിവിധ പാർട്ടി പ്രതിനിധികളും നേതാക്കളും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പന് ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരംഅറസ്റ്റ് ചെയ്തത്. അറസ്റ്റിലായി ഒരിക്കൽ മാത്രമാണ് സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചത്. രോഗിയായ അമ്മയെ കാണാൻ അഞ്ച് ദിവസത്തേക്കായിരുന്നു ജാമ്യം.