സിപിഎം തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കാൻ തീരുമാനിച്ചു  സമ്മേളനം ഇന്ന് അവസാനിക്കും

ഞായറാഴ്ചയായിരുന്നു സമ്മേളനം സമാപിക്കേണ്ടിയിരുന്നത്. എന്നാൽ ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ശനിയാഴ്ച തന്നെ സമ്മേളനം അവസാനിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു.

0

തൃശൂർ  | കോവിഡ് പടരുന്ന സാഹചര്യത്തിൽ സിപിഎം തൃശൂർ ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കാൻ തീരുമാനിച്ചു .സമ്മേളനത്തിൻ്റെ ഭാഗമായി ഞായറാഴ്ച്ച നടത്താനിരുന്ന എല്ലാ പരിപാടികളും റദ്ദാക്കിയിരുന്നു.അതേസമയം ഇന്ന് പ്രതിനിസമ്മേളനത്തിൻ്റെ ഭാഗമായുണ്ടായ ചർച്ചയ്ക്കുള്ള മറുപടിയും പുതിയ കമ്മിറ്റിയുടെ തെരഞ്ഞെടുപ്പുമാകും ഉണ്ടാവുക. കാസർകോട് ജില്ലാ സമ്മേളനം വെട്ടിച്ചുരുക്കിയതിന് പിന്നാലെയാണ് തൃശൂർ ജില്ലാ സമ്മേളനത്തിലും അവസാന ദിവസത്തെ പരിപാടികൾ ഒഴിവാക്കിയത്.
ഞായറാഴ്ചയായിരുന്നു സമ്മേളനം സമാപിക്കേണ്ടിയിരുന്നത്. എന്നാൽ ഞായറാഴ്ച ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ശനിയാഴ്ച തന്നെ സമ്മേളനം അവസാനിപ്പിക്കാൻ സിപിഎം നേതൃത്വം തീരുമാനമെടുക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് പാർട്ടി നേതൃത്വം ഇത് സംബന്ധിച്ച്് അന്തിമ തീരുമാനമെടുത്തത്.കാസർകോട് സമ്മേളനം വിലക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കവേ 50 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കുന്ന സമ്മേളനങ്ങൾ ഹൈക്കോടതി വിലക്കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കാസർകോട് സമ്മേളനം ഒറ്റ ദിവസത്തെ പരിപാടിയാക്കി ചുരുക്കാൻ പാർട്ടി നിർബന്ധിതമായത്.

എന്നാൽ തൃശൂർ ജില്ലാ സമ്മേളനത്തിന് ഹൈക്കോടതി ഉത്തരവ് ബാധകമാകില്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കാസർകോട് ജില്ലയിൽ കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുസമ്മേളനങ്ങൾ വിലക്കിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയും ജില്ലാ കളക്ടർ പുറത്തിറക്കിയ ഉത്തരവ് രണ്ട് മണിക്കൂറിനകം പിൻവലിച്ചിരുന്നു. സിപിഎം സമ്മേളനം നടത്താൻ വേണ്ടി നേതാക്കൾ ഇടപെട്ടാണ് ഉത്തരവ് പിൻവലിപ്പിച്ചതെന്നാണ് ആക്ഷേപം ഉയർന്നത്. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിലും ഹർജി എത്തിയത്.ഇന്നലെയാണ് തൃശൂർ സമ്മേളനം ആരംഭിച്ചത്. എംഎ ബേബിയായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്. ഈ മാസം 28 മുതൽ നിശ്ചയിച്ച ആലപ്പുഴ സമ്മേളനവും വിവാദത്തിലാണ്. നേരത്തെ തിരുവനന്തപുരം സമ്മേളനത്തിൽ പങ്കെടുത്ത എംഎൽഎമാർ അടക്കമുളളവർക്ക് കോവിഡ്
പിടിപെട്ടിരുന്നു.അതേസമയം സിപിഐ (എം) കാസർകോഡ് ജില്ലാ സെക്രട്ടറിയായി എം വി ബാലകൃഷ്ണനെ വീണ്ടും തെരഞ്ഞെടുത്തു. 36 അംഗ ജില്ലാ കമ്മറ്റിയെയും 10 അംഗ സെക്രട്ടേറിയറ്റിനെയും സമ്മേളനം തിരഞ്ഞെടുത്തു. കൊവിഡ് സാഹചര്യത്തിൽ മൂന്ന് ദിവസത്തെ സമ്മേളനം ഒരു ദിവസം കൊണ്ട് നടപടി ക്രമങ്ങൾ പൂർത്തിയാക്കി പിരിയുകയായിരുന്നു

You might also like

-