സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കേരളത്തില്‍ എത്തിക്കും

ബംഗളൂരു കോറമംഗലയില്‍ ഉള്ള ഹോട്ടലില്‍ നിന്നാണ് എന്‍ഐഎ ഇവരെ കസ്റ്റഡിയിലെടുത്തത്.

0

ബംഗളൂരുവില്‍ അറസ്റ്റിലായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും ഇന്ന് കേരളത്തില്‍ എത്തിക്കും. ഇരുവരേയും ബംഗളൂരു മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ശേഷമാകും കേരളത്തിലേക്ക് കൊണ്ടുവരുക .
ബംഗളൂരു കോറമംഗലയില്‍ ഉള്ള ഹോട്ടലില്‍ നിന്നാണ് എന്‍ഐഎ ഇവരെ കസ്റ്റഡിയിലെടുത്തത്. സ്വപ്നക്കൊപ്പം രണ്ട് മക്കളുമുണ്ടായിരുന്നു. സ്വപ്നയെയും സന്ദീപിനെയും കൊച്ചിയിലേക്കാവും കൊണ്ടുവരിക. ഫ്ലൈറ്റ് വഴിയാണോ റോഡ് മാര്‍ഗമാണോ എന്ന് വ്യക്തമല്ല. ഇരുവരുടെയും കോവിഡ് ടെസ്റ്റ് ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ ശേഷമാകും ചോദ്യം ചെയ്യുക

സ്വപ്നയും സന്ദീപും എപ്പോഴാണ് കേരളം വിട്ടതെന്ന് വ്യക്തമല്ല. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ ഇരു സംസ്ഥാനങ്ങളിലും പരിശോധനകളുണ്ടെന്നിരിക്കെ ഇവരുടെ യാത്രകള്‍ ദുരൂഹമാണ്. ഫോണ്‍വിളികളും മാധ്യമങ്ങളിലൂടെ പുറത്തുവന്ന സ്വപ്നയുടെ ശബ്ദരേഖയും കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവരെയും പിടികൂടാന്‍ കസ്റ്റംസ് കേരള പൊലീസിന്‍റെ സഹായം തേടിയതിനിടെയാണ് നാടകീയ നീക്കത്തിലൂടെ എന്‍ഐഎ ഇരുവരെയും പിടികൂടിയത്.

എന്‍.ഐ.എയുടെ എഫ്ഐആര്‍ പ്രകാരം നിലവില്‍ നാല് പ്രതികളാണുള്ളത്. ഒന്നാം പ്രതി സരിത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, പാഴ്സല്‍ അയച്ച ഫൈസല്‍ പരീത് മൂന്നാം പ്രതി, നാലാംപ്രതി സ്വപ്നയുടെ ബിസിനസ് പങ്കാളിയായ സന്ദീപ് നായര്‍. കേസിൽ നേരത്തെ യു.എ.പി.എ ചുമത്തിയിരുന്നു. യു.എ.പി.എ 16, 17, 18 വകുപ്പുകള്‍ ചുമത്തിയതായാണ് എന്‍.ഐ.എ ഹൈക്കോടതിയില്‍ അറിയിച്ചത്.എന്‍ഐഎയുടെ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതല. തീവ്രവാദ ബന്ധമുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കും. നേരത്തെ കേസ് പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരുന്നു.