ഹിജാബ് കേസിൽ സുപ്രീംകോടതി രണ്ടംഗ ബഞ്ചിന്റെ ഭിന്നവിധി. തീരുമാനം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു.

ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി തെറ്റാണെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ വ്യക്തമാക്കിയപ്പോൾ ഹിജാബ് നിരോധിക്കാമെന്ന നിലപാടാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. സുപ്രീംകോടതി ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്

0

ഡൽഹി | കർണാടകയിലെ ഹിജാബ് കേസിൽ സുപ്രീംകോടതി രണ്ടംഗ ബഞ്ചിന്റെ ഭിന്നവിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ ഹർജിയാണ് കോടതി പരിഗണിച്ചത്. ഹിജാബ് നിരോധനം ശരിവെച്ച കർണാടക ഹൈക്കോടതി വിധി തെറ്റാണെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ വ്യക്തമാക്കിയപ്പോൾ ഹിജാബ് നിരോധിക്കാമെന്ന നിലപാടാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി. സുപ്രീംകോടതി ഡിവിഷൻ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ഹർജിയിൽ തീരുമാനമാകാത്തതിനാൽ നിലവിലെ കർണാടക ഹൈക്കോടതി വിധി തുടരാനാണ് സാധ്യത.ഇതോടെ ഹർജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്ന തീരുമാനം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്ക് വിട്ടു. തുടർച്ചയായ 10 ദിവസത്തെ വാദത്തിന് ശേഷമാണ് വിധി പറയുന്നത്.ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി.അപ്പീലുകൾക്കെതിരായ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിട്ടുണ്ടെന്നും അപ്പീലുകൾ തള്ളിക്കളയാൻ നിർദ്ദേശിക്കുന്നുവെന്നുമായിരുന്നു ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി.

എന്നാൽ, ഹിജാബ് ധരിക്കുന്നത് ആത്യന്തികമായി തെരഞ്ഞെടുപ്പിന്റെ കാര്യമാണ്, മറ്റൊന്നുമല്ല. തന്റെ മനസ്സിൽ ഏറ്റവും ഉയർന്നു വന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ്. തന്റെ സഹോദരനായ ജഡ്ജിയോട് ബഹുമനപൂർവം വിയോജിക്കുന്നുവെന്നാണ് ജസ്റ്റിസ് ധൂലിയ വ്യക്തമാക്കിയത്.രണ്ട് ജഡ്ജിമാരുടെ ഭിന്നവിധി നൽകിയിരിക്കുന്നതിനാൽ കേസ് ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലേക്ക് പോയിരിക്കുകയാണ്. അതിനാൽ ചീഫ് ജസ്റ്റിസിന്റെ ഉത്തരവിനായി കാത്തിരിക്കണമെന്ന് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര പ്രതികരിച്ചു.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. വിവിധ വിദ്യാര്‍ത്ഥിനികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലിന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളൂം ആണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നത്.

ഹര്‍ജിക്കാര്‍ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍ ദുഷ്യന്ത് ദവെ, ഹുഫേസ അഹമദി, സഞ്ജയ് ഹെഡ്ഡെ, രാജീവ് ധവാന്‍, ദേവദത്ത് കാമത്ത്, സല്‍മാന്‍ ഖുര്‍ഷിദ്, , ഹാരിസ് ബീരാന്‍, സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ ഹാജരായി. കര്‍ണാടക സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ്, അഡ്വക്കേറ്റ് ജനറല്‍ പി കെ നവദഗി എന്നിവര്‍ ഹാജരായി. പത്ത് ദിവസം വാദംകേള്‍ക്കല്‍ നീണ്ടുനിന്നു.

You might also like

-