മീഡിയവൺ സംപ്രേഷണം തുടരാം വിലക്ക് നീക്കി സുപ്രിം കോടതി ,വിശദമായ സത്യവാങ്മൂലം സംറപ്പിക്കും കേന്ദ്രസർക്കാർ

ചാനലിന് വിലക്കേർപ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്

0

ഡൽഹി | മീഡിയവൺ ചാനലിന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ സംപ്രേഷണവിലക്ക് സ്റ്റേ ചെയ്ത് സുപ്രിംകോടതി. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവർ അടങ്ങുന്ന ബഞ്ചിന്റേതാണ് ഇടക്കാല വിധി. ചാനലിന് മുമ്പുണ്ടായിരുന്നതുപോലെ പ്രവർത്തിക്കാമെന്ന് കോടതി ഉത്തരവിട്ടു. ചാനലിന് വിലക്കേർപ്പെടുത്തുന്നതിനുള്ള സുരക്ഷാ ആശങ്കകൾ ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഫയലുകൾ പരിശോധിച്ച ശേഷമാണ് വിലക്ക് സ്റ്റേ ചെയ്തത്. സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ ഇടക്കാല ഉത്തരവ് വേണമെന്ന മിഡീയവണിന്റെ ആവശ്യത്തിലാണ് ബഞ്ച് ഇന്ന് വാദം കേട്ടത്. ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഉത്തരവിനെതിരെ മീഡിയവൺ സമർപ്പിച്ച ഹർജി മാർച്ച് പത്തിനാണ് സുപ്രിംകോടതി പരിഗണിച്ചത്. ചൊവ്വാഴ്ച വിശദമായ വാദം കേൾക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു.
‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡിന്റെ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കിയ കേന്ദ്രസർക്കാർ ഉത്തരവ് സ്റ്റേ ചെയ്തതായി ഞങ്ങൾ വിധിക്കുന്നു. ഹരജിക്കാർക്ക്, മീഡിയവൺ ചാനൽ സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനു മുമ്പുള്ള അതേ അടിസ്ഥാനത്തിൽ നടത്താം.’ – കോടതി വ്യക്തമാക്കി. ഇന്റലിജൻസ് റിപ്പോർട്ട് എന്താണെന്ന് അറിയാൻ ഹരജിക്കാർക്ക് അവകാശമുണ്ടെന്ന് കോടതി പറഞ്ഞു. ‘ഫയലുകൾ പുറത്തു വിടണം. ഹരജിക്കാർക്ക് അതറിയാനുള്ള അവകാശമുണ്ട്. ആ അവകാശം സംരക്ഷിക്കപ്പെടണം. മാധ്യമസ്ഥാപനം എന്ന നിലയില്‍ പരിരക്ഷ അര്‍ഹിക്കുന്നുണ്ട് ‘ – ബഞ്ച് നിരീക്ഷിച്ചു. ഈ മാസം 26ന് മുമ്പ് കേന്ദ്രം വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു

സുരക്ഷാകാരണങ്ങളാൽ മീഡിയ വൺ ചാനലിന്റെ ലൈസൻസ് പുതുക്കി നൽകാതിരുന്ന സംഭവത്തിൽ വിശദമായ സത്യവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. വിലക്ക് ശരിവെച്ച ഹൈക്കോടതി ഉത്തരവിനെതിരെ മാനേജ്‌മെന്റ് സുപ്രീംകോടതിയിൽ നൽകിയ ഹർജി പരിഗണിക്കവേയാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്.

രഹസ്യാന്വേഷണ റിപ്പോർട്ടിലെ ഗുരുതരമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിലക്കെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേന്ദ്രസർക്കാരിന് വേണ്ടി രണ്ട് സോളിസിറ്റർ ജനറലാണ് സുപ്രീം കോടതിയിൽ ഹാജരായത്. വിശദമായ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കൂടുതൽ സമയം കേന്ദ്രം ആവശ്യപ്പെട്ടു. തുടർന്ന് ഇടക്കാല ഉത്തരവിലൂടെ താൽക്കാലികമായി സംപ്രേഷണം തുടരാൻ കോടതി മീഡിയ വണ്ണിന് അനുമതി നൽകി. എന്നാൽ സർക്കാർ സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിലാകും ലൈസൻസ് പുതുക്കി നൽകുന്നതിൽ അന്തിമ ഉത്തരവ് ഉണ്ടാകുക.

വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നും മുദ്രവെച്ച കവറിൽ കൈമാറിയ വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

ചാനലിന് വിലക്ക് ഏർപ്പെടുത്തിയ ശേഷം യുട്യൂബ് ചാനലിലൂടെ ഹൈക്കോടതി ജഡ്ജിമാരെ മീഡിയവൺ വിമർശിച്ചുവെന്ന് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ചു. ഇതിന് ചാനൽ മാപ്പ് പറയണമെന്നും സർക്കാർ വാദത്തിനിടെ ആവശ്യപ്പെട്ടു.സംപ്രേഷണ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. ഇതേ തുടർന്നായിരുന്നു ചാനൽ മാനേജ്മെന്റ് സുപ്രീംകോടതിയെ സമീപിച്ചത്. മാനേജ്‌മെന്റിനെക്കൂടാതെ എഡിറ്റർ പ്രമോദ് രാമൻ, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവരും ഹർജി നൽകിയിരുന്നു.

You might also like

-