ഹർത്താൽ 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 70 കെഎസ്ആര്‍ടിസി ബസുകള്‍ തകർത്തു

ഹര്‍ത്താലില്‍ തെക്കന്‍ ജില്ലകളില്‍ വ്യാപക അക്രമമാണ് നടന്നത്. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ നിഖില്‍ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇരുവരേയും കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

0

കൊച്ചി | ഹര്‍ത്താലിന്റെ മറവില്‍ സംസ്ഥാനത്ത് നടത്തിയ അക്രമസംഭവങ്ങളില്‍ 127 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. 229 പേരെ കരുതല്‍ തടങ്കലിലും പാര്‍പ്പിച്ചിട്ടുണ്ട്. അക്രമികള്‍ കണ്ടാല്‍ ഉടന്‍ തന്നെ അറസ്റ്റ് ചെയ്യാനാണ് ഡിജിപി നല്‍കിയിരിക്കുന്ന നിര്‍ദേശം. പോപ്പുലര്‍ ഫ്രണ്ട് ആക്രമണത്തില്‍ 70 കെഎസ്ആര്‍ടിസി ബസുകള്‍ നശിപ്പിക്കപ്പെട്ടുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരത്തും കോഴിക്കോടും കണ്ണൂരും ഡ്രൈവര്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഹര്‍ത്താലില്‍ തെക്കന്‍ ജില്ലകളില്‍ വ്യാപക അക്രമമാണ് നടന്നത്. കൊല്ലം പള്ളിമുക്കില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പൊലീസുകാരെ ബൈക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. കൊല്ലം ഇരവിപുരം പൊലീസ് സ്റ്റേഷനിലെ സിപിഒ ആന്റണി, കൊല്ലം എ.ആര്‍ ക്യാമ്പിലെ കോണ്‍സ്റ്റബിള്‍ നിഖില്‍ എന്നിവര്‍ക്ക് ഗുരുതര പരുക്കേറ്റു. ഇരുവരേയും കൊല്ലം എന്‍.എസ് സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും തെക്കന്‍ ജില്ലകളില്‍ വ്യാപക അക്രമം നടന്നു. പത്തനംതിട്ടയില്‍ നാലിടങ്ങളിലാണ് അക്രമം. പന്തളം, പത്തനംതിട്ട, കോന്നി, ഇളകൊള്ളൂര്‍ എന്നിവിടങ്ങളിലാണ് ബസ്സുകള്‍ക്ക് നേരെ കല്ലേറുണ്ടായത്. പന്തളത്ത് കല്ലേറില്‍ കെഎസ്ആര്‍ടി സി ഡ്രൈവറുടെ കണ്ണിന് പരുക്കേറ്റു. പത്തനംതിട്ട കുമ്പഴ റോഡില്‍ ആനപ്പാറയിലും ബസിന് നേരെ കല്ലേറുണ്ടായി. നാലംഗ സംഘമാണ് കല്ലെറിഞ്ഞതെന്ന് ജീവനക്കാര്‍ പറഞ്ഞു. കോന്നിയിലും കല്ലേറില്‍ ഡ്രൈവര്‍ക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് കുമരിച്ചന്തയില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായി. കാറിനും ഓട്ടോയ്ക്കും നേരെ ആയിരുന്നു കല്ലേറ്. കിള്ളിപ്പാലം ബണ്ട് റോഡ്, കാട്ടാക്കട അഞ്ചുതെങ്ങിന്‍മൂട്, ബാലരാമപുരം കല്ലമ്പലം, മണക്കാട് എന്നിവിടങ്ങളില്‍ ബസ്സുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായി

പോപ്പുലർ ഫ്രണ്ട് ഹർത്താലിന്റെ മറവിൽ സംസ്ഥാനത്താകെ വ്യാപക ആക്രമണങ്ങൾ തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകിയെങ്കിലും പലയിടത്തും വാഹഗങ്ങൾ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടായി. എന്നാൽ അപ്പോഴും എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ഡിജിപി അനിൽകാന്ത് വിശദീകരിക്കുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കുറച്ചു പേരെ കരുതൽ തടങ്കലിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പ്രശ്നങ്ങൾ ഉണ്ടാകുന്നിടത്ത് കൂടുതൽ സേനയെ വിന്യസിക്കുമെന്ന് വ്യക്തമാക്കിയ ഡിജിപി, വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും വിശദീകരിച്ചു.

പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ എൻഐഎ റെയിഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് ഇന്ന് മിന്നൽ ഹർത്താൽ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകിയിരുന്നുവെങ്കിലും പലയിടങ്ങളിലും ആക്രമണങ്ങൾ അരങ്ങേറി. അക്രമം തടയാൻ കാര്യമായ നടപടികളൊന്നും പൊലീസിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായതുമില്ല.

തിരുവനന്തപുരം കാട്ടാക്കടയിൽ സമരക്കാർക്ക് മുന്നിൽ പൊലീസ് നോക്കി നിൽക്കെ, ബസുകൾ സർവീസ് നടത്തണമെന്നാവശ്യപ്പെട്ട് വയോധിക പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് കാഴ്ചക്കാരായി നോക്കി നിൽക്കുന്നതിനിടെ പൊലീസിനോടും സമരക്കാരോടുമായിരുന്നു ഇവരുടെ പ്രതിഷേധം. പിന്നാലെയാണ് പൊലീസ് സംരക്ഷണത്തിൽ ഡിപ്പോയിൽ നിന്ന് സര്‍വീസ് തുടങ്ങിയത്.

അതിനിടെ ഹർത്താലിനെതിരെ കോടതിയിൽ നിന്നും രൂക്ഷ വിമർശനമാണുണ്ടായത്. പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താൽ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരെ സ്വമേധയാ കേസും എടുത്തു. പൊതുമുതൽ നശിപ്പിക്കുന്നവർക്കെതിരെ കേസ് എടുക്കാൻ നിർദ്ദേശിച്ച കോടതി പൊതുഗതാഗതത്തിന് സുരക്ഷ ഒരുക്കാനും പൊലീസിന് ഇടക്കാല ഉത്തരവിൽ നിർദ്ദേശം നൽകി. 7 ദിവസം മുൻപ് നോട്ടീസ് നൽകാതെയുള്ള മിന്നൽ ഹർത്താൽ കോടതി നിരോധിച്ചിട്ടും ഹർത്താൽ ആഹ്വാനം ചെയ്ത പിഎഫ്ഐ നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.

ജനജീവിതം സ്തംഭിപ്പിച്ചുള്ള ഇത്തരം ആഹ്വാനങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പൊലീസ് നേരിടണമെന്നും കോടതി നിലപാടെടുത്തു. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ഡിവിഷൻ ബ‌ഞ്ച് അക്രമം തടയാൻ അടിയന്തര നടപടി സ്വീകരിക്കാൻ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. പൊതുസ്വകാര്യ സ്വത്ത് സംരക്ഷിക്കാൻ പൊലീസിന് ബാധ്യതയുണ്ട്. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കുകയും വേണം. നിയമ വിരുദ്ധ ഹർത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷണിക്കണം. അക്രമം നടത്തുന്നവർക്കെതിരെം പൊതുമുതൽ നശിപ്പിക്കുന്നതിനും ഐപിസിയിലെ വകുപ്പും ഉപയോഗിച്ച് കേസ് എടുക്കണം. ഇതിന്‍റെ വിശദാംശങ്ങൾ കോടതിയെ അറിയിക്കാനും ജസ്റ്റിസ് എകെ ജയശങ്കരൻ നമ്പ്യാ‍ര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷൻ ബ‌ഞ്ച് വ്യക്തമാക്കി. പിഎഫ്ഐ ഹർത്താലിൽ വ്യാപകമായ അക്രമം ഉണ്ടായ പശ്ചത്തലത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്.

You might also like

-