മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ പതിനാറ് മുറിവുകള്‍ ?

രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ നാല്‍പ്പത്തി നാലുപേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. മന്‍സൂര്‍ വധത്തിലെ മറ്റു പ്രതികള്‍ രതീഷിനൊപ്പം ഒളിവിൽ വളയത്തുണ്ടായിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു പ്രതികളുടെ ഫോണ്‍രേഖകളും മറ്റും തെളിവായി പോലീസ് ശേഖരിച്ചിട്ടുണ്ട്

0

കണ്ണൂര്‍ :കൂത്തുപറമ്പിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂര്‍ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹമരണത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അന്വേഷണസംഘം. രതീഷിന്റെ ശരീരത്തിലെ പതിനാറ് മുറിവുകള്‍ എങ്ങനെയുണ്ടായെന്ന് ശാസ്ത്രീയമായി പരിശോധിക്കും. രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ നാല്‍പ്പത്തി നാലുപേരെയാണ് ഇതുവരെ ചോദ്യം ചെയ്തത്. മന്‍സൂര്‍ വധത്തിലെ മറ്റു പ്രതികള്‍ രതീഷിനൊപ്പം ഒളിവിൽ വളയത്തുണ്ടായിരുന്നതായി പൊലീസിന് തെളിവ് ലഭിച്ചു പ്രതികളുടെ ഫോണ്‍രേഖകളും മറ്റും തെളിവായി പോലീസ് ശേഖരിച്ചിട്ടുണ്ട് .
മന്‍സൂറിന്റെ കൊലപാതകമുണ്ടായ 6 ന് രാത്രി തുടങ്ങി രതീഷിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഒന്‍പത് വരെയുള്ള സംഭവങ്ങൾ വിശദമായി പരിശോധിച്ചുവരികയാണ് പോലീസ് .

കേസിൽ പിടിയിലായ നാലാംപ്രതി ശ്രീരാഗിനെ വടകര റൂറല്‍ എസ്.പി നേരിട്ട് ചോദ്യം ചെയ്തതില്‍ ചില നിര്‍ണായക വിവരങ്ങൾ ലഭിച്ചു. രതീഷിന്റെ ശരീരത്തില്‍ കണ്ടെത്തിയ പതിനാറ് മുറിവുകള്‍ മന്‍സൂറിനെ ആക്രമിച്ച ദിവസമുണ്ടായ സി.പി.എം ലീഗ് സംഘര്‍ഷത്തെത്തുടര്‍ന്നെന്നാണ് പ്രാഥമിക നിഗമനം. കഴുത്ത്, കൈ, വയര്‍, തുട, പാദം തുടങ്ങിയ ഭാഗങ്ങളിലാണ് രതീഷിന്റെ പരുക്ക്. പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുടെ സംഘവുമായി രണ്ട് തവണ എസ്.പി സാധ്യതകള്‍ വിലയിരുത്തി. വ്യക്തതയ്ക്കായി ഡോക്ടര്‍മാര്‍ രതീഷിനെ തൂങ്ങിയനിലയില്‍ കണ്ടെത്തിയ സ്ഥലത്തെത്തി തെളിവെടുത്തു. നിരീക്ഷണത്തിലുള്ള രതീഷിന്റെ സുഹൃത്തുക്കളുള്‍പ്പെടെ പന്ത്രണ്ടുപേരുടെ മൊഴികൂടി എസ്.പി നേരിട്ട് രേഖപ്പെടുത്തും. അതിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരുമായി വീണ്ടും കൂടിക്കാഴ്ച നടത്തി മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തും.

ആറിന് മന്‍സൂര്‍ കൊല്ലപ്പെട്ട ശേഷം എട്ടാം തിയതി ഉച്ചവരെ രതീഷ് കണ്ണൂര്‍ ജില്ലയിലുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് വളയം മേഖലയിലെത്തുകയും പിന്നീട് മരിച്ചനിലയിലും കണ്ടെത്തി. സൈബര്‍ സെല്‍ ശേഖരിച്ച ഫോണ്‍ വിവരങ്ങള്‍ യഥാര്‍ഥ നിഗമനത്തിലേക്കെത്തിക്കാന്‍ സഹായിക്കുമെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണം.