റഫാൽ കരാറിൽ വിമാന നിർമാണ കമ്പനിയായ ദസോ ഇടനിലക്കാരായ ഇന്ത്യൻ കമ്പനിക്ക് 9 കോടി രൂപ നൽകിയതായി വെളിപ്പെടുത്തൽ
2017-ൽ ഡാസോ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും 508925 യൂറോ ഇടപാടുകാർക്ക് സമ്മാനമായി നൽകിയെന്ന് എഎഫ്എ കണ്ടെത്തിയിരുന്നു.
ഡൽഹി :ഫ്രാൻസിൽ നിന്ന് 36 റഫാൽ ജെറ്റ് വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടതിന് പിന്നാലെ വിമാന നിർമാണ കമ്പനിയായ ദസോ ഇടനിലക്കാരായ ഇന്ത്യൻ കമ്പനിക്ക് 9 കോടി രൂപ (10 ലക്ഷം യൂറോ) നൽകിയതായി വെളിപ്പെടുത്തൽ. ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയപാർട്ട് ആണ് വെളിപ്പെടുത്തിയിരിക്കുന്നത്.ഡാസോ കമ്പനിയുടെ ഓഡിറ്റിംഗ് നിർവഹിച്ച ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസിയായ എഎഫ്എയുടെ രേഖകൾ ഉദ്ധരിച്ചാണ് റിപ്പോർട്ട്.ദസോയുടെ ഇന്ത്യയിലെ സബ് കോണ്ട്രാക്ടറായ ഡെഫ്സിസ് സൊലൂഷൻസ് എന്ന കമ്പനിക്കാണ് തുക നൽകിയത്. റഫാൽ വിമാനത്തിന്റെ 50 വലിയ മാതൃകാ രൂപങ്ങൾ നിർമിക്കാനാണ് ഈ പണം നൽകിയതെന്ന് ദസോ അവകാശപ്പെടുന്നു. എന്നാൽ, മാതൃകാ രൂപങ്ങൾ നിർമിച്ചു നൽകിയതിന്റെ ഒരു തെളിവും കമ്പനിക്ക് നൽകാനായിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.ഫ്രാൻസിലെ അഴിമതിവിരുദ്ധ ഏജൻസിയുടെ ഓഡിറ്റിലാണ് സംഭവം വെളിപ്പെട്ടത്. റിപ്പോർട്ടിനെ കുറിച്ച് കേന്ദ്ര സർക്കാരോ വിമാന നിർമാണ കമ്പനിയോ പ്രതികരിച്ചിട്ടില്ല.
2017-ൽ ഡാസോ കമ്പനിയുടെ അക്കൗണ്ടിൽ നിന്നും 508925 യൂറോ ഇടപാടുകാർക്ക് സമ്മാനമായി നൽകിയെന്ന് എഎഫ്എ കണ്ടെത്തിയിരുന്നു. റഫാൽ വിമാനങ്ങളുടെ മോഡലുകൾ നിർമിക്കുന്നതിനാണ് ഈ തുക ചെലവാക്കിയത് എന്നാണ് കമ്പനി അവകാശപ്പെട്ടത്. എന്നാൽ, ഇതിനുള്ള തെളിവുകൾ ഹാജരാക്കാൻ കമ്പനിക്ക് കഴിഞ്ഞിട്ടില്ലെന്ന് ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി റിപ്പോർട്ടിൽ പറയുന്നതായി മീഡിയാ പാർട്ട് പ്രസിദ്ധീകരിച്ച അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇത്ര വലിയ തുകയുടെ ഇടപാട് കണ്ടെത്തിയെങ്കിലും ഫ്രഞ്ച് അഴിമതി വിരുദ്ധ ഏജൻസി ഈ വിഷയത്തിൽ മറ്റ് നിയമനടപടികളിലേക്ക് കടന്നിട്ടില്ല