റഫാൽ യുദ്ധവിമാന അഴിമതി വിധി കാത്ത് രാജ്യം

അഭിഭാഷകരായ എംഎൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, ആംആദ്മി എംപി സഞ്ജയ് സിംഗ് എന്നിവരാണ് റഫാൽ ഇടപാടിൽ അന്വഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്

0

ഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരിട്ട് ബന്ധമുണ്ടന്ന ആരോപണമുയര്ന്ന റഫാൽ യുദ്ധവിമാന അഴിമതി ആരോപണത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ ഇന്ന് സുപ്രീംകോടതി വിധി പറയും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് രാവിലെ നിർണായക വിധി പറയുക.

അഭിഭാഷകരായ എംഎൽ ശർമ്മ, വിനീത ധൻഡെ, പ്രശാന്ത് ഭൂഷൺ , മുൻ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായിരുന്ന അരുൺ ഷൂരി, യശ്വന്ത് സിൻഹ, ആംആദ്മി എംപി സഞ്ജയ് സിംഗ് എന്നിവരാണ് റഫാൽ ഇടപാടിൽ അന്വഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്. ഫ്രഞ്ച് കമ്പനിയായ ഡാസോയിൽ നിന്ന് 36 റാഫേൽ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിലും ഓഫ്സൈറ്റ് പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസിനെ ഉൾപ്പെടുത്തിയതിലും അഴിമതിയുണ്ടെന്നാണ് ആരോപണം.

സുപ്രീംകോടതി ആവശ്യപ്രകാരം റാഫേൽ ഇടപാടിലെ നടപടിക്രമങ്ങളും വിലവിവരങ്ങളും കേന്ദ്രസർക്കാർ മുദ്രവച്ച കവറിൽ നൽകിയിരുന്നു. ഡസോയുമായുള്ള കരാറിന് ഫ്രഞ്ച് സർക്കാരിന്റെ നിയമപരമായ ഗ്യാരന്റിയില്ലെന്ന് വാദത്തിനിടെ സമ്മതിച്ച കേന്ദ്രസർക്കാർ റിലയൻസിനെ പങ്കാളിയാക്കിയതിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്നും വ്യക്തമാക്കിയിരുന്നു. പാർലമെന്റിൽ പോലും വയ്ക്കാത്ത വിലവിവരം പുറത്ത് വിടുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.

റാഫേൽ വിമാനത്തെക്കുറിച്ച് വിശദീകരിക്കാൻ എയർവൈസ് മാർഷൽ വി.ആർ ചൗധരി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും കോടതിയിലെത്തി. ഇന്ത്യൻ പങ്കാളിയെ സംബന്ധിച്ച മാനദണ്ഡങ്ങൾ മാറ്റിയത് എന്തുകൊണ്ടെന്നും ഇന്ത്യൻ പങ്കാളി വിമാന നിർമ്മാണത്തിൽ പരാജയപ്പെട്ടാൽ രാജ്യതാത്പര്യം എങ്ങനെ സംരക്ഷിക്കപ്പെടും തുടങ്ങിയ ചോദ്യങ്ങൾ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി അധ്യക്ഷനായ ബെഞ്ച് വാദത്തിനിടെ ഉന്നയിച്ചിരുന്നു. റഫാൽ ഇടപാടിൽ അന്വേഷണം പ്രഖ്യാപിച്ചാൽ അത് മോദി സർക്കാരിന് കനത്ത തിരിച്ചടിയാകും. അതോടൊപ്പം രാഹുൽ ഗാന്ധിയുടെ നിലപാടുകൾക്ക് അംഗീകാരമാകുകയും പ്രതിപക്ഷം ഇത് ലോക്സഭ തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിനെതിരെ ശക്തമായ ആയുധമാക്കുകയും ചെയ്യും.