സോന്‍ഭദ്രയിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചു അർധരാത്രിയിലും പ്രതിഷേധിച്ച് പ്രിയങ്ക

പൊലീസ് അറസ്റ്റ് ചെയ്ത ശേഷം എത്തിച്ച ചുനാര്‍ ഗസ്റ്റ് ഹൌസിലാണ് പ്രതിഷേധ ധര്‍ണ തുടരുന്നത്. പൊലീസ് മുന്നോട്ട് വച്ച ജാമ്യവ്യവസ്ഥയും പ്രിയങ്ക തള്ളി. ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള നാലംഗ ടി.എം.സി സംഘവും ഇന്ന് സോന്‍ഭദ്രയിൽ സന്ദര്‍ശനത്തിനെത്തും.

0

ഡൽഹി :സോന്‍ഭദ്രയിൽ വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതില്‍ അർധരാത്രിയിലും പ്രതിഷേധിച്ച് പ്രിയങ്ക ഗാന്ധി. പൊലീസ് അറസ്റ്റ് ചെയ്ത ശേഷം എത്തിച്ച ചുനാര്‍ ഗസ്റ്റ് ഹൌസിലാണ് പ്രതിഷേധ ധര്‍ണ തുടരുന്നത്. പൊലീസ് മുന്നോട്ട് വച്ച ജാമ്യവ്യവസ്ഥയും പ്രിയങ്ക തള്ളി. ഡെറിക് ഒബ്രിയാന്റെ നേതൃത്വത്തിലുള്ള നാലംഗ ടി.എം.സി സംഘവും ഇന്ന് സോന്‍ഭദ്രയിൽ സന്ദര്‍ശനത്തിനെത്തും.

സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ കാണാനായുള്ള യാത്ര തടഞ്ഞ് പ്രിയങ്ക ഗാന്ധിയെ പൊലീസ് ചുനാര്‍ ഗസ്റ്റ് ഹൌസില്‍ എത്തിച്ചിട്ട് ദിവസം ഒന്ന് കഴിഞ്ഞു. ഇപ്പോഴും പ്രതിഷേധ ധര്‍ണ തുടരുകയാണ്. സോന്‍ഭദ്രയില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ കാണാതെ തിരിച്ചുപോകില്ലെന്ന് പ്രിയങ്ക ഗാന്ധി അറിയിച്ചു. സംസ്ഥാനത്തെ അക്രമം തടയാന്‍ കഴിയാത്ത സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുന്നവരെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അതിന് കീഴ്പ്പെടാന്‍ തയ്യാറല്ല. 50,000 രൂപയുടെ ജാമ്യത്തില്‍ മോചിപ്പിക്കാമെന്ന പൊലീസ് നിര്‍ദേശവും തള്ളി.

ജയിൽ വാസമടക്കമുള്ള ഏതു നടപടിയും സ്വീകരിക്കാൻ തയ്യാറാണെന് പ്രിയങ്ക വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയെയും കോൺഗ്രസ് പ്രവർത്തകരെയും നീക്കാൻ ഗസ്റ്റ് ഹൗസിലെ വൈദ്യുതിയും വെള്ളവും അധികാരികൾ വിച്ഛേദിച്ചു.പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബി.ജെ.പി ഓപീസുകള്‍ അടക്കമുള്ളവക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം തുടരുകയാണ്. അധികാര ദുര്‍വിനിയോഗമാണ് യോഗി സര്‍ക്കാര്‍ തുടരുന്നതെന്ന് രാഹുല്‍ ഗാന്ധിയും എ.ഐ.സി.സിയും പ്രതികരിച്ചിരുന്നു. യഗ്യദത്ത എന്ന ഗ്രാമമുഖ്യന്‍ 2 വര്‍ഷം മുന്‍പ് വാങ്ങിയ 36 ഏക്കര്‍ ഭൂമിയിലുള്ള ആദിവാസി, പിന്നാക്ക വിഭാഗക്കാരെ ഒഴിപ്പിക്കാനെത്തിയ സംഘം നടത്തിയ വെടിവെപ്പിലാണ് 10 പേര്‍ കൊല്ലപ്പെട്ടത്.