നേതൃത്വത്തിലേക്ക് പ്രിയങ്കയെ നിര്‍ദേശിച്ച് മുതിര്‍ന്ന നേതാക്കള്‍

മറ്റ് ആര് അധ്യക്ഷ സ്ഥാനത്ത് എത്തിയാലും പാര്‍ട്ടിയെ ഒന്നിച്ച് കൊണ്ട് പോകാന്‍ സാധിക്കില്ല എന്ന നിരീക്ഷണമാണ് പ്രിയങ്ക എന്ന അവസാന ഉപാധിയിലേക്ക് കോണ്‍ഗ്രസ്സിനെ ചിന്തിപ്പിക്കുന്ന ഘടകം.

0

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധിയുടെ തുടര്‍ച്ചക്കാരിയായി പ്രിയങ്കാഗന്ധിയുടെ പേര് ഉയരുന്നു. കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനം വീണ്ടും എറ്റെടുക്കണം എന്ന ആവശ്യത്തോട് സോണിയ ഗാന്ധി അനുകൂല സമീപനം സ്വീകരിക്കാത്ത സാഹചര്യത്തിലാണ് പ്രിയങ്കയുടെ പേര് അധ്യക്ഷ സ്ഥാനത്തേക്കുയരുന്നത്. എന്നാല്‍, ഗാന്ധി കുടുംബം ഇക്കാര്യത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കിയിട്ടില്ല.

കോണ്‍ഗ്രസ് അധ്യക്ഷനായി തിരച്ചില്‍ നടക്കുന്ന സാഹചര്യത്തിലാണ് പ്രിയങ്കയുടെ പേര് ഉയര്‍ന്നു വന്നത്. മറ്റ് ആര് അധ്യക്ഷ സ്ഥാനത്ത് എത്തിയാലും പാര്‍ട്ടിയെ ഒന്നിച്ച് കൊണ്ട് പോകാന്‍ സാധിക്കില്ല എന്ന നിരീക്ഷണമാണ് പ്രിയങ്ക എന്ന അവസാന ഉപാധിയിലേക്ക് കോണ്‍ഗ്രസ്സിനെ ചിന്തിപ്പിക്കുന്ന ഘടകം.

ചില മുതിര്‍ന്ന നേതാക്കള്‍ രഹസ്യമായും മറ്റ് ചില മുതിര്‍ന്ന നേതാക്കള്‍ പരസ്യമായും പ്രിയങ്കക്കായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്. രാഹുല്‍ ബ്രിഗേഡിന് സമാനമായ കോണ്‍ഗ്രസ്സില്‍ സമീപകാലത്ത് രൂപപ്പെട്ട പ്രിയങ്ക ബ്രിഗേഡിന്റെ നേതാവും മുന്‍ മന്ത്രിയുമായ ശ്രീ പ്രകാശ് ജയ്‌സ് വാള്‍ ആണ് ഇക്കൂട്ടില്‍ പ്രധാനി. പ്രിയങ്കയുടെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാന ലബ്ദി അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പ്രിയങ്ക ഇക്കാര്യത്തില്‍ അനുകൂല തീരുമാനം കൈകൊള്ളണം എന്നും അദ്ദേഹം നിര്‍ദേശിച്ചു. മൂന്നു തവണ ലോകസഭാംഗവും മുതിര്‍ന്ന നേതാവുമായ ഭക്തചരണ്‍ ദാസും പ്രിയങ്ക അധ്യക്ഷ ആകണം എന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. മറ്റ് പല പ്രധാന നേതാക്കള്‍ക്കും പ്രിയങ്ക അധ്യക്ഷ ആകണമെന്ന് അഭിപ്രായമുണ്ടെങ്കിലും ഗാന്ധികുടുംബത്തിന്റെ നിലപാടിനാണ് അവര്‍ കാക്കുന്നത്. അതേസമയം പ്രിയങ്ക അധ്യക്ഷയാകുന്നതിനോട് അമരേന്ദര്‍ സിംഗ്, ജ്യോതിരാധിത്യ സിന്ധ്യ, സച്ചിന്‍ പൈലറ്റ് തുടങ്ങിയ നേതാക്കള്‍ അനുകൂലമായ് പ്രതികരിച്ചില്ല എന്നതും ശ്രദ്ധേയമാണ്.