വീണ്ടുംപ്രതിക്ഷേധം കോവിഡ് ബാധിച്ച മരിച്ച ‘വൈദികന്റെ മൃതദേഹം കുഴിയിൽ സംസ്‌കരിക്കാൻ അനുവദിക്കാതെ പ്രദേശവാസികൾ,”പ്രതിഷേധം അനാവശ്യം” സംസ്കാരം പ്രോട്ടോകോൾ പ്രകാരം

കോവിഡ് ബാധിച്ച് മരണപ്പെട്ടാൽ മൂന്ന് ദിവസത്തിനുള്ളിൽ മൃതദേഹം സംസ്‌കരിക്കണമെന്നാണ് പ്രോട്ടോക്കോൾ

0

തിരുവനന്തപുരം :കൊവിഡ് ബാധിച്ച് മരിച്ച ഫാ. കെ.ജി.വർഗീസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് വീണ്ടും പ്രതിഷേധം. മൃതദേഹം കുഴികുത്തി സംസ്‌കരിക്കാൻ അനുവദിക്കില്ലെന്നും മൃതദേഹം ദഹിപ്പിക്കണമെന്നും സ്ത്രീകൾ അടങ്ങുന്ന ഒരു സംഘം ആവശ്യപ്പെട്ടു. കോവിഡ് ബാധിച്ച് മരണപ്പെട്ടാൽ മൂന്ന് ദിവസത്തിനുള്ളിൽ മൃതദേഹം സംസ്‌കരിക്കണമെന്നാണ് പ്രോട്ടോക്കോൾ.മൃദേഹം ദഹിപ്പിക്കുന്നതിൽ പ്രശ്‌നമില്ല. കുഴിച്ചിട്ടിട്ട് പോവുന്നത് ശരിയല്ല. ഇനിയും കൊറോണ വന്ന് മരിക്കുന്ന ആളുകളെ ഇത്തരത്തിൽ കുഴിച്ചിടും. സഭയുടെ സെമിത്തേരിക്ക് തൊട്ടുതാഴെ കഴിയുന്ന കുടുംബംഗങ്ങളിൽ കൊച്ചു കുട്ടികളും, ക്യാൻസർ രോഗികളുമൊക്കെയുണ്ട്. അതുകൊണ്ട് തന്നെ വൈദികന്റെ മൃതദേഹം ദഹിപ്പിക്കുകയാണ് ഉത്തമമെന്നാണ് .പ്രതിക്ഷേധക്കാർ പറയുന്നത്

അതേസമയം കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സംസ്‌കാരം മലമുകളിലെ സെമിത്തേരിയിൽ തന്നെ നടത്തുമെന്ന് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്. ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് വി.കെ.പ്രശാന്ത് എം.എൽ.എയും മേയർ കെ.ശ്രീകുമാറും പറഞ്ഞു. പ്രതിഷേധിച്ചവരുടെ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്നും അവരോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. വൈദികന്റെ സംസ്‌കാരം കൊവിസ് പ്രോട്ടോക്കോൾ അനുസരിച്ച് നടത്തും. പ്രതിഷേധക്കാർ ഉന്നയിച്ച കുടിവെള്ളമടക്കമുളള പ്രശ്‌നങ്ങൾ ഉടൻ പരിഹരിക്കുമെന്നും എംഎൽഎ പറഞ്ഞു. അധികാരികളുടെ ഉറപ്പ് ലഭിച്ചതിനെ തുടർന്ന് സ്ത്രീകൾ പിരിഞ്ഞു പോയി

ഇന്നലെയും വൈദികന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് പ്രതിഷേധം ഉണ്ടായിരുന്നു. വട്ടിയൂർക്കാവ് മലമുകൾ ഓർത്തഡോക്‌സ് പളളിയിൽ സംസ്‌കാരത്തിന് നാട്ടുകാർ അനുവദിച്ചില്ല. സെമിത്തേരിയിലെ കുഴി മൂടാനും ശ്രമം നടന്നു. പി.പി.ഇ കിറ്റടക്കം ധരിച്ച് സംസ്‌കാര നടപടികൾക്കെത്തിയ നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരെയാണ് നാട്ടുകാർ തടഞ്ഞത്. ഇതിന് പിന്നാലെ സംസ്‌കാരം ഇന്ന് നടത്താൻ തീരുമാനിക്കുകയായിരുന്നു.തിങ്കളാഴ്ചയാണ് വൈദികൻ മരണപ്പെടുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വൈദികൻ ഏപ്രിൽ 20 മുതൽ മെയ് 20 വരെ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.തുടർ ചികിത്സയാക്കായി പേരൂർക്കട ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹം മെയ് 30 വരെ അവിടെ തുടർന്നു. ഹൃദയമിടിപ്പിലുള്ള വ്യതിയാനം, ശ്വാസതടസം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്നാണ് മെയ് 31 ന് വീണ്ടും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത് തുടർന്ന് പുലർച്ചെ മരണം സംഭവിക്കുകയായിരുന്നു