ക്യാമ്പ് ഫോളോവർമാരുടെ കണക്കെടുക്കുന്നു; അടിമപ്പണിയിൽ അടിയന്തര നടപടിക്കു സർക്കാർ
തിരുവനന്തപുരം: ക്യാമ്പ് ഫോളോവർമാരെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ അടിമപ്പണിയെടുപ്പിക്കുന്നതിൽ സർക്കാർ കൂടുതൽ നടപടികൾ സ്വീകരിക്കുന്നു. കേരളത്തിൽ ആകെയുള്ള ക്യാന്പ് ഫോളോവർമാരുടെ കണക്ക് സമർപ്പിക്കാൻ ബറ്റാലിയൻ എഡിജിപി അനന്ദകൃഷ്ണൻ അടിയന്തര നിർദേശം നൽകി. ഉച്ചയ്ക്കു 12 മണിക്കു മുന്‍പ് കണക്ക് നൽകണമെന്നാണ് എല്ലാ ജില്ലാ പോലീസ് മേധാവികളോടും നിർദേശിച്ചിട്ടുള്ളത്. ഇദ്യോഗസ്ഥർക്കും മന്ത്രിമാർക്കുമൊപ്പമുള്ള പോലീസുകാരുടെയും കണക്കെടുക്കും. എഡിജിപി സുധേഷ് കുമാറിന്റെ മകൾ തന്നെ മർദിച്ചെന്ന് പോലീസ് ഡ്രൈവറായ ഗവാസ്കർ പരാതിപ്പെട്ടതോടെയാണ് വിഷയം വാർത്തകളിൽ നിറയുന്നത്. പിന്നാലെ എഡിജിപിക്കെതിരെ ആരോപണങ്ങളുമായി കൂടുതൽ ക്യാന്പ് ഫോളോവേഴ്സ് രംഗത്തെത്തി. എഡിജിപിയുടെ ഭാര്യയും മകളും പീഡിപ്പിച്ചെന്ന് വനിതാ ക്യാന്പ് ഫോളോവർ ആരോപിച്ചു. സംഭവം വിവാദമായതോടെ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്നു മാറ്റി. പുതിയ നിയമനം സുധേഷ് കുമാറിന് നൽകിയിട്ടില്ല.എസ്എപി ഡെപ്യൂട്ടി കമൻഡാന്റിന്റെ വീട്ടിലെ പണിക്ക് ദിവസവതനക്കാരായ ക്യാമ്പ് ഫോളോവേഴ്സിനെ നിയോഗിച്ചതായും ആരോപണം ഉയർന്നിരുന്നു. പേരൂർക്കട എസ്എപി ഡെപ്യൂട്ടി കമൻഡാന്റ് പി.വി രാജുവിന്റെ വീട്ടിൽ ടൈൽസ് പതിപ്പിക്കാൻ ദിവസവതനക്കാരായ പോലീസുകാരെ നിയോഗിച്ചെന്നായിരുന്നു ആരോപണം.
സംഭവം വിവാദമായതോടെ വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രി, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണമെന്ന് ഡിജിപി ലോകനാഥ് ബെഹറയോട് ആവശ്യപ്പെട്ടിരുന്നു. ഉന്നത ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ഒൗദ്യോഗിക വാഹനങ്ങളുടെ കണക്കും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ന് ഉച്ചക്ക് മുമ്പ് ക്യാമ്പ് ഫോളോവേഴ്സിന്റെ കണക്ക് നല്‍കണമെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് എഡിജിപി ആനന്ദകൃഷ്ണന് നിര്‍ദേശം നല്കി.