ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍  പുറത്തിറക്കി  കേന്ദ്ര സർക്കാർ ,65 വയസ്സു  കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുത് 

ആരാധനകളിൽ എത്രപേർക്ക് പരമാവധി പങ്കെടുക്കാമെന്നതിൽ കേന്ദ്രം വ്യക്ത വരുത്തിയിട്ടില്ല

0

ഡല്‍ഹി: ജൂണ്‍ 8 മുതല്‍ പ്രഖ്യാപിച്ച ഇളവുകളുടെ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറന്നു പ്രവര്‍ത്തിക്കുന്നതുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആരാധനാലയങ്ങള്‍ തുറക്കാമെന്ന് മെയ് 30ന് പുറത്തിറക്കിയ ഉത്തരവില്‍ അറിയിച്ചിരുന്നെങ്കിലും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നില്ല.65 വയസ്സു  കഴിഞ്ഞവരും കുട്ടികളും ആരാധനാലയങ്ങളില്‍ പോകരുതെന്നാണ് മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആരാധനാലയങ്ങളില്‍ പ്രവേശിക്കുമ്പോള്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. എന്നാല്‍, പ്രസാദമോ തീര്‍ത്ഥമോ നല്‍കരുത്. വിഗ്രഹങ്ങളിലും മറ്റും തൊടാന്‍ അനുവദിക്കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.അതേസമയം ആരാധനകളിൽ എത്രപേർക്ക് പരമാവധി പങ്കെടുക്കാമെന്നതിൽ കേന്ദ്രം വ്യക്ത വരുത്തിയിട്ടില്ല

പള്ളികളിലെ കൊയറും പ്രാര്‍ത്ഥനാ സംഘങ്ങളും ഒഴിവാക്കണമെന്നും പകരം, റെക്കോര്‍ഡുകള്‍ ഉപയോഗിക്കാമെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു. പ്രാര്‍ത്ഥന നടത്തുമ്പോള്‍ എല്ലാവരും ഉപയോഗിക്കുന്ന പൊതു പായ ഒഴിവാക്കണം. വലിയ കൂട്ടായ്മകള്‍ അനുവദിക്കില്ല. അതേസമയം, ആരാധനാലയങ്ങളില്‍ വലിയ രീതിയില്‍ ആളുകളെ പ്രവേശിപ്പിക്കരുതെന്നു വ്യക്തമാക്കിയ മാര്‍ഗ നിര്‍ദ്ദേശത്തില്‍ കൃത്യമായ കണക്ക് എത്രയെന്നതു സംബന്ധിച്ച പരാമര്‍ശമില്ല.