“ഇത് ഒരു ജനുസ്സാണ് ,ജയിൽ കാണിച്ചു ഭയപ്പെടുത്തേണ്ട ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് പറയാന്‍ ഉള്ള മനക്കരുത്ത് ഈ നെഞ്ചില്‍ ഉണ്ട്: പിണറായി

റിയല്‍ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോള്‍ കേന്ദ്രഏജന്‍സികള്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ലെന്ന് പിണറായി

0

തിരുവനന്തപുരം :സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അടിയന്തിര പ്രമേയത്തിന് പിടി. തോമസ് എംഎൽഎ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്‌പോരിലേക്ക് എത്തിയത്. പ്രമേയ അവതരണത്തില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ രൂക്ഷമായ ഭാഷയിലാണ് പിണറായി വിജയന്‍ മറുപടി നല്‍കിയത്.

റിയല്‍ എസ്റ്റേറ്റ് കച്ചവടം നടന്നപ്പോള്‍ കേന്ദ്രഏജന്‍സികള്‍ വരുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ നിന്ന് ഓടി രക്ഷപ്പെട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ആരുമല്ലെന്ന് പിണറായി വിജയന്‍ തിരിച്ചടിച്ചു. കേരള സര്‍ക്കാരിനെ ശ്വാസം മുട്ടിച്ചു കളയാം എന്ന് വ്യാമോഹിക്കേണ്ട. അന്വേഷണ ഏജന്‍സികള്‍ അന്വേഷിച്ചു തെളിവുണ്ടാക്കണം.
തോമസിന് ഈ പിണറായിയെ ശരിക്ക് മനസ്സിലായിട്ടില്ല. സഭ പൂരപ്പാട്ടിനുള്ള സ്ഥലമല്ല. മുഖ്യമന്ത്രിയെ പ്രതിയാക്കാന്‍ ആണ് മോഹം. ആ മോഹം ഇത് വരെ പൂവണിഞ്ഞിട്ടില്ല. ശിവശങ്കരന് ഐഎഎസ് കിട്ടിയത് എ.കെ. ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. പല ചുമതലകളും വഹിക്കാന്‍ അദ്ദേഹം പ്രാപ്തന്‍ തന്നെയായിരുന്നു. നടക്കാന്‍ പാടില്ലാത്തത് നടന്നു. അതിനെതിരെ സര്‍ക്കാര്‍ നടപടിയുമെടുത്തു. ഇതിന്റെ ഉറവിടം കണ്ടെത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത് സംസ്ഥാന സര്‍ക്കാര്‍ ആണ്. കേന്ദ്ര ഏജന്‍സികള്‍ ഈ വിഷയത്തില്‍ രാഷ്ട്രീയപരമായ ഇടപെടല്‍ നടത്തിയപ്പോഴാണ് സംസ്ഥാനം നിലപാടെടുത്ത് തുടങ്ങിയതെന്നും പിണറായി തിരിച്ചടിച്ചു.

തന്നെ കുറേനാള്‍ പ്രതിയാക്കാന്‍ നടന്നതല്ലേ. എന്നിട്ടെന്തായി? കേസ് കോടതി വലിച്ചെറിഞ്ഞു. ആരുടെ മുന്നിലും തല ഉയര്‍ത്തി നിന്ന് പറയാന്‍ ഉള്ള മനക്കരുത്ത് ഈ നെഞ്ചില്‍ ഉണ്ട്. തന്റെ കൈകള്‍ ശുദ്ധമാണ്. പിണറായി വിജയനെ ഇങ്ങനെ ആക്കിയത് പിആര്‍ ഏജന്‍സികള്‍ അല്ല. കമ്മ്യൂണിസ്റ്റ്കാരെ ജയില്‍ കാണിച്ചു പേടിപ്പിക്കരുത്. അതങ്ങ് മനസ്സില്‍ വച്ചാല്‍ മതി. ഇപ്പൊ നട്ടെല്ല് ഉയര്‍ത്തിയാണ് നില്‍ക്കുന്നത്.ക്ലിഫ് ഹൗസിലെ വലിയ റൂമില്‍ വച്ചാണ് മകളുടെ കല്യാണം നടന്നത്. ആ റൂം നിങ്ങള്‍ക്ക് എല്ലാം അറിയാമല്ലോ. കല്യാണത്തലേന്നും അന്നും സ്വപ്ന വന്നിട്ടില്ല. വീട്ടുകാരെ ഒരു കേന്ദ്ര ഏജന്‍സിയും ചോദ്യം ചെയ്തിട്ടുമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.