രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി

രുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111രൂപ 61 പൈസയും ഡീസലിന് 105 രൂപ 38 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109 രൂപ 57 പൈസയും ഡീസലിന് 103 രൂപ 46 പൈസയുമായി

0

കൊച്ചി | രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 37 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ ദിവസവും സമാനമായ നിരക്കാണ് പെട്രോളിനും ഡീസലിനും വര്‍ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 111രൂപ 61 പൈസയും ഡീസലിന് 105 രൂപ 38 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 109 രൂപ 57 പൈസയും ഡീസലിന് 103 രൂപ 46 പൈസയുമായി.രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ ഉടനെ കുറവുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് നിലവിലെ സൂചനകള്‍. കേന്ദ്രസര്‍ക്കാര്‍ എണ്ണയുടെ വിതരണവും ആവശ്യകതയും സംബന്ധിച്ച് എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും വിലയില്‍ പെട്ടന്ന് കുറവുണ്ടാകില്ല.

ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയും കൂടി. ആഗോള എണ്ണവിലയും കുതിക്കുകയാണ്. അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളർ കടക്കുമെന്നാണ് സൂചന. ഏഴ് വർഷത്തെ ഉയർന്ന നിലയിലാണ് ആഗോള എണ്ണവില.
എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില വർധിപ്പിക്കുന്നത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ധനവില ഉയർന്നതോടെ പച്ചക്കറിയടക്കം അവശ്യസാധനങ്ങളുടേയും വില ഉയരുകയാണ്. വില കുറക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കുന്ന നികുതി കുറയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു

വില കുറയാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ഉയര്‍ന്നുണ്ട്. എന്നാല്‍ ഭൂരിപക്ഷം സംസ്ഥാനങ്ങളും എതിര്‍ത്തതോടെ പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. രാജ്യത്തെ ഇന്ധന വില കുറയാതിരിക്കാൻ കാരണം, സംസ്ഥാനങ്ങൾ ഇന്ധനവില ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മതിക്കാത്തതാണെന്ന വാദമുയർത്തിയാണ് കേന്ദ്ര സർക്കാർ ഇപ്പോൾ വില വർധനവിനെ പ്രതിരോധിക്കുന്നത്.

You might also like

-