വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണം; രാഹുൽ ഗാന്ധിയുടെ സമരം വിജയം, FIR രജിസ്റ്റർ ചെയ്യാൻ തീരുമാനം
വിഷയത്തില്‍ ആദ്യം മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിയ രാഹുല്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ സെന്‍ട്രല്‍ ഡിസിപിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
ഡല്‍ഹി| ജന്തര്‍മന്തറിലെ കോക്രോച്ച് ജനതാ പാര്‍ട്ടി പ്രതിഷേധത്തിനിടെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി സാഹില്‍ ലോക്കബുമായി പൊലീസ് സ്റ്റേഷനില്‍ എത്തി കുത്തിയിരുന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സാഹിലിന്റെ പരാതിയില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് ഡിസിപിയുമായി സംസാരിച്ചു. പരാതിയില്‍ കേസെടുക്കാതെ മടങ്ങില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി. നീതി ലഭിക്കും വരെ പോരാടുമെന്നും രാഹുല്‍ പ്രതികരിച്ചു.
വിഷയത്തില്‍ ആദ്യം മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ എത്തിയ രാഹുല്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതോടെ സെന്‍ട്രല്‍ ഡിസിപിയുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു. രാഹുലിന്റെ അപ്രതീക്ഷിത നീക്കം നാടകീയ രംഗങ്ങള്‍ക്കാണ് വഴിവെച്ചത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശും പ്രിയങ്കാ ഗാന്ധിയും സ്ഥലത്തെത്തി. വിദ്യാര്‍ത്ഥി നേരത്തെ രണ്ട് തവണ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടര്‍ന്നാണ് രാഹുല്‍ വിദ്യാര്‍ത്ഥിക്കൊപ്പം എത്തി പരാതി നല്‍കിയത്.
ജന്തര്‍മന്തറിലെ പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മൗനത്തില്‍ രാഹുല്‍ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ അമിതബലപ്രയോഗം നടത്തിയതിലും പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചതിലും അടക്കം അമിത്ഷാ മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ഉന്നയിച്ചിരുന്നു. ആഗസ്റ്റ് 14നായിരുന്നു അഭിഭാഷകരുടെ സാന്നിധ്യത്തില്‍ സാഹില്‍ ഡല്‍ഹി പൊലീസില്‍ ആദ്യപരാതി നല്‍കിയത്. എന്നാല്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായില്ല. തുടര്‍ന്ന് ആഗസ്റ്റ് 17ന് ഇമെയില്‍ വഴിയും ഫോണ്‍ വിളിച്ചും തുടര്‍നടപടി ആവശ്യപ്പെട്ടിരുന്നു. അതിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. അതേസമയം ജന്തര്‍ മന്തറിലെ പൊലീസ് അതിക്രമം അന്വേഷിക്കാന്‍ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിരുന്നു. സുപ്രീം കോടതി മുന്‍ ജഡ്ജി ആര്‍ സുഭാഷ് റെഡ്ഡി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് രൂപീകരിച്ചത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പുറപ്പെടുവിച്ചു.
അതേസമയം രാഹുൽ ഗാന്ധിയുടെ അഞ്ച് മണിക്കൂർ നീണ്ട പ്രതിഷേധത്തിന് പിന്നാലെയാണ് വിദ്യാർഥികൾക്കെതിരായ പെല്ലറ്റ് ആക്രമണത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ആക്രമണത്തിന് ഇരയായ സഹിലിനും കുടുംബത്തിനും നീതി തേടിയാണ് എത്തിയതെന്നും കേസെടുക്കും വരെ പ്രതിഷേധം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പെല്ലറ്റും മെഡിക്കൽ രേഖകളും രാഹുൽ ഗാന്ധി പ്രദർശിപ്പിച്ചു. ആഭ്യന്തരമന്ത്രി അമിത് ഷാ എന്തിനാണ് ഭയക്കുന്നതെന്നും ഭയം, കുറ്റസമ്മതമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പെല്ലറ്റ് ഗൺ പ്രയോഗത്തെ തുടർന്ന് പരിക്കേറ്റ സാഹില്‍, റാം മനോഹർ ലോഹ്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. നേരത്തെ പരാതി കൊടുക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. തുടർന്നാണ് രാഹുൽ ഗാന്ധി സാഹിലിനൊപ്പം പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്‌റ്റേഷനിലെത്തിയത്. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലീസ് അമിത ബലപ്രയോഗവും പെല്ലറ്റ് തോക്കുകളും ഉപയോഗിച്ചതിനെക്കുറിച്ച് ശക്തമായ പ്രതിഷേധമാണ് കോൺഗ്രസ് ഉയര്‍ത്തുന്നത്.