വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം പി സി ഈരാറ്റുപേട്ടയിലേക്ക്

കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിൽ നിയമ സംവിധാനത്തിന് വിലയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്'.

0

തിരുവനന്തപുരം | വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം കിട്ടിയ ജനപക്ഷം നേതാവ് പി.സി.ജോർജ് ജയിലിൽ നിന്ന് പുറത്തിറങ്ങി. തിരുവനന്തപുരം ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കർശന ഉപാധികളോടെ ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചിരുന്നു.ഹൈക്കോടതിയാണ് പി സി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. വെണ്ണലയിലും തിരുവനന്തപുരത്തും നടത്തിയ രണ്ട് പ്രസംഗങ്ങള്‍ക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രായവും ജനപ്രതിനിധിയാണെന്നതും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം. സമാനമായ പ്രസംഗങ്ങള്‍ നടത്തരുത്, ചോദ്യം ചെയ്യലിനു ഹാജരാവണം, അന്വേഷണവുമായി സഹകരിക്കണം തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവച്ചത്. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കും.

പിസിയെ ആര് നിയന്ത്രിക്കുമെന്ന് പ്രോസിക്യൂഷന്‍ ചോദിച്ചു. സമൂഹത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം ആവര്‍ത്തിച്ചുനടത്തിയത്. ആ ഘട്ടത്തിലും ഉപാധികളുണ്ടായിരുന്നു. അത് പാലിക്കപ്പെട്ടില്ല എന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍, കോടതിയില്‍ കേസ് എത്തിയതിനു ശേഷം പിസി മിണ്ടിയിട്ടില്ലെന്ന് പ്രതിഭാഗം വാദിച്ചു. അദ്ദേഹം പാഠം പഠിച്ചു എന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു

ജാമ്യ ഉത്തരവ് ഹാജരാക്കിയതോടെ വൈകീട്ട് 7 മണിയോടെ ജോ‍ർജിന്റെ ജയിൽമോചനത്തിന് വഴിയൊരുങ്ങി. ജയിലിൽ നിന്നിറങ്ങിയ പി.സി.ജോർജിനെ സ്വീകരിക്കാനായി ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷിന്റെ നേതൃത്വത്തിൽ പ്രവർത്തകർ പൂജപ്പുരയിലെത്തിയിരുന്നു. പുറത്തിറങ്ങി മാധ്യമങ്ങളോട് സംസാരിച്ച ശേഷം അദ്ദേഹം ഈരാറ്റുപേട്ടയിലേക്ക് തിരിച്ചു.
താൻ ജയിലിലായതിന് പിന്നിൽ മുഖ്യമന്ത്രിയുടെ കളികളാണെന്ന് പി.സി.ജോർജ് ആരോപിച്ചു. തൃക്കാക്കര വച്ചാണ് മുഖ്യമന്ത്രി തനിക്കെതിരെ പറഞ്ഞത്. നാളെ കഴിഞ്ഞ് തൃക്കാക്കരയിൽ പോകുമെന്നും മുഖ്യമന്ത്രിക്ക് അവിടെ വച്ച് മറുപടി നൽകുമെന്നും ജോർജ് പറഞ്ഞു. നല്ല മറുപടി കയ്യിലുണ്ടെന്നും പി.സി.ജോർജ് കൂട്ടിച്ചേർത്തു. സർക്കാരും പി.സി.ജോർജും ഒത്തുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പറ‌ഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോൾ, സമാന്യ ബോധവും വെളിവും ഉളളവർക്കേ മറുപടിയുള്ളൂ എന്നായിരുന്നു ജോർജിന്റെ മറുപടി.

‘കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയിൽ നിയമ സംവിധാനത്തിന് വിലയുണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്’. കോടതിയുടെ നിർദേശങ്ങൾ അനുസരിക്കുമെന്നും പി.സി.ജോർജ് പറഞ്ഞു. ഇതിനിടെ ജോർജിനെ സ്വീകരിക്കാനെത്തിയ ബിജെപി പ്രവർത്തകർ മാധ്യമപ്രവർത്തകരെ മർദ്ദിച്ചു.

You might also like

-