നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി 3,000 പേരെ കാണാതായി
നേപ്പാളിൽ ഏകദേശം 2,426 പേരും ടിബറ്റിലെ ഗ്വിറോങ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടെ ഏകദേശം 3,000 പേരെയാണ് കാണാതായിരിക്കുന്നത്. കാണാതായവരിൽ കുറഞ്ഞത് 540 പേർ വിദേശ പൗരന്മാരാണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നാണ് വിവരം
കാഠ്മണ്ഡു| നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 688 ആയി ഉയർന്നു. കാണാതായ ഇന്ത്യക്കാരിൽ ഇതുവരെ 108 പേരെ രക്ഷിച്ചു. ടിബറ്റ് ഭാഗത്ത് കുടുങ്ങിക്കിടന്ന 598 പേർ നേപ്പാൾ അതിർത്തി സുരക്ഷിതമായി കടന്നു. ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചും പുതിയ വിവരങ്ങളില്ല.നേപ്പാളിൽ ഏകദേശം 2,426 പേരും ടിബറ്റിലെ ഗ്വിറോങ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടെ ഏകദേശം 3,000 പേരെയാണ് കാണാതായിരിക്കുന്നത്. കാണാതായവരിൽ കുറഞ്ഞത് 540 പേർ വിദേശ പൗരന്മാരാണ്. ഇവരിൽ ഭൂരിഭാഗവും ഇന്ത്യയിൽ നിന്നുള്ള തീർഥാടകരാണെന്നാണ് വിവരം.
മിന്നൽ പ്രളയത്തിന് പിന്നാലെ നേരിടുന്ന ഊർജ്ജ പ്രതിസന്ധി ഒഴിവാക്കാൻ നേപ്പാൾ ഇന്ത്യയുടെ സഹായം തേടിയിട്ടുണ്ട്. മുൻകൂറായി വൈദ്യുതി ഇറക്കുമതി ചെയ്യാനാണ് അനുമതി തേടിയിരിക്കുന്നത്. നേപ്പാളിൽ 13 ജലവൈദ്യുത നിലയങ്ങൾ പൂർണ്ണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ഇതുവഴി ഉൽപ്പാദനത്തിൽ 550 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. നേപ്പാളിന്റെ അപേക്ഷ നിലവിലെ ഉഭയകക്ഷി കരാറുകൾ പ്രകാരമാണെന്നാണ് ഇന്ത്യൻ അധികൃതർ വ്യക്തമാക്കുന്നത്.ഇതിനിടെ നേപ്പാളിൽ കുടുങ്ങിയ 36 അംഗ മലയാളി സംഘം കൊച്ചിയിൽ തിരിച്ചെത്തി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലർച്ചെ 2:15 നാണ് സംഘം കൊച്ചിയിൽ എത്തിയത്. കണ്ണൂർ, കാസർഗോഡ്, കോട്ടയം, എറണാകുളം സ്വദേശികളാണ് ഒരാഴ്ച്ചത്തെ ടൂർ പാക്കേജിൽ നേപ്പാളിലേക്ക് പോയത്. കൺമുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടലിലാണിവർ. സമീപത്തെ അമ്പലത്തിൽ കയറിയത് കൊണ്ട് മാത്രമാണ് ദുരന്തത്തിൽ പെടാതിരുന്നതെന്ന് യാത്രാ സംഘത്തിലുള്ളവർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചത്.
നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ രക്ഷാപ്രവർത്തകർ അപകടത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ഹിമാനി തകർന്നതിനെ തുടർന്ന് ഉണ്ടായ അതിശക്തമായ മലവെള്ളപ്പാച്ചിലും മണ്ണിടിച്ചിലും നിരവധി ജനവാസമേഖലകളെ തകർത്തെറിഞ്ഞിരുന്നു. പ്രളയ ദുരന്തത്തിൽ നിരവധി പാലങ്ങളാണ് തകർന്നത്. ഏകദേശം 40 കിലോമീറ്റർ റോഡുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ തകർന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തുന്നതായാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന നേപ്പാൾ അധികൃതർ അറിയിച്ചത്. ദുരന്തത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് വിദഗ്ധരായ വിദേശ സംഘങ്ങളുടെ സഹായം നേപ്പാൾ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ പുനർനിർമാണത്തിനായി ഏകദേശം 4 മുതൽ 5 ബില്യൺ ഡോളർ വരെ വേണ്ടിവരുമെന്ന് നേപ്പാൾ ധനമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ഇതിനിടെ നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ പ്രളയബാധിത മേഖലകളിൽ നിന്ന് 100-ലധികം പേരെ രക്ഷപ്പെടുത്തിയതായാണ് സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ രാജാ റാം ബസ്നെതിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്. കുറഞ്ഞത് എട്ട് വിദേശ പൗരന്മാരെ ഹെലികോപ്റ്റർ മാർഗം തലസ്ഥാനമായ കാഠ്മണ്ഡുവിലേക്ക് മാറ്റി. അതേസമയം, ത്രിശൂലി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ കേന്ദ്രങ്ങളിൽ കുടുങ്ങിയവരെയും സൈനിക സംഘം ഒഴിപ്പിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ദുരന്തം നടന്ന് മൂന്ന് ദിവസം പിന്നിടുമ്പോൾ സാഹചര്യത്തിൽ കണ്ടെത്തുന്ന ചില മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്തവിധം അഴുകിയ നിലയിലാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ആരോഗ്യപ്രശ്നങ്ങളും രോഗവ്യാപന സാധ്യതയും കണക്കിലെടുത്ത് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഇത്തരം മൃതദേഹങ്ങൾ സംസ്കരിക്കാനാണ് തീരുമാനം. മരണപ്പെട്ടവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച ശേഷം മൃതദേഹങ്ങൾ തുറസ്സായ സ്ഥലത്ത് സംസ്കരിക്കുമെന്ന് ചിത്വൻ ജില്ലാ ഭരണകൂടം പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കി.
ചൈനീസ് അതിർത്തി മേഖലയിലാണ് പ്രളയം ഏറ്റവും കനത്ത നാശനഷ്ടം വിതച്ചത്. നിരവധിയായ ഗ്രാമങ്ങൾ, മാർക്കറ്റുകൾ, ജലസേചന പദ്ധതികൾ എന്നിവ പ്രളയജലത്തിൽ ഒഴുകിപ്പോയി. ഗതാഗത ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ട രീതിയിൽ റോഡുകളും പാലങ്ങളും തകർന്നിട്ടുണ്ട്. മേഖലയിലെ ആറ് പ്രധാന ജലവൈദ്യുത കേന്ദ്രങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. നേപ്പാളിൽ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഊർജിതമായി പുരോഗമിക്കുകയാണ്.