നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം : രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും

ആദ്യ പോസ്റ്റുമോർട്ടത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്നും ഇത് കേസിനെ തന്നെ ബാധിക്കുമെന്നാണ് ജുഡീഷ്യൽ കമ്മീഷന്റെ വിമർശനം.

0

ഇടുക്കി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിൽ രാജ് കുമാറിന്‍റെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും. രാവിലെ പത്ത് മണിയോടെ ജുഡീഷ്യൽ കമ്മീഷന്റെ സാന്നിധ്യത്തിലായിരിക്കും മൃതദേഹം പുറത്തെടുക്കുക. ആദ്യ പോസ്റ്റുമോർട്ടത്തിൽ ഗുരുതര വീഴ്ചകളുണ്ടായെന്നും ഇത് കേസിനെ തന്നെ ബാധിക്കുമെന്നാണ് ജുഡീഷ്യൽ കമ്മീഷന്റെ വിമർശനം. ന്യുമോണിയ മൂലമാണ് രാജ് കുമാർ മരിച്ചതെന്നാണ് ആദ്യ പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ മറ്റ് സാഹചര്യ തെളിവുകൾ ഇതല്ല സൂചിപ്പിക്കുന്നത്.

രാജ് കുമാറിന് നെടുങ്കണ്ടം സ്റ്റേഷനിൽ ക്രൂരമർദ്ദനമേറ്റെന്നും, തക്ക സമയത്ത് വൈദ്യസഹായം കിട്ടിയിട്ടില്ലെന്നുമാണ് കമ്മീഷന്റെ പ്രാഥമിക കണ്ടെത്തൽ. ആന്തരികാവയവങ്ങൾ വിദഗ്ധ പരിശോധനക്ക് അയച്ചിരുന്നില്ല. രാജ് കുമാറിന്റെ വാരിയെല്ലുകൾ പൊട്ടിയിരുന്നു. ഇത് ക്രൂരമർദ്ദനം മൂലമുണ്ടായതാണോയെന്ന് റിപ്പോർട്ടിൽ ഇല്ല. റീ പോസ്റ്റുമോർട്ടം നടത്തുന്നതോടെ ഇക്കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് കമ്മീഷൻ പറയുന്നത്.

പൊലീസ് സർജൻമാരായ പി ബി ഗുജ്റാൾ, കെ പ്രസന്നൻ, എകെ ഉന്മേഷ് എന്നിവരായിരിക്കും റീ പോസ്റ്റുമോർട്ടം നടത്തുക. രാജ് കുമാറിനെ സംസ്കരിച്ച് ഇന്നേക്ക് മുപ്പത്തിയേഴ് ദിവസമാകുന്നു. മൃതദേഹത്തിന്റെ അവസ്ഥ നോക്കിയായിരിക്കും എവിടെ വച്ച് പോസ്റ്റുമോർട്ടം നടത്തണമെന്ന് നിശ്ചയിക്കുന്നത്.

അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിന്ന് ഹൈക്കോടതിയിൽ നിലപാടറിയിക്കും. ഉന്നത ഉദ്യോഗസ്ഥരുടെയടക്കം ഇടപെടലുള്ളതുകൊണ്ട് കേസ് കേന്ദ്ര ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നാണ് രാജ് കുമാറിന്റെ ബന്ധുക്കളുടെ ഹർജി