നാഷണല്‍ ഹെറാള്‍ഡ് കേസ് സോണിയ ഗാന്ധി ഇ ഡി ചോദ്യം ചെയ്ത വിട്ടയച്ചു

കൊവിഡ് ബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു നേരത്തെ സോണിയ. അവരുടെ ആരോഗ്യനില കൂടി കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ പെട്ടെന്ന് അവസാനിപ്പിച്ചതെന്ന് ഇഡി വൃത്തങ്ങൾ വിശദീകരിച്ചു. ആവശ്യമെങ്കിൽ ഇനിയും സോണിയയെ സമൻസ് നൽകി വിളിപ്പിക്കുമെന്നും ഇഡി വ്യക്തമാക്കി

0

ഡൽഹി | നാഷണല്‍ ഹെറാള്‍ഡ് കേസുമായി ബന്ധപ്പെട്ട എന്‍ഫോഴസ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യല്‍ കഴിഞ്ഞ് സോണിയ ഗാന്ധി ഇ ഡി ഓഫിസില്‍ നിന്ന് മടങ്ങി. ഇന്ന് മൂന്ന് മണിക്കൂറാണ് സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്തത്. ഇന്ന് 12 മണിയോടെയാണ് നാഷണൽ ഹെറാൾഡ് പത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 75 കാരിയായ സോണിയാ ഗാന്ധി ഡൽഹിയിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഓഫീസിൽ ചോദ്യം ചെയ്യല്ലിനായി ഹാജരായത്. മൂന്ന് മണിയോടെ ഇന്നത്തെ ചോദ്യംചെയ്യൽ പൂര്‍ത്തിയാക്കി സോണിയ മടങ്ങി. കൊവിഡ് ബാധയെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു നേരത്തെ സോണിയ. അവരുടെ ആരോഗ്യനില കൂടി കണക്കിലെടുത്താണ് ചോദ്യം ചെയ്യൽ പെട്ടെന്ന് അവസാനിപ്പിച്ചതെന്ന് ഇഡി വൃത്തങ്ങൾ വിശദീകരിച്ചു. ആവശ്യമെങ്കിൽ ഇനിയും സോണിയയെ സമൻസ് നൽകി വിളിപ്പിക്കുമെന്നും ഇഡി വ്യക്തമാക്കി.

രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഗാന്ധി ഇന്ന് ഇഡി ഓഫീസിൽ എത്തിയത്. സോണിയയെ ഇഡി ചോദ്യം ചെയ്യുമ്പോൾ പ്രിയങ്ക മറ്റൊരു മുറിയിൽ കാത്തിരുന്നു. ഇതേ സമയം ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസിൻ്റെ നേതൃത്വത്തിൽ ദേശവ്യാപക പ്രതിഷേധം നടന്നു. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തി കോണ്‍ഗ്രസ് നേതാക്കൾ പാര്‍ലമെൻ്റിലേക്ക് മാര്‍ച്ച് നടത്തി. രാജ്യത്തെ വിവിധ ഭാഗത്തും കോണ്‍ഗ്രസിൻ്റെ പ്രതിഷേധമുണ്ടായി.

വിഷയത്തില്‍ പ്രതിപക്ഷം ഇന്ന് പാര്‍ലമെന്റില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയിരുന്നു.നടുത്തളത്തില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് എം പിമാര്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷബഹളത്തെത്തുടര്‍ന്ന് രാജ്യസഭ നിര്‍ത്തിവയ്ക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ വേട്ടയാടുന്നുവെന്ന് ചൂണ്ടിക്കാട്ടി 12 പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്നുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രസ്താവിച്ചു.

സോണിയാ ഗാന്ധിയുടെ ചോദ്യം ചെയ്യലില്‍ കേരളത്തിലും പ്രതിഷേധം ശക്തമാണ്. തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിച്ചു. ഷാഫി പറമ്പില്‍, രാഹുല്‍ മാങ്കൂട്ടത്തില്‍, റിജില്‍ മാക്കുറ്റി തുടങ്ങിയ നേതാക്കളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. രാജധാനി എക്‌സ്പ്രസ്, ചെന്നൈ മെയില്‍ തുടങ്ങിയ ട്രെയിനുകള്‍ തടഞ്ഞുകൊണ്ടാണ് പ്രതിഷേധം.

You might also like

-