രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു

നളിനിയും ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മറ്റൊരു തടവുകാരിയും തമ്മില്‍ വഴക്കുണ്ടായി. ഇക്കാര്യം തടവുകാരി ജയിലറെ അറിയിച്ചതിന് പിന്നാലെയാണ് നളിനി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് അഭിഭാഷകന്‍ പറഞ്ഞു.

0

ചെന്നൈ ;രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. വെല്ലൂര്‍ വനിതാ ജയിലില്‍ ഇന്നലെ രാത്രിയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി പറഞ്ഞു. ഇന്ത്യാടുഡേയോടാണ് അഭിഭാഷകന്‍ ഇക്കാര്യം പറഞ്ഞത്.കഴിഞ്ഞ 29 വര്‍ഷമായി ജയിലിലാണ് നളിനി.

29 വര്‍ഷത്തെ ജയില്‍ ജീവിതത്തിനിടെ ആദ്യമായാണ് നളിനി ഇങ്ങനെ ചെയ്തത്. ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് അറിയേണ്ടതുണ്ട്. രാജീവ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന നളിനിയുടെ ഭര്‍ത്താവ് മുരുകന്‍ നളിനിയെ ജയില്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. വെല്ലൂരില്‍ നിന്ന് പുഴല്‍ ജയിലിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടതെന്ന് അഭിഭാഷകന്‍ പറഞ്ഞു.
1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപത്തൂരില്‍ വെച്ച് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. നളിനിയും മുരുകനും ഉള്‍പ്പെടെ ഏഴ് പേരാണ് ശിക്ഷിക്കപ്പെട്ടത്. ആദ്യം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഇവരുടെ ശിക്ഷ പിന്നീട് ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു.