രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ബജറ്റെന്ന് വരുമാനവും നിക്ഷേപവും ഉയർത്താൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ സഹായിക്കും: മോദി , കൂപ്പുകുത്തി വിപണി

ഗ്രാമീണ മേഖലയുടെയും കർഷകരുടെയും വികസനത്തിനായി 16 ഇന പരിപാടി നടപ്പാക്കുന്നതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആദിവാസി, ദളിത് വിഭാഗങ്ങളിലെ കുട്ടികൾക്ക് ബജറ്റിൽ നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു

0

ഡൽഹി: രാജ്യത്തെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന ബജറ്റെന്ന് പ്രധാനമന്ത്രി പറഞ്ഞു. വ്യക്തമായ കാഴ്ചപ്പാടും പ്രാവർത്തികമാക്കാനാകുന്നതുമാണ് ബജറ്റ്. ഇതിന് ധനമന്ത്രി അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വരുമാനവും നിക്ഷേപവും ഉയർത്താൻ ബജറ്റിലെ പ്രഖ്യാപനങ്ങൾ സഹായിക്കും. യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകും. കാർഷിക മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ബജറ്റ് വഴിവയ്ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഗ്രാമീണ മേഖലയുടെയും കർഷകരുടെയും വികസനത്തിനായി 16 ഇന പരിപാടി നടപ്പാക്കുന്നതും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ആദിവാസി, ദളിത് വിഭാഗങ്ങളിലെ കുട്ടികൾക്ക് ബജറ്റിൽ നേട്ടമുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാഭ്യാസമേഖലയിൽ വലിയ കുതിപ്പിന് ഇടയാക്കുന്ന പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കോർപറേറ്റ് നികുതി കുറച്ചത് കമ്പനികൾക്ക് ഗുണകരമാകും. ചെറുകിട-ഇടത്തരം വ്യാപാരങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും അഭിവൃദ്ധിയുണ്ടാകും. ധാരാളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഇതിലൂടെ ബജറ്റിന് സാധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

വിദേശനിക്ഷേപവും ആദായനികുതിയിലെ കുറവും വിപണിയെ സജീവമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രത്യക്ഷ നികുതി കുറയുന്നതിലൂടെ 25000 കോടി ലാഭിക്കാൻ കമ്പനികൾക്ക് സാധിക്കും. ഇതിലൂടെ കൂടുതൽ നിക്ഷേപങ്ങൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.അതേസമയം രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ രണ്ടാം ബജറ്റ് അവതരണത്തിനു പിന്നാലെ വിപണിയിൽ വൻ തകർച്ച. സെൻസെക്‌സ് 708 പോയിന്റ് താഴേക്ക് പതിച്ചപ്പോൾ നിഫ്റ്റിയിൽ 50 സൂചിക ഇടിവുണ്ടായി. ബജറ്റിൽ ധനകാര്യമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രഖ്യാപനങ്ങൾ നിക്ഷേപകരെ തൃപ്തിപ്പെടുത്തുന്നതല്ലെന്നാണ് വാണിജ്യരംഗത്തുനിന്ന് പൊതുവെയുള്ള വിലയിരുത്തൽ.

സ്വതവേ മന്ദഗതി നേരിടുന്ന ഓഹരിവിപണിക്ക് കരുത്തു പകരുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല. സെൻസക്‌സ് ഇന്നത്തെ ഏറ്റവും മോശം നിലയായ 40,105 പോയിന്റിലേക്ക് പതിച്ചു. നിഫ്റ്റി ആരോഗ്യകരമെന്ന് വിശ്വസിക്കപ്പെടുന്ന 11,750-ൽ നിന്നും താഴോട്ടുപോയി 11741 ൽ തൊട്ടു.

ആദായനികുതിയിൽ ഇളവ് നൽകാനുള്ള തീരുമാനം വിപണിക്ക് കരുത്തുപകരുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ പുതിയ ആദായനികുതിനയം ബാങ്ക്, റിയൽ എസ്റ്റേറ്റ്, ഇൻഷുറൻസ്, മെഡിക്ലെയിം, യുലിപ്, മ്യൂച്ചൽ ഫണ്ട്, ചെറുകിട സേവിങ്‌സ് എന്നിവയെ വിപരീതമായി ബാധിക്കുമെന്ന വിലയിരുത്തലുണ്ട്.

ലാർസൻ ആന്റ് ടർബോ, ബജാജ് ഫിൻസർവ്, ടാറ്റ മോട്ടോഴ്‌സ്, സീ എന്റർടെയ്ൻമെന്റ് എന്നിവക്കാണ് നിഫ്റ്റിയിൽ കാര്യമായ തകർച്ച നേരിട്ടത്. മൂന്ന് ശതമാനത്തിലേറെ തകർച്ച ഇവയെല്ലാം നേരിട്ടു. അതേസമയം, ഹിന്ദുസ്ഥാൻ യൂണിലീവർ, ഇൻഫോസിസ്, ടി.സി.എസ്, എച്ച്.സി.എൽ, സിപ്ല എന്നിവ നേരിയ നേട്ടമുണ്ടാക്കി. 1.45% പുരോഗതി കൈവരിച്ച ലാർസൻ ആന്റ് ടർബോയുടെ പ്രകടനമാണ് നേട്ടമായി എടുത്തുപറയേണ്ടത് .

You might also like

-