വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകർത്തുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് മർദ്ദനം

സംഭവത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിൽ എത്തി മാധ്യമപ്രവർത്തകർ പരാതി നൽകാൻ ശ്രമിച്ചപ്പോൾ അഭിഭാഷക സംഘം അവിടെ എത്തിയും പ്രകോപനം സൃഷ്ടിച്ചു സ്ഥലത്ത് നിന്ന് ടിവി ചാനലുകള്‍ തത്സമയ സംപ്രേഷണം ചെയ്തപ്പോൾ അത് തടസ്സപ്പെടുത്താനും ശ്രമമുണ്ടായി

0

തിരുവനന്തപുരം:വഞ്ചിയൂർ കോടതിവളപ്പിൽ മാധ്യമ പ്രവർത്തകരെ അഭിഭാഷകർ കയ്യേറ്റം ചെയ്തു. മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ചിത്രം പകർത്തുന്നതിനിടെയാണ് അക്രമം അരങ്ങേറിയത് .വഞ്ചിയൂര്‍ കോടതിവളപ്പിലാണ് അക്രമം .സിറാജ് സീനിയര്‍ ഫോട്ടോഗ്രാഫര്‍ ടി ശിവജികുമാറിനെ ഒരു സംഘം അഭിഭാഷകർ തടഞ്ഞുവച്ചു മര്ദിക്കുകയായിരുന്നു .കെ.യു.ഡബ്ല്യൂ.ജെ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് സുരേഷ് വെള്ളിമംഗലം എന്നിവര്‍ക്ക് മര്‍ദനമേറ്റു. ശിവജിയുടെ മൊബൈല്‍ ഫോണും ഐ.ഡി കാര്‍ഡും പിടിച്ചെടുക്കുകയും ചെയ്തു.

സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ശ്രീറാം വെങ്കിട്ടരാമനും വഫ ഫിറോസും ഇന്ന് കോടതിയില്‍ ഹാജരായിരുന്നു. ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് 25ഓളം വരുന്ന അഭിഭാഷക സംഘം ശിവജിയെ കൈയേറ്റം ചെയ്തത്. ശിവജിയുടെ അക്രഡിറ്റേഷന്‍ കാര്‍ഡും ക്യാമറയും ഫോണും അഭിഭാഷകര്‍ പിടിച്ചെടുക്കുകയും ചെയ്തു. ദൃശ്യങ്ങളും ഡിലീറ്റ് ചെയ്തു. പോലീസ് ഇടപെട്ടാണ് ശിവജിയെ അക്രമി സംഘത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്.

പ്രതികള്‍ കോടതിയില്‍ ഹാജരായ ശേഷം കോടതിവളപ്പില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് ശിവജികുമാര്‍ ഫോട്ടോ എടുത്തത്. ആദ്യം പുറത്തിറങ്ങിയ ശ്രീറാമിന്റെ പടം പകര്‍ത്തിയ ശേഷം, പിന്നാലെ വന്ന വഫ ഫിറോസിന്റെ പടം പകര്‍ത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പോലീസുകാരന്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വഫ ഫിറോസിന്റെ അഭിഭാഷകന്റെ നേതൃത്വത്തിൽ അഭിഭാഷകരുടെ വലിയ സംഘം എത്തി ശിവജിയെ കൈയേറ്റം ചെയ്യുകയാണുണ്ടായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലത്തിന് നേരെയും കെെയേറ്റ ശ്രമമുണ്ടായി.

സംഭവത്തെ തുടര്‍ന്ന് വഞ്ചിയൂര്‍ പോലീസ് സ്റ്റേഷനിൽ എത്തി മാധ്യമപ്രവർത്തകർ പരാതി നൽകാൻ ശ്രമിച്ചപ്പോൾ അഭിഭാഷക സംഘം അവിടെ എത്തിയും പ്രകോപനം സൃഷ്ടിച്ചു സ്ഥലത്ത് നിന്ന് ടിവി ചാനലുകള്‍ തത്സമയ സംപ്രേഷണം ചെയ്തപ്പോൾ അത് തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. വഞ്ചിയൂര്‍ കോടതിയില്‍ മുമ്പും പലതവണ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കൈയേറ്റം നടന്നിരുന്നു. കേസ് വിവരങ്ങൾ റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവർത്തകർക്ക് നേരെ അഭിഭാഷകർ ഗുണ്ടായിസം കാണിക്കുന്നത് പതിവ് സംഭവമായിട്ടുണ്ട്.സംഭവം മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്ന് സിറാജ് തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ സൈഫുദ്ദീന്‍ ഹാജി പ്രതികരിച്ചു. വിഷയത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പരാതിയുമായി മുന്നോട്ടുപോകുമെന്നും ഒത്തുതീർപ്പിനില്ലെന്നും ടി ശിവജികുമാർ അറിയിച്ചു.

You might also like

-