മാണി സി. കാപ്പനെതിരെ അച്ചടക്ക നടപടിസ്വീകരിക്കുമെന്ന് എൻസിപി.

പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാൻ മാണി. സി. കാപ്പൻ എൻസിപിക്ക് അർഹതയില്ലാതാക്കിയെന്ന് ശശീന്ദ്രൻ പറഞ്ഞു

0

തിരുവനന്തപുരം :മാണി സി. കാപ്പനെതിരെ അച്ചടക്ക നടപടിസ്വീകരിക്കുമെന്ന് എൻസിപി. കാപ്പൻ പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം കേന്ദ്ര നേതൃത്വത്തെ അറിയിക്കും. ടി. പി പീതാംബരനുമായി ആലോചിച്ച ശേഷം നടപടിയെടുക്കുമെന്ന് മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു.
പാലാ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ചോദിക്കേണ്ട സമയത്താണ് ചോദിക്കേണ്ടതെന്നും അന്തിമ തീരുമാനം എടുക്കും മുന്നെ എടുത്തുചാടിയുള്ള തീരുമാനമാണ് കാപ്പനെ കു‍ഴപ്പത്തിലാക്കിയതെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു.പാലായ്ക്ക് വേണ്ടി അവകാശവാദം ഉന്നയിക്കാൻ മാണി. സി. കാപ്പൻ എൻസിപിക്ക് അർഹതയില്ലാതാക്കിയെന്ന് ശശീന്ദ്രൻ പറഞ്ഞു. മാണി. സി. കാപ്പന്റെ നിലപാട് രാഷ്ട്രീയമല്ലെന്നും വൈകിരാകമാണെന്നും ശശീന്ദ്രൻ കൂട്ടിച്ചേർത്തു.കൂടെ നേതാക്കള്‍ ഉണ്ടെന്ന മാണി സി കാപ്പന്‍റെ അവകാശവാദത്തിന് യുക്തിയുടെ പിന്‍ബലമില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നത് ഉചിതമല്ലെന്നും കാപ്പനെതിരെ നടപടി സ്വീകരിക്കാന്‍ നേതൃത്വത്തിനോട് ആവശ്യപ്പെടുമെന്നും എകെ ശശീന്ദ്രന്‍പറഞ്ഞു.

പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കുമെന്നും പുതിയ പാർട്ടി രൂപീകരിക്കുമെന്നും മാണി. സി. കാപ്പൻ പറഞ്ഞിരുന്നു. എന്നാൽ എംഎൽഎ സ്ഥാനം രാജിവയ്ക്കില്ല. തന്നോടൊപ്പം എൻസിപിയിലെ പതിനൊന്ന് ഭാരവാഹികൾ ഉണ്ടാകും. സെക്രട്ടറിയും ട്രഷററും ഇതിൽ ഉൾപ്പെടുമെന്നും മാണി. സി. കാപ്പൻ പറഞ്ഞിരുന്നു. കോട്ടയത്ത് മാധ്യമങ്ങളെ കണ്ടായിരുന്നു മാണി. സി. കാപ്പന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി എ. കെ. ശശീന്ദ്രൻ രംഗത്തെത്തിയത്.