ജോസ് കെ മാണി ഇടതുപക്ഷത്തേക്ക് ? മുന്നണിയിലേക്ക് സ്വാഗതം ചെയ്ത് കോടിയേരി

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയതായി ആ മുന്നണിയുടെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. തകരാൻ പോകുന്ന കപ്പലിൽനിന്ന്‌ നേരത്തേ മോചിതമായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു അപ്പോൾ ജോസ് കെ മാണിയും കൂട്ടരും ചെയ്തത്

0

തിരുവനന്തപുരം: യുഡിഎഫിൽ നിന്ന് പുറത്താക്കിയ കേരളാ കോൺഗ്രസ് ജോസ് കെ മാണി പക്ഷം ഇടത്തോട്ട് പരോക്ഷമായി സ്വാഗതം ചെയ്ത് കോടിയേരി യുഡിഎഫ് വിട്ടു വരുന്നവരെ നിലപാട് നോക്കി സ്വീകരിക്കുമെന്ന് മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇടതുമുന്നണി ചര്‍ച്ച ചെയ്യും. യുഡിഎഫിനെയും ബിജെപിയെയും ദുര്‍ബലമാക്കുകയാണ് ലക്ഷ്യമെന്നും കോടിയേരി വ്യക്തമാക്കി, ജോസ് കെ മാണിക്ക് നേരിട്ടല്ലെങ്കിലും സ്വാഗതമെന്ന് സൂചിപ്പിക്കുന്നതാണ് ദേശാഭിമാനിയിൽ സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എഴുതിയ മുഖപ്രസംഗം. അയ്യങ്കാളിസ്മരണയാണ് മുഖപ്രസംഗത്തിന്‍റെ വിഷയമെങ്കിലും കോടിയേരിയുടെ ലേഖനത്തിന്‍റെ ഉള്ളടക്കം ജോസ് പക്ഷത്തെ പരോക്ഷമായി സ്വാഗതം ചെയ്തുകൊണ്ടുള്ള കുറിപ്പുകളാണ്

”ദേശീയമായി കോൺഗ്രസ് നേരിടുന്ന പ്രതിസന്ധി, അതിനേക്കാൾ ഗുരുതരമായി ബാധിച്ചിരിക്കുകയാണ് കേരളത്തിലെ കോൺഗ്രസിലും ആ കക്ഷി നയിക്കുന്ന യുഡിഎഫിലും. ഗാന്ധി കുടുംബം കോൺഗ്രസിനെ നയിക്കണമെന്ന പക്ഷക്കാരാണ് എ കെ ആന്റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, വേണുഗോപാൽ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയവരെല്ലാം. ഹൈക്കമാൻഡിനു പിന്നിൽ പാറപോലെ ഉറച്ചുനിൽക്കൂ എന്നാണ് ആന്റണിയുടെ വചനം. പക്ഷേ, പാറകൾക്ക് ഇപ്പോൾ പണ്ടേപോലെ ഉറപ്പില്ല. കാരണം, ഹൈക്കമാൻഡ്‌ ‘ലോ’ കമാൻഡ്‌ ആയി. എന്നിട്ടും നെഹ്റുകുടുംബ ചേരിയിലാണ് ഇക്കൂട്ടർ. അതുകാരണം പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുന്നതിനെയും കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങളിലും മൃദുഹിന്ദുത്വ അജൻഡ സ്വീകരിച്ചിരിക്കുന്ന കോൺഗ്രസ് ദേശീയ നിലപാടിനെ തള്ളിപ്പറയാൻ കെപിസിസിക്കോ കോൺഗ്രസ് പ്രതിപക്ഷത്തിനോ നാവ് പൊന്തുന്നില്ല. രാമക്ഷേത്ര പ്രശ്നത്തിൽ രണ്ടുവരി പത്രപ്രസ്താവനയിൽ കോൺഗ്രസിനോടുള്ള പ്രതിഷേധം ഒതുക്കിയ മുസ്ലിംലീഗിന്റെ നേതൃത്വവുമായി അണികൾ കൂടുതൽ അകലുകയാണ്. ദേശീയ വിദ്യാഭ്യാസനയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മൃദുഹിന്ദുത്വ നയത്തിൽ ഉറച്ചുനിൽക്കുന്ന കോൺഗ്രസിന്റെ വാലായി തുടരണമോയെന്ന ചോദ്യം വിവിധ ഘടകകക്ഷികളിലും അവയിലെ അണികളിലും ഉയരുകയാണ്.

ഇങ്ങനെ യുഡിഎഫ് നേരിടുന്ന സംഘടനാപരവും രാഷ്ട്രീയവുമായ പ്രതിസന്ധിയുടെ ആഴം എത്ര വലുതാണെന്ന് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലെയും അവിശ്വാസ പ്രമേയത്തിലെയും വോട്ടെടുപ്പ് തെളിയിച്ചു. എൽഡിഎഫിനെതിരെ അവിശ്വാസം കൊണ്ടുവന്നതുകൊണ്ട് അട്ടത്തിലിരുന്നത് എടുക്കാനും കഴിഞ്ഞില്ല, കക്ഷത്തിലിരുന്നത് പോകുകയും ചെയ്തു എന്ന ഗതികേടിലായി. കേരള കോൺഗ്രസ് എമ്മിലെ രണ്ട് എംഎൽഎമാർ യുഡിഎഫിൽ അവിശ്വാസം രേഖപ്പെടുത്തി. ഇത് യുഡിഎഫിലെ പ്രതിസന്ധിയെ പുതിയൊരു തലത്തിൽ എത്തിച്ചിരിക്കുകയാണ്. യുഡിഎഫ് തീരുമാനം തന്റെ കക്ഷിക്ക് ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് മാണി കേരള കോൺഗ്രസിനെ നയിക്കുന്ന ജോസ് കെ മാണി യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ വോട്ട്ചെയ്യാതിരുന്നത്. കേരള കോൺഗ്രസ് എം ദേശീയതലത്തിൽ യുപിഎയുടെ ഘടകകക്ഷിയാണ്. ആ കക്ഷിയാണ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് സ്ഥാനാർഥിക്ക്‌ വോട്ട് ചെയ്യാതിരുന്നതും സ്വതന്ത്രനിലപാട് കൈക്കൊണ്ടതും.

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് മധ്യേ ജോസ് വിഭാഗത്തെ യുഡിഎഫിൽനിന്ന്‌ പുറത്താക്കിയതായി ആ മുന്നണിയുടെ നേതൃത്വം പ്രഖ്യാപിച്ചിരുന്നു. തകരാൻ പോകുന്ന കപ്പലിൽനിന്ന്‌ നേരത്തേ മോചിതമായതിന്റെ സന്തോഷം പ്രകടിപ്പിക്കുകയായിരുന്നു അപ്പോൾ ജോസ് കെ മാണിയും കൂട്ടരും ചെയ്തത്. എന്നാൽ, ജോസ് വിഭാഗത്തെ യുഡിഎഫിൽ തിരിച്ചുകൊണ്ടുവരാൻ കോൺഗ്രസ് –- മുസ്ലിംലീഗ് നേതാക്കൾ പലവിധ അനുനയ നീക്കങ്ങൾ നടത്തിയെങ്കിലും പരാജയപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വിള്ളലേറ്റത്. ഇത് ശ്രദ്ധേയമായൊരു രാഷ്ട്രീയ സംഭവവികാസമാണ്. യുഡിഎഫിലെ ആഭ്യന്തര കലഹത്തിന്റെ അതിർവരമ്പും കടന്നിരിക്കുകയാണ്. ഇത്തരം സംഭവഗതികൾ യുഡിഎഫിന്റെ ശക്തിയെയും നിലനിൽപ്പിനെയും സാരമായി ബാധിക്കും. മുന്നണി രാഷ്ട്രീയത്തിന്റെ സ്വഭാവത്തിൽ പ്രകടമാകുന്ന അന്തരവും ഇവിടെ തെളിയുന്നുണ്ട്.

എൽഡിഎഫ് എന്നത് പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയമായും സംഘടനാപരമായും കെട്ടുറപ്പുള്ള രാഷ്ട്രീയകൂട്ടുകെട്ടാണ്. യുഡിഎഫ് ആകട്ടെ, അന്തഃച്ഛിദ്രത്തിന്‍റെ മുന്നണിയും. അതുകൊണ്ടുതന്നെ യുഡിഎഫിന്‍റെ ആഭ്യന്തരകലഹത്തിൽ എൽഡിഎഫോ സിപിഎമ്മോ കക്ഷിയാകില്ല. എന്നാൽ, യുഡിഎഫ് വിട്ട് പുറത്തുവരുന്ന കക്ഷികളുടെ രാഷ്ട്രീയനിലപാടും സമീപനവും നോക്കി എൽഡിഎഫ് കൂട്ടായ ചർച്ചകളിലൂടെ നിലപാട് സ്വീകരിക്കും. യുഡിഎഫിനെയും ബിജെപിയെയും ദുർബലമാക്കുകയെന്ന പൊതുലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതുമാകും”, എന്ന് കോടിയേരി എഴുതുന്നു.

You might also like

-