കെസിയ ലിസ്”മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026
സൗന്ദര്യത്തിനൊപ്പം പ്രതിഭയും ആത്മവിശ്വാസവും വേദിയിലെ പ്രകടനവും മത്സരത്തിന്റെ ഭാഗമായി. ജഡ്ജിമാരുടെ ശ്രദ്ധനേടിയ 19കാരി കെസിയയാണ് ഒടുവിൽ കിരീടം സ്വന്തമാക്കിയത്
ജയ്പൂർ |മിസ് യൂണിവേഴ്‌സ് ഇന്ത്യ 2026 മത്സരത്തിൽ വിജയകിരീടം ചൂടി മലയാളി യുവതി. കെസിയ ലിസ് മേജോയ്ക്കാണ് 53 മത്സരാർത്ഥികളെ പിന്തള്ളി മിസ് യൂണിവേഴ്‌സ് ഇന്ത്യയായത്. ഞായറാഴ്ച ജയ്പൂരിലാണ് മത്സരം നടന്നത്.സൗന്ദര്യത്തിനൊപ്പം പ്രതിഭയും ആത്മവിശ്വാസവും വേദിയിലെ പ്രകടനവും മത്സരത്തിന്റെ ഭാഗമായി. ജഡ്ജിമാരുടെ ശ്രദ്ധനേടിയ 19കാരി കെസിയയാണ് ഒടുവിൽ കിരീടം സ്വന്തമാക്കിയത്. 2025-ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ ജേതാവ് മാനിക വിശ്വകർമ കെസിയയെ കിരീടമണിയിച്ചു.തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഒന്നാം റണ്ണറപ്പായും ഗുജറാത്തിൽ നിന്നുള്ള അനുഷ്രീ സതവാലേക്കർ രണ്ടാം റണ്ണറപ്പായും തിരഞ്ഞെടുക്കപ്പെട്ടു. ഈ വിജയത്തോടെ ഇന്ത്യയെ അന്താരാഷ്ട്ര വേദിയിൽ പ്രതിനിധീകരിക്കാനുള്ള അവസരമാണ് മലയാളിയായ കെസിയയ്ക്ക് ലഭിച്ചിരിക്കുന്നത്. ഈ വർഷം നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾക്കൊപ്പം കെസിയയും മാറ്റുരക്കും.
ജയ്പൂരിലെ വിജയത്തിന് പിന്നാലെ വികാരഭരിതയായ കെസിയ, കഴിഞ്ഞ മൂന്ന് വർഷമായി ഈ നേട്ടത്തിനായി പരിശ്രമിച്ചുവരികയായിരുന്നുവെന്ന് പറഞ്ഞു. കിരീടം കേരളത്തിലേക്ക് കൊണ്ടുപോകാനും ആഗോള വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിയുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ വ്യക്തമാക്കി.
ബോളിവുഡ് നടിയും മുൻ മിസ് യൂണിവേഴ്‌സുമായ സുസ്മിത സെൻ, രണ്ട് തവണ മിസ് യൂണിവേഴ്‌സ് ഇന്ത്യയായ ഉർവശി റൗട്ടേല, മുൻ മിസ് യൂണിവേഴ്‌സ് ഒന്നാം റണ്ണറപ്പായ സെലീന ജെയ്റ്റ്‌ലി, ചലച്ചിത്ര നിർമാതാവും പരിസ്ഥിതി പ്രവർത്തകയുമായ പ്രഗ്യ കപൂർ, മിസ് യൂണിവേഴ്‌സ് ഇന്ത്യയുടെ ഉടമ നിഖിൽ ആനന്ദ് എന്നിവർ ഉൾപ്പെട്ട പ്രമുഖ പാനലാണ് മത്സരത്തിന്റെ വിധിനിർണയം നടത്തിയത്. മിസ് യൂണിവേഴ്‌സ് ഇന്ത്യ 2024 ജേതാവ് റിയ സിംഘയും ചടങ്ങിൽ പങ്കെടുത്തു.
ആലപ്പുഴയിലെ മാവേലിക്കര സ്വദേശിയായ കെസിയ നിലവിൽ ലോ (ഓണേഴ്‌സ്) പഠിക്കുകയാണ്. മിസ് യൂണിവേഴ്‌സ് ഇന്ത്യ കിരീടം നേടുന്ന ആദ്യ മലയാളി വനിത എന്ന നേട്ടവും കെസിയ സ്വന്തമാക്കി.മലയാളിയാണെങ്കിലും കെസിയ ജനിച്ചതും വളർന്നതും അബുദാബിയിലാണ്. വയലിൻ, ഡ്രംസ് എന്നിവ വായിക്കുന്ന കെസിയ മികച്ച ഗായിക കൂടിയാണ്. മോഡലിങ്ങിനും പബ്ലിക് സ്പീക്കിംഗിനുമൊപ്പം അഭിനയരംഗത്തും കെസിയ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ ‘ഷൈലോക്ക്’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.