വിശ്വാസത്തെ മറയാക്കി ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമം കേരളസമൂഹം പരാജയപ്പെടുത്തും :പിണറായി വിജയൻ

വിശ്വാസത്തെയും ആചാരത്തെയും മറയാക്കി സ്ഥാപിതതാത്പര്യക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഇത്തരം ശ്രമങ്ങളെ നവോത്ഥാനപാരമ്പര്യമുള്ള കേരളസമൂഹം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു

0

തിരുവനതപുരം : ഭരണഘടനാ സംരക്ഷണസംഗമം സംഘടിപ്പിച്ചു. വിശ്വാസത്തെയും ആചാരത്തെയും മറയാക്കി സ്ഥാപിതതാത്പര്യക്കാർ ഭരണഘടനയെ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. ഇത്തരം ശ്രമങ്ങളെ നവോത്ഥാനപാരമ്പര്യമുള്ള കേരളസമൂഹം പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭ, സാക്ഷരതാ മിഷൻ അതോറിറ്റി, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവർ ചേർന്ന് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാനവികതയിൽ അടിസ്ഥാനമായ നവോത്ഥാനമൂല്യങ്ങൾ ഇല്ലാതാക്കാനുള്ള ബോധപൂർവമായ ശ്രമം സമൂഹത്തിൽ നടക്കുന്നത് ഗൗരവമായി കാണണം. അടിസ്ഥാന സാക്ഷരത പോലെ അനിവാര്യമായ ഒന്നാണ് ഭരണഘടനാ സാക്ഷരതയും. ഭരണഘടന സംരക്ഷിക്കണമെന്ന ഉത്തരവാദിത്വബോധം ജനങ്ങളിൽ ഉയർത്താൻ ഭരണഘടനാസാക്ഷരതാ ജനകീയവിദ്യാഭ്യാസ പരിപാടി സഹായിക്കും. ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത ജനങ്ങൾക്കാണ്. ഭരണഘടനയെ വെല്ലുവിളിക്കുള്ള പ്രവണത വർധിച്ചുവരുന്നു. ഭരണഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങളുമായി പൊരുത്തപ്പെടാത്തവരാണ് ഇത്തരം സമീപനം സ്വീകരിക്കുന്നത്. ഇന്ത്യൻ ഭരണഘടന കേരളത്തിന്റെ കൈകളിൽ ഭദ്രമാണ്. നാം പലതരം ജനകീയ ഇടപെടലുകൾ നടത്തിയിട്ടുള്ള സമൂഹമാണ്. സമ്പൂർണ സാക്ഷരത, ജനകീയാസൂത്രണം തുടങ്ങിയവ വിജയിപ്പിക്കാനായത് ഇതിനാലാണ്.

ഭരണഘടന മുന്നോട്ടുവെക്കുന്ന പൗരാവകാശങ്ങൾ യാഥാർഥ്യമാക്കാനുള്ള ബാധ്യതയാണ് സർക്കാരിനുള്ളത്. ഇത്തരം സംരംഭങ്ങൾ ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കാനായത് നാടിന്റെ സവിശേഷമായ ചരിത്ര പശ്ചാത്തലം കാരണമാണ്. അതിലേറ്റവും പ്രധാനം നവോത്ഥാനപ്രസ്ഥാനമാണ്. ഒരു സാമൂഹ്യബോധവത്കരണ പ്രക്രിയയാണത് രൂപപ്പെട്ടത്. അതിന്റെ ഭാഗമായി ബോധമുൾക്കൊണ്ടവരാണ് അവകാശപ്രക്ഷോഭങ്ങളിലേക്ക് കടന്നുവന്നത്. നവോത്ഥാനപ്രസ്ഥാനങ്ങളും സ്വാതന്ത്ര്യപ്രസ്ഥാനങ്ങളും ഉയർത്തിക്കൊണ്ടുവന്ന പ്രവർത്തനങ്ങൾ മൂലം അവകാശബോധം സമൂഹത്തിലുണ്ടായി. സ്വാതന്ത്ര്യം പൂർണമായി യാഥാർഥ്യമാകണമെങ്കിൽ പാർശ്വവത്കരിക്കപ്പെട്ടവർക്ക് ശരിയായ സ്വാതന്ത്ര്യം അനുഭവിക്കാനാകണം. ആധുനികകാലത്ത് സ്ത്രീകൾക്കെതിരായ വിവേചനം യാഥാസ്ഥിതികർ ഉയർത്തിക്കൊണ്ടുവരാൻ ബോധപൂർവം ശ്രമിച്ചപ്പോൾ അതിനെ പ്രതിരോധിക്കാനാണ് സ്ത്രീസമൂഹം വനിതാമതിലുമായി വന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

You might also like

-