കരിപ്പൂർ വിമാനാപകടം അന്വേഷണസംഘം സ്ഥലത്ത്,കരിപ്പൂരിലേക്കുള്ള  വിമാന സര്‍വീസുകളും കണ്ണൂരിലേക്ക് തിരിച്ചുവിട്ടു

അപകടത്തെക്കുറിച്ചുള്ള അന്വേണത്തിനായി എയര്‍ ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിദഗ്ധരാണ് കരിപ്പൂരിലെത്തിയത്.

0

കോഴിക്കോട് :അപകടത്തെ തുടര്‍ന്ന് കരിപ്പൂരിലേക്കുള്ള എല്ലാ വിമാന സര്‍വീസുകളും കണ്ണൂരിലേക്ക് തിരിച്ചുവിട്ടു. അപകടത്തെക്കുറിച്ചുള്ള അന്വേണത്തിനായി എയര്‍ ക്രാഫ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ വിദഗ്ധരാണ് കരിപ്പൂരിലെത്തിയത്.കേന്ദ്രമന്ത്രി വി.മുരളീധരനും അന്വേഷണസംഘവും കരിപ്പൂരിലെത്തി
കരിപ്പൂരിൽ മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം നടത്തുമെന്ന് കോഴിക്കോട് കലക്ടര്‍ അറിയിച്ചു. മൃതദേഹങ്ങളുടെ കോവിഡ് പരിശോധനയ്ക്ക് നടപടികള്‍ വേഗമാക്കും. പരുക്കേറ്റവര്‍ക്കും കോവിഡ് പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരില്‍ വിമാനം തകര്‍ന്ന് മരിച്ചവരുടെ എണ്ണം 19 ആയി. ദുബായില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയാണ് തകര്‍ന്നത്. മരിച്ചവരില്‍ പൈലറ്റുമാരും ഉള്‍പ്പെടും. 123 പേര്‍ക്ക് പരുക്കേറ്റു. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
വന്ദേഭാരത് ദൗത്യത്തില്‍184 യാത്രക്കാരുമായി വന്ന ഐ.എക്സ് 1344 ാം വിമാനം വൈകിട്ട് 7.41 നാണ് കരിപ്പൂരില്‍ തകര്‍ന്നത്. കനത്തമഴയെ തുടര്‍ന്ന് ലാന്‍ഡിങ്ങിനുളള ആദ്യവട്ട ശ്രമം പരാജയപ്പെട്ടു. റണ്‍വേയിലേക്ക് താണിറങ്ങിയ വിമാനം പറന്നുയര്‍ന്ന് ശേഷം വീണ്ടും ലാന്‍ഡിങ് നടത്തിയപ്പോഴാണ് അപകടം. ടേബിള്‍ ടോപ് റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം 35 അടി താഴ്ചയിലേക്ക് വീണ് പിളര്‍ന്നു. കോക്പിറ്റ് മുതല്‍ മുന്‍ വാതില്‍ വരെയുളള ഭാഗം പുറകുഭാഗവും പിളര്‍ന്നുമാറി.
രണ്ട് പൈലറ്റുമാര്‍ക്ക് പുറമെ മുന്‍സീറ്റുകളില്‍ ഇരുന്നവരാണ് മരിച്ചത്. വലിയ ശബ്ദത്തില്‍ വീണ വിമാനത്തിന്റെ ഒരുഭാഗം വിമാനത്താവളത്തിന്റെ മതില്‍ തകര്‍ത്തു. വിമാനത്താവളത്തിലെ ഫയര്‍ ഫോഴ്സും സി.ഐ.എസ്.എഫ്, പൊലീസ് സേനാംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. നാട്ടുകാര്‍കൂടി സജീവമായി രംഗത്തെത്തിയതോടെ അതിവേഗം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനായി. എയര്‍പോര്‍ട്ട് ടാകസികള്‍ അടക്കം രക്ഷാദൗത്യത്തിനെത്തി. പരുക്കേറ്റവരെ കൊണ്ടോട്ടി, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.