ജോസഫിനെയും മറുകണ്ടം ചാടിയവരെയും വിപ്പിൽ കുരുക്കാൻ നീക്കം “ജോസഫ് “രാഷ്ട്രീയ പ്രതിസന്ധിയിൽ

ജോസഫിനൊപ്പം മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരൻ വിപ്പ് ആയുധമാക്കി അയോഗ്യത ഏർപ്പെടുത്താനാണ് ജോസ് പക്ഷ നീക്കം .ബൂത്ത്, പഞ്ചായത്ത് തലത്തിൽ ജോസഫിനൊപ്പം ചേക്കേറിയവരെ പുറത്തു ചാടിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ശ്രമം

0


കോട്ടയം /തൊടുപുഴ :തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഉത്തരവിലൂടെ കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരും ചിഹ്നവും ലഭിച്ചശേഷം ചൊവ്വാഴ്ച പത്രസമ്മേളനത്തിനെത്തിയ ജോസ് കെ.മാണി വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനം ഉണ്ടാകുമെന്ന് ജോസ് കെ മാണി വ്യക്തമാക്കി.ആദ്യം പഞ്ചായത്ത് തലത്തിൽ നീക്കങ്ങൾ സജീവമാക്കുകയാണ് ജോസ് വിഭാഗം. ജോസഫിനൊപ്പം മറുകണ്ടം ചാടിയവരെ തിരികെ കൊണ്ടുവരൻ വിപ്പ് ആയുധമാക്കി അയോഗ്യത ഏർപ്പെടുത്താനാണ് ജോസ് പക്ഷ നീക്കം .ബൂത്ത്, പഞ്ചായത്ത് തലത്തിൽ ജോസഫിനൊപ്പം ചേക്കേറിയവരെ പുറത്തു ചാടിക്കാനാണ് ജോസ് കെ മാണി വിഭാഗത്തിന്റെ ശ്രമം. രണ്ടിലയിൽ മത്സരിച്ച് ജയിച്ച് പി ജെ ജോസഫിനൊപ്പം പോയ പഞ്ചായത്ത് മെമ്പർമാർ അടക്കം തിരികെ മടങ്ങണമെന്ന് ജോസ് കെ മാണി പറയുന്നു. നിയമ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ പലരും മറിച്ചു ചിന്തിക്കാനും സാധ്യതയുണ്ട്.

ചിഹ്നം മരവിക്കപ്പെടും എന്ന് കണക്കു കൂട്ടിയ ജോസഫ് വിഭാഗം തിരിച്ചടിയെ മറികടക്കാനുള്ള ശ്രമത്തിലാണ്.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിനെതിരെ ജോസഫ് വിഭാഗം നാളെ ഡൽഹി ഹൈക്കോടതിയിൽ തടസ്സവാദം ഉന്നയിച്ചേക്കും. കമ്മീഷൻ കണ്ടെത്തലിൽ മൂന്ന് പേരിൽ ഒരാൾ വിയോജിപ്പ് അറിയിച്ചു എന്ന വാദമാകും ഉന്നയിക്കുക. കട്ടപ്പന മജിസ്‌ട്രേറ്റ് കോടതി അടക്കമുള്ള കോടതികളിൽ മുമ്പ് അനുകൂല വിധിയുണ്ടായതും ജോസഫ് വിഭാഗം ചൂണ്ടിക്കാട്ടും. ജോസ് കെ മാണി വിഭാഗം വിപ് ലംഘന പരാതി ഉയർത്തിയാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയിട്ടുള്ള രേഖകൾ വച്ചു ഖണ്ഡിക്കാൻ ആകും എന്ന വിശ്വാസത്തിലാണ് ജോസഫ് വിഭാഗം.

അതേസമയം കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായതോടെ, പാർട്ടിയുടെ അംഗീകാരവും വിപ്പും സംബന്ധിച്ച പ്രശ്നം പി.ജെ. ജോസഫ് വിഭാഗത്തെ പ്രതിസന്ധിയിലാക്കി. ഒപ്പം ജോസഫ് ഗ്രൂപ്പിന് അനുകൂല നിലപാടെടുത്തിരുന്ന യു.ഡി.എഫ്. നേതൃത്വവും വെട്ടിലായി. ജോസ് കെ. മാണി വിഭാഗത്തിനാകട്ടെ വിലപേശൽശക്തി വർധിക്കുകയും ചെയ്തു.

ജോസ് വിഭാഗത്തിന്റേതാണ് ഔദ്യോഗിക കേരള കോൺഗ്രസ് എം എന്നു വന്നതോടെ രണ്ട് പ്രശ്നമാണ് ജോസഫ് വിഭാഗം നേരിടുന്നത്. ജോസഫ് വിഭാഗം എം.എൽ.എ.മാർക്ക് തിരഞ്ഞെടുക്കപ്പെട്ട കാലയളവിൽ മാതൃപാർട്ടിവിട്ട് മറ്റൊരു സംവിധാനത്തിൽ പ്രവർത്തിക്കാനാകാതെവരും. ചിഹ്നം നൽകിയ പാർട്ടിയെന്നനിലയിൽ അവർ കേരള കോൺഗ്രസ് എമ്മുകാരാണ്. അതുവിട്ട് മറ്റ് പാർട്ടിയുണ്ടാക്കുന്നത് അയോഗ്യത ക്ഷണിച്ചുവരുത്തും

ജനപ്രതിനിധികളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെയും എണ്ണത്തിന്റെ മൂല്യത്തിൽ ജോസ് വിഭാഗം വ്യക്തമായ മേൽക്കൈയുണ്ട് . എം.പി.യുടെ മൂല്യം ഏഴ് നിയമസഭാ മണ്ഡലമെന്ന കണക്ക് അടിസ്ഥാനമാക്കി ഏഴായാണ് കൂട്ടുക. രണ്ട് എം.പി.മാരും അഞ്ച് എം.എൽ.എ.യുമടക്കം 19 ആണ് മൂല്യം. അതുപ്രകാരം 16 പോയന്റ് ജോസ് വിഭാഗത്തിനും മൂന്ന് പോയന്റ് ജോസഫ് വിഭാഗത്തിനുമായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടിക രണ്ടുകൂട്ടരും പ്രത്യേകം നൽകി. 400-ല്പരം സംസ്ഥാന കമ്മിറ്റി അംഗങ്ങളിൽനിന്ന് തർക്കമുള്ളവരെ മാറ്റി 300 പേരുടെ പട്ടികയാണ് കമ്മിഷൻ നോക്കിയത്. അതിലും ഭൂരിപക്ഷം ജോസ് വിഭാഗത്തിനായിരുന്നു. തദ്ദേശസ്ഥാപനങ്ങളിലെ അംഗങ്ങളുടെ പട്ടികയിലും ജോസ് വിഭാഗം മേധാവിത്വം പുലർത്തിയപ്പോൾ അംഗീകാരം ജോസ് വിഭാഗത്തിനായി.അടുത്ത തെരഞ്ഞെടുപ്പിന് മുൻപ് തെരെഞ്ഞെടുപ്പുകമ്മിഷന്റെ .വിധി തിരുത്താനായില്ലങ്കിൽ ജോസഫ് വിഭാഗം ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധി നേരിടേണ്ടിവരും .